Monday 8 March 2021

വിനുവിനെ കുറിച്ചുള്ള ഓർമ്മകൾ

 


എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം. 


ഇപ്പോൾ  മാർച്ച് ഒൻപതാം തീയ്യതി 12:12 AM,  എട്ടാം തീയ്യതി തീർന്നിട്ട് അധികനേരം ആയിട്ടില്ല,

രാവിലെ (08 നു) ഗോപാലകൃഷ്ണൻ whatsapp ൽ പകർന്നു  നല്കിയ വിനുവിന്റെ ഫോട്ടോ കണ്ടായിരുന്നു ദിവസത്തിന്റെ തുടക്കം.

തീരെ നടുക്കുന്ന വാർത്ത തന്നെയായിരുന്നു. വിനു യാത്രയായിരിക്കുന്നു. 

കുറച്ചു ഓർമ്മകൾ പങ്കുവയ്ക്കാതെ ഉറങ്ങാൻ കഴിയില്ല.

 ഓർമ്മ വച്ച നാളുകൾ മുതൽ കളിക്കൂട്ടുകാരായിയിരുന്നു വിനുവും ആളിന്റെ ജ്യേഷ്ഠൻ വിനോദും. വീടുകൾ തമ്മിലും അധികം ദൂരമില്ല. പഠിച്ചത് രണ്ടു സ്കൂളുകളിൽ ആണെങ്കിലും ട്യൂഷൻ ഒരിടത്ത് തന്നെ, അങ്ങിനെയും അടുത്ത ഇടപെടലുകൾ. വളരെ വൃത്തിയായി ബുക്കും പുസ്തകവും സൂക്ഷിയ്ക്കുന്ന സ്വഭാവക്കാർ ആയിരുന്നു രണ്ടു പേരും.     വിനു വിന്റെ ജ്യേഷ്ഠൻ പഠിച്ച പുസ്തകങ്ങൾ എനിക്കു പഠിക്കാൻ തരും, അതിനു ശേഷം ഞാൻ ആ പുസ്തകങ്ങൾ തന്നത് പോലെ തിരിച്ചു വിനുവിന് പഠിക്കാൻ കൊടുക്കണം. പക്ഷേ എന്റെ കയ്യില് കിട്ടുന്ന പുസ്തകങ്ങൾ ഞാൻ എത്രത്തോളം വൃത്തിയായി സൂക്ഷിച്ചു എന്നറിയില്ല, പക്ഷേ ആ  ആചാരം അധികനാൾ നീണ്ടുപോയില്ല, കാരണം പുസ്തകം വൃത്തിയായി തിരിച്ചു  കൊടുക്കാൻ കഴിയുന്നതിൽ ഞാൻ പരാജയപ്പെട്ടിരുന്നു.

                വളരെ അധ്വാനികളായ  അച്ഛന്റെയും അപ്പൂപ്പന്റെയും പാരമ്പര്യം തുടർന്ന കുട്ടികളായിരുന്നു രണ്ടുപേരും. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ ഞങ്ങളുടെ ഏരിയയിൽ  അതിമനോഹരമായ ഒരു ആധുനിക വീടിന്റെയും, അതിനോടു ചേർന്നു എന്തും വിളയിക്കുന്ന കൃഷി ഭൂമിയുടെയും ഉടമയായിരുന്നു  മുരളി മാമൻ. നമ്മുടെ ഗ്രാമീണ ജീവിതത്തിൽ അച്ഛനോളമോ അമ്മയോളമോ പ്രായമുള്ളവരെയെല്ലാം ബഹുമാനപൂർവ്വം വിളിക്കുക മാമൻ എന്നാണല്ലോ.  സ്കൂളിൽ ആയിരുന്നു മുരളി മാമന് ജോലി. പെൻഷൻ ആകുംമുന്നേ ഈ ലോകത്തോട് മുരളിമാമൻ വിടപറയും മുന്നേ തന്നെ  ആ ജോലി വിനുവിനുകിട്ടിയിരുന്നു. അങ്ങിനെ നല്ലരീതിയിൽ തന്നെ കഴിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴും കണ്ടിരുന്നു.     ജീവിത ശൈലി രോഗങ്ങൾ വിനുവിനെ കീഴടക്കാൻ തുടങ്ങി, അങ്ങിനെ പതിയെ പതിയെ പ്രശ്നം രൂക്ഷമായി ആളും യാത്രയായി. 

               വിനു ഈ ലോകത്തുനിന്നും യാത്രയാകുമ്പോൾ അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിക്ക് അച്ഛൻ നഷ്ടമായിരിക്കുന്നു. മാതാ പിതാക്കൾ നഷ്ടപ്പെടുമ്പോഴുള്ള വേദന അതിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ മനസിലാവുകയുള്ളൂ. അതും ചെറിയ വയസ്സിലെ തന്നെ നഷ്ടപ്പെടുമ്പോൾ....ജീവിതത്തിലുടനീളം ഉണ്ടാകുന്ന  നഷ്ടം......   അറിയില്ലാ,   എന്നേ പറയാനാകൂ,  കാരണം,   ആ  അവസ്ഥകളിൽ കൂടിയൊന്നും ഞാൻ കടന്നു പോയിട്ടില്ല.  ഇന്ന്  നമുക്ക് ഓരോ തീരുമാനങ്ങൾ എടുക്കുന്നതിന്നുമുള്ള ധൈര്യം പരോക്ഷമായിട്ടെങ്കിലും കിട്ടുന്നത്  അവരൊക്കെ ജീവനോടെ ഇരിക്കുന്നത് കൊണ്ടാകും.

              വിനുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടു, വിനുവിന്റെ മകനും ഭാര്യക്കും ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ എന്നു പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു.  നന്ദി. 

No comments:

Post a Comment