Saturday 12 March 2016

തിരുവനന്തപുരം - പാലക്കാട് - തൃശൂര്‍ - എറണാകുളം - കോലഞ്ചേരി - തിരുവനന്തപുരം



സമയം 
Trivandrum 23/10/14   21: 30
Palakkadu   24/10/14  05;00

പ്രിയ ബന്ധുജനങ്ങള്‍ക്ക്  ഹൃദയം നിറഞ്ഞ നമസ്കാരം.!!!
             അവധിക്കാലത്ത്‌  നടത്തിയ ഒരു നീണ്ട യാത്രയെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നതിനോടൊപ്പം, പിന്നീടു എനിക്ക് തന്നെ ആ നല്ല നാളുകളുടെ ഓര്‍മകളിലേക്ക് ഒന്നിറങ്ങി അന്വേഷിക്കനുമായി ഇതിവിടെ എഴുതുന്നു.
     കുറച്ചു കാര്യങ്ങള്‍  വ്യക്തമായി അറിയാനും പഠിക്കാനുമായി ഒരാഴ്ചത്തേക്ക്  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസാന സമയത്തെ തിരക്കുകളെ തുടര്‍ന്ന് അഞ്ചു ദിവസമായി ചുരുക്കുകയും എന്നാല്‍ കുറച്ചുകൂടി പരിപാടികള്‍ അതോടൊപ്പം ചേര്‍ക്കുകയുംയിരുന്നു ഈ യാത്രയില്‍.
     അഞ്ചു മുണ്ടും  അഞ്ചു ഷര്‍ട്ടും അനുബന്ധ അത്യാവശ്യ സാമഗ്രികളുമായി യാത്രയ്ക്കിറങ്ങി. വേഷം മുണ്ട് തിരഞ്ഞെടുത്തപ്പോള്‍ തന്നെ പലരും  '' അതൊന്നുകൂടി ചിന്തിക്കേണ്ടതില്ലേ ''എന്നോര്‍മിപ്പിച്ചു. കാരണം ഇന്ന് രണ്ടു മൊബൈലുകളും  ബാങ്ക് കാര്‍ഡുകളുമായി നടക്കുന്ന സമൂഹത്തിനു  '' മുണ്ടുടക്കാന്‍ സമയമില്ലാത്തത് ''  കൊണ്ടാണ്   മുണ്ടുകള്‍,  ട്രൌസേര്സ് കള്‍ക്കു വഴിമാറികൊടുതത് എന്നും തോനുന്നു.  പൊതുവേ ദൂരയാത്രകള്‍ക്ക്  അതിന്‍റെതായ ബുദ്ധിമുട്ടുകളും കാണുന്നു.  ഇതിവിടെ പറയാന്‍ കാരണം മുണ്ടുടുക്കുന്നവരുടെ എണ്ണം ഇന്ന് ഗണ്യമായി കുറഞ്ഞുവരുന്നു എന്നുള്ള സത്യം ഓര്‍ക്കുകയാണ്.  അര നിക്കറുകള്‍  ഫാഷനായപ്പോള്‍  കൈലി മുണ്ട് ഉടുക്കുന്ന യുവജനങ്ങളുടെ എണ്ണവും കുറഞ്ഞു. മാറുന്ന കാലാവസ്ഥയ്ക്ക്  പ്രതികൂല വസ്ത്രങ്ങള്‍ വെറും ഫാഷന്റെ പേരില്‍ മാത്രം തിരഞ്ഞെടുത്തപ്പോള്‍ അതും പൂര്‍ണമായി.  പണ്ട് നിക്കറില്‍ നിന്നും മാറി ഒരു കൈലി മുണ്ട് ഉടുക്കാന്‍ കൊതിക്കുന്ന ബാല്യങ്ങളായിരുന്നു. ഇന്നു  ഒരു കൊച്ചു ബര്‍മുഡ ഇടാന്‍ ആഗ്രഹിക്കുന്ന വാര്ധക്യങ്ങളും.

 
       
                      2014 ഒക്ടോബര്‍ മാസം 23- തീയ്യതി രാത്രി ഒന്‍പതു മുപ്പതിനുള്ള സ്റ്റാര്‍ ലൈന്‍ എന്ന ദീര്‍ഖദൂരയാത്രാ ബസില്‍   തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകലാലയത്തിന്റെ  മുന്‍പില്‍ നിന്നും  ആരംഭിച്ച യാത്ര 24  തീയ്യതി  രാവിലെ അഞ്ചു മണിയോടുകൂടി, പറഞ്ഞിരുന്നതിലും നേരത്തെ തന്നെ അവിടെ എത്തപ്പെട്ടു.   അവിടെ നിന്നും പോകേണ്ടത് തത്തമംഗലത്തേക്ക്.  പറഞ്ഞു തന്ന വഴി പിന്തുടര്‍ന്ന് ബസുകള്‍ കയറിയിറങ്ങി ഒടുവില്‍ കാത്തുനിന്ന സന്തോഷ്‌ ചേട്ടായിയെ കണ്ടെത്തി.  പിന്നെ കാറില്‍ തത്ത മംഗലത്തിന്റെ  ചരിത്രകഥകള്‍ പറയുന്ന   ക്ഷേത്രാചാരപരമായും തേരോട്ട സംബന്ധമായുമുള്ള കാഴ്ച കളിലൂടെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക്.
                  ''സന്തോഷ്‌ ഒളിമ്പസ് ''  എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.  മനസിനെ അതിന്‍റെ കഴിവുകള്‍ മുഴുവനായും പ്രയോജനപ്പെടുത്തി ജീവിതത്തില്‍  നന്മയുടെ പാതയില്‍ സഞ്ചരിച്ചു പ്രകൃതിയുമായി കഴിയുന്നിടത്തോളം ഇണങ്ങി അതിന്‍റെ സംഗീതമാസ്വദിച്ചു  അതേ താളത്തില്‍  ജീവിത താളത്തെ ക്രമപ്പെടുത്തി അതുമായി  ഇഴുകി ചേര്‍ന്ന് ജീവിക്കുമ്പോള്‍ മനുഷ്യനുണ്ടാകുന്ന പ്രകൃതിദത്തമായി കൈവരുന്ന രോഗ പ്രതിരോധശേഷിയും, സ്വതന്തമായി ചിന്തിക്കാനുള്ള കഴിവും, സമാധാനവും കൈവരിക്കാന്‍ പ്രപ്തരാക്കുകയും, ദൈനം  ദിന ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന ചെയ്തുകൂടയ്മകളെയും നമുക്ക് കാട്ടിത്തന്നു, അതിന്‍റെ ഗുണദോഷങ്ങള്‍ മനസിലാക്കിക്കാനും,  ഒടുവില്‍  പ്രസവം പോലും പ്രകൃതി ജീവനത്തിലൂടെ വേദനരഹിതവും ആയാസരഹിതവും എന്നാല്‍ ആരോഗ്യപരവുമാക്കാം  എന്ന് തന്‍റെ  ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ മത വര്‍ഗ രാഷ്ട്രീയ ഭേദമെന്ന്യേ  സമൂഹത്തിനെ അറിയിക്കാനും മനസിലാക്കിക്കാനും ശ്രമിക്കുന്ന വ്യക്തിയാണ്, എന്ന് പറയുമ്പോഴും   ഇതു വളരെ ചെറുതായുള്ള ഒരു പരിചയപ്പെടുത്തല്‍ മാത്രമാണ്.
         
                        പണ്ടുകാലം മുതലേ ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു, ഈ പള്ളിക്കൂടത്തില്‍  പഠിപ്പിക്കുന്നത്‌ മുഴുവനും ജീവിതത്തിനു വേണ്ടുന്നത് തന്നെയാണോ, എന്ന്?  ഇപ്പോള്‍ മനസിലായി   വിദ്യാഭ്യാസത്തിലൂടെ നന്മ നിറഞ്ഞ തലമുറകളെ ജീവിതത്തില്‍ സന്തോഷമായി ജീവിക്കാനും ജീവിതമാസ്വദിക്കാനും, പരസ്പരം തെറ്റ് കുറ്റങ്ങള്‍ മനസിലാക്കി, അന്ന്യന്റെ  ബലഹീനത അറിഞ്ഞു സഹായിക്കനുമൊക്കെയുള്ള മനുഷ്യത്വ ചിന്താഗതികള്‍ ഗുരുവില്‍ നിന്നും പഠിച്ചു വിദ്യ അഭ്യസിച്ചിരുന്ന ഗുരു കുല  സമ്പ്രദായത്തെ പാടെ തുടച്ചു നീക്കി, പുതിയ വിദ്യാ   ആഭാസ  സംവിധാനം നമ്മളിലേക്ക് അടിചെല്പ്പിച്ചിട്ടു  വെള്ളക്കാര്‍ പോയിട്ട് അര ശതാബ്ദത്തോളം കഴിഞ്ഞെങ്കിലും മാറി മാറി വന്ന നമ്മുടെ ഭരണ കൂടങ്ങള്‍ക്ക്, പഠന പദ്ധതിയില്‍ ജീവിതത്തിനു ആവശ്യമുള്ളത് ഏത്  എന്നും,  വേണ്ടാത്തത് ഏതെന്നും തിരിച്ചറിയാനുള്ള ബോധമില്ലാതെ വന്നപ്പോള്‍ അല്ലങ്കില്‍ അതില്‍ വലിയ നേട്ടങ്ങള്‍ ഒന്നും കാണുന്നില്ല , എന്നുള്ളതുകൊണ്ട് മാത്രം അന്നും ഇന്നും ഒരുപോലെ തുടരുകയും ചെയ്യുന്ന വ്യവസ്ഥിതിക്കു ഒരു പരിഹാരമായി കുറച്ചു കുടുംബങ്ങള്‍ ചേര്‍ന്നുള്ള കംമ്യുനല്‍ ആയി നടത്തി കൊണ്ട് പോകുന്ന പാഠശാലയാണ്  ''ടെമ്പില്‍ ഫോര്‍ ലേനിംഗ്''.   എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് അതാതു പ്രായത്തില്‍ അറിയേണ്ടുന്ന കാര്യങ്ങള്‍ മാത്രം അറിയിക്കാനും,  എന്നാല്‍ അവര്‍ക്ക് സ്വതന്ത്രമായി ചിന്തിച്ചു പ്രകൃതിയില്‍ നിന്ന് തന്നെ കാര്യങ്ങള്‍ മനസിലാക്കാനും,  അവരുടെ സര്‍ഗശേഷിയെയും  കര്‍മ്മ ശേഷിയും പരമാവധി പ്രയോജനപ്പെടുത്താനും ഉള്ള പാഠങ്ങളാണ് അവര്‍ക്ക് പകര്‍ന്നു കൊടുക്കുക. അതോടൊപ്പം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനുള്ള അവസരവും, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകള്‍ പഠിക്കാനുള്ള അവസരവും ഒരുക്കുന്നു. ( ഇതിനെക്കുറിച്ചും വിശദമായി അറിയാന്‍ സമയം അനുവദിച്ചില്ല)

                     അങ്ങിനെ രാവിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തി. കുളിയെല്ലാം കഴിഞ്ഞു.  പൊന്നി ഒളിമ്പസ് എന്ന അദ്ദേഹത്തിന്‍റെ  വാമഭാഗം  അവിടെ ഇല്ലാത്തതിനാല്‍  പ്രഭാത ഭക്ഷണം അടുത്തുള്ള ചായ പീടികയില്‍ നിന്നും. തമിഴിന്റെ ചെവയുള്ള നല്ല ഇഡ്ഡലിയും  സാമ്പാറും പിന്നെ  ചമ്മന്തിപൊടിയും, ചായയും  വല്ലാത്തൊരു അനുഭവമായിരുന്നു.  തെക്കന്‍ ജില്ലകളില്‍ കിട്ടിയിരുന്ന ഇഡ്ഡലി ക്കുഞ്ഞുങ്ങളുടെ അമ്മയെ പാലക്കാടുനിന്നും കിട്ടിയപ്പോള്‍ നല്ല രുചി തോന്നി, വലിപ്പവും നന്നായുണ്ടായിരുന്നെങ്കിലും ഏഴെ ട്ടെണ്ണം പോയതറിഞ്ഞില്ല..
                    ഒരു വിവാഹത്തില്‍ ചേട്ടായിക്ക് പങ്കെടുക്കെണ്ടുന്നതിനെ കുറിച്ച് കേട്ടിരുന്നു. പക്ഷേ അത് ഞാന്‍ ചെന്ന ദിവസമാണ് എന്നറിയുന്നത് അവിടെ ചെന്നപ്പോഴാണ്. നേരത്തെ പറഞ്ഞ പൊന്നിയുടെ അനുജത്തിയുടെ വിവാഹം. കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു അത്.  നേരെ അവിടെയെത്തി  പരിചയപ്പെടലുകള്‍ പുതിയ സൌഹൃദങ്ങള്‍ ജീവിതത്തെ വ്യക്തമായി മനസിലാക്കിയ ഒട്ടനവധിപ്പെരുമായുള്ള സംഗമം,  വളരെ സന്തോഷം തോന്നി.
     
                  കോഴിക്കോടുനിന്നും വന്ന വരന്‍റെ സംഘം ഒരു ദീര്‍ഖ ദൂര യാത്രയ്ക്കുശേഷം അവിടെ എത്തിച്ചേര്‍ന്നു. രണ്ടുഭാഗതുമുള്ള ആളുകള്‍ക്കും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ എനിക്കും കിട്ടി ഒരു ബന്ധുവിന്‍റെ പരിഗണന. വിവാഹശേഷമുള്ള  പാലക്കാടന്‍ സദ്യയും നന്നായിരുന്നു.
   
                ഒരു  ക്ഷേത്രത്തിനോട്  ചേര്‍ന്നുള്ളതും  വളരെയധികം  വിവാഹങ്ങള്‍  നടക്കുന്നതുമായ  സ്ഥലമായിരുന്നു  അത്.  അവിടെ ശ്രദ്ടിക്കപ്പെട്ട മറ്റൊരു കാര്യം  കഥകളി പരിശീലിപ്പിക്കുന്നതയിരുന്നു. കുറച്ചു കുടുംബങ്ങള്‍ കുട്ടികളെ സ്കൂള്‍ യുവജനോത്സവത്തിനു പങ്കെടിപ്പിക്കാനായി കഥകളി പഠിക്കാന്‍ വന്നതായിരുന്നു. എല്ലാം മത്സരമാണ്‌, കുട്ടികളെക്കാള്‍ കൂടുതല്‍ ഇത്തരം കലാപരപടികളില്‍ ഏര്‍പ്പെടുന്നത്  രക്ഷാകര്‍ത്താക്കളാണ് എന്നിരിക്കിലും  അതുകൊണ്ടെങ്കിലും ഈ കഥകളി അറിയപ്പെടട്ടെ എന്ന നന്മയില്‍ സമാധാനിച്ചു.  വൈകുന്നേരം നാലുമണിക്ക് ശേഷമാണു വധൂ സമേധനായ വരന്‍റെ മടക്കയാത്ര, ഉത്തരവാദിത്വപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന സന്തോഷേട്ടന്റെ ഭാഗം അതിനുശേഷമാണ് അവിടെ പൂര്‍ണമാവുക.
                   നേരത്തെ ഉള്ള ഒരാഗ്രഹമായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുവായ  മണി ചേട്ടനെ കാണുക എന്നുള്ള  ദൌത്യം.  പ്രകൃതിയുടെ നിയമവും ആ കൂടിക്കാഴ്ചയ്ക്ക് അനുകൂലമായപ്പോള്‍ പാലക്കാടിന്‍റെ ഉള്‍ഗ്രാമ നിരത്തുകളിലൂടെ അവിടേക്ക് യാത്രയായി.  ചൂച്ചയും ആന്റപ്പനും അടങ്ങുന്ന ചേട്ടന്റെ കുടുംബത്തോടൊപ്പം  സുഹൃത്ത് മണികണ്ഠന്‍ ചേട്ടനുമായി ഞങ്ങള്‍ അവിടെയെത്തി.  യോഗാചാര്യനായ അദ്ദേഹം നടത്തുന്ന ഗുരുകുലമാണ്  സദ്ഗുരു യോഗാശ്രമം.   കുട്ടികള്‍ക്കായി ഒരു അനാഥാലയവും നടത്തുന്നുന്ടെന്നറിഞ്ഞു .  അത് വേറെ സ്ഥലത്താണ്.  ഞായറാഴ്ചകളില്‍ സൗജന്യമായി  യോഗാസന പരിശീലനവും നല്‍കി വരുന്നു. ഒരു ആറിന്റെ തീരത്തുള്ള ഈ ആശ്രമം തികച്ചും ശാന്തമായതും ധ്യനനിരതരാവുന്നവര്‍ക്ക്  തികച്ചും അനുഗ്രഹവുമാണ്.  ഇവിടയും അദ്ദേഹത്തെ കുറിച്ചുള്ള എന്‍റെ അറിവുകള്‍ പരിമിതമാണ്.
                    തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന്  പുറത്തുനിന്നും ഭക്ഷണം കഴിച്ചു വീട്ടിലെത്തി.  രാത്രിയില്‍  സന്തോഷേട്ടന്റെ നേതൃത്വത്തില്‍  ഒളിമ്പസ്  രൂപകല്‍പ്പന ചെയ്തെടുത്ത  ''വിശ്വവന്ദനവും''   '' ബന്ധുത്വമനനവും''  ഒപ്പം കുറച്ചു യോഗാസനങ്ങളും ചേര്‍ത്തിണക്കി പ്രകൃതിയുടെ താളത്തിനനുസരിച്ച്  മനുഷ്യന്‍റെ താളലയങ്ങളെ  ഒരുമിപ്പിയ്ക്കുന്ന ഒരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു. ശരീരത്തിനും മനസിനും നന്നായി വ്യായാമം കിട്ടിന്നതിനോപ്പം  ഉപബോധമാനസിനെ തികച്ചും ശക്തമാക്കി ഉറപ്പിക്കുന്ന ആ  പ്രാര്‍ത്ഥനാ പരിപാടി ഏറെ  നന്നായിരുന്നു. ഒപ്പം  കൂടാന്‍ രണ്ടു ബന്ധുക്കള്‍ കൂടി ഉണ്ടായപ്പോള്‍ തികച്ചും ഊര്‍ജ്ജസ്വലമായ അനുഭവം തന്നയായിരുന്നു അത്. (നിര്‍ഭാഗ്യവശാല്‍ ഒരു ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞിരുന്ന എനിക്ക് ശാരീരികമായിയുള്ള വ്യായമങ്ങളില്‍ നിന്നും  ഭാഗികമായി മാറിനില്‍ക്കേണ്ടി വന്നു.) അതിനുശേഷമുള്ള ചര്‍ച്ചകള്‍ക്കും  മറ്റും ശേഷം ഏറെ   വൈകി ഉറങ്ങാനായി പോയി.
                     രാവിലെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷമുള്ള പ്രഭാത ഭക്ഷണം വളരെ ഇഷ്ടമായി, കഞ്ഞിയും  ചെറു പയറും ഇഞ്ചിപ്പുളിയും, എനിക്കേറെ ഇഷ്ടപ്പെട്ട വിഭവങ്ങളാണ് ഇതെങ്കിലും, ഇത് തികച്ചും വ്യത്യസ്തമായിരുന്നു.  കാരണം വെള്ളം കുറവുള്ള കഞ്ഞി, ഒരു പ്രത്യേക തരം പാലക്കാടന്‍ അരി,  മണ്‍കലത്തില്‍ പാകം ചെയ്ത വിഭവങ്ങള്‍, അതുകൊണ്ട് തന്നെയായിരിക്കണം  രുചിയിലുള്ള വ്യത്യാസവും. ഒരു നേരം മാത്രമാണ് അവിടുന്ന് കഴിക്കാന്‍ കഴിഞ്ഞത് എന്നുള്ളത് ഒരു പരിമിതിയായി അവശേഷിച്ചു.
                      സന്തോഷേട്ടന്‍ തൃശൂര്‍ പോകുന്ന വഴിക്ക് പാലക്കാട്ടേക്ക് പോകാനായി എന്നെ വഴിയിലാക്കി. അവിടെ നിന്നും നേരെ പാലക്കാട്,  പാലക്കാട് ഒരു ചെറിയ കണ്ടുമുട്ടല്‍ കൂടി ഉണ്ടായിരുന്നു.   സുഹൃത്ത് ബന്ധുവായ സൂര്യാ.   സൂര്യയെക്കുറിച്ച്  അധികമൊന്നും പറയാനില്ലങ്കിലും ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ ആയി അറിയപ്പെടാനാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.  അധികം സമയം അവിടെ ചിലവഴിക്കാന്‍ രണ്ടള്‍ക്കുമില്ലാത്തതു കൊണ്ട്  ഒരു ആദ്യ കൂടിക്കാഴ്ച എന്നാ നിലയില്‍ ഒതുക്കി അത്.  പാലക്കാട് നിന്നും ഒരു ബാഗും വാങ്ങി,  സൂര്യയെയും  യാത്രയാക്കി. പാലക്കാട് നിന്നും നേരെ എറണാകുളം, ഒരു തമിഴ്നാട് ബസ്  കിട്ടി. പാലക്കാടിന്‍റെ നെല്‍പ്പാടങ്ങളും ആസ്വദിച്ചു കൊണ്ട് അതിനു നടുവിലൂടെയുള്ള റോഡില്‍ കൂടിയുള്ള യാത്രയില്‍ ചില ചിത്രങ്ങള്‍ പകര്‍ത്താനും മറന്നില്ല.
                          സന്ധ്യാസമയത് എറണാകുളത്ത് എത്തി. സുഹൃത്ത് ബന്ധുവായ  ശ്രീമാന്‍ ജോമോന്‍ അവിടെ താമസസൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഫ്ലാറ്റിലെത്തി  തത്ക്കാലം ക്ഷീണം മാറ്റി പുറത്തേയ്ക്ക് പോയി വന്നു. ഏറനാകുളത്തപ്പന്റെ  മണ്ണില്‍ നിന്നും വളരെ യടുത്തുള്ള അദ്ദേഹത്തിന്‍റെ സങ്കേതം വളരെ ഇഷ്ടമായി.   ബിസിനെസ്സിന്റെ തിരക്കില്‍ ജോമോന്‍ മറന്നുപോയ പലകാര്യങ്ങളും ഓര്‍മിപ്പിക്കാനുള്ള നിമിത്തമായി ഞാന്‍ മാറുകയും, നേരത്തെ തന്നെ നിരവധി തവണ ഫോണില്‍ കൂടിയും മറ്റും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട  ഞങ്ങള്‍ക്ക് നിരവധി അറിവുകള്‍ പരസ്പരം പങ്കുവയ്ക്കുവനുള്ള അവസരമായി മാറി അത്.  വളരെയധികം സന്തോഷം തോന്നി.  പിറ്റേ ദിവസം രാവിലെ ഏറണാകുളത്തപ്പ  ദര്‍ശനവും കഴിഞ്ഞു നേരെ  വടക്കുംനാഥന്റെ മണ്ണിലേക്ക്.......


                      ജോമോന്‍  ഓഫീസിലേക്കും  ഞാന്‍ തൃശൂര്‍ക്കും.  തൃശൂര്‍ വളരെ പ്രധാനമായ ഒരു വിശേഷമുണ്ട്.  അവിടെ കുട്ടംകുളങ്ങര എന്ന ഗ്രാമത്തിലെ  വള്ളിശ്ശേരി  എന്ന സ്ഥലത്ത്  മധു എന്ന് പേരായ ഒരു ചേട്ടനുണ്ട്.  അദ്ദേഹം  അവിടെ പരിസരത്തുള്ള കുറച്ചു കുട്ടികളെയും ചേര്‍ത്ത് '' ഗ്രീന്‍ കിഡ്സ്‌'' എന്ന പേരില്‍ ഒരു സംഘടന ഉണ്ടാക്കി,  ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും കൂടിയുള്ള പൂര്‍ണ പിന്‍തുണയും കൂടി കിട്ടിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി.  പ്രകൃതി സംരക്ഷണവും, അച്ചടക്കവും നന്മ നിറഞ്ഞ ശീലങ്ങളുമുള്ള സമൂഹമായി കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള പ്രാരംഭ പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്.    ഞായറാഴ്ച ദിവസങ്ങളില്‍ വെയില്‍ താഴ്ന ശേഷം   പൊതു സ്ഥലങ്ങളിലും അടുത്തുള്ള വീടുകളിലും അടുത്ത ഗ്രാമങ്ങളിലുമായി വൃക്ഷ തൈകള്‍ നടാന്‍ ഇറങ്ങുന്നു.  ഓരോ വീടുകളിലും പോയി വീടുകരോട്  '' ഒരു തൈ വച്ചോട്ടെ ''  എന്ന് അനുവാദം വാങ്ങി, അതിന്‍റെ സംരക്ഷണ ചുമതലയും വെള്ളം ഒഴിക്കുന്നതും പറഞ്ഞു മനസിലാക്കി കുഴിയെടുത്ത ശേഷം അവര്‍ക്ക് തന്നെ നടാനുള്ള അവസരവും കൊടുക്കുന്നു. .  ഇതിനിടയില്‍  വളര്‍ച്ചയുടെ ഘട്ടങ്ങള്‍ നിരീക്ഷിക്കാനായി  ഒരന്വേഷണവും നടത്താറുണ്ട് ഇവര്‍.  പതിനഞ്ചിനും ഇരുപതിനും ഇടയില്‍ അംഗങ്ങളുള്ള ഈ കൂട്ടായ്മയിലെ അംഗങ്ങളുടെ പ്രായം  യു കെ ജി  മുതല്‍ പ്ലസ്‌ റ്റു (  4 മുതല്‍  17 വയസുവരെ) വരെയെന്നുള്ളത് കൌതുകമുനര്തുന്നതാണ്.  അതില്‍ നാലു വയസുകാരനായ ന്‍റെ പ്രകടനം മനോഹരമായിരുന്നു. കൂട്ടായ്മയുടെ രക്ഷാധികാരിയായി     നിലകൊള്ളുന്നു.
                        ആദ്യകാലങ്ങളില്‍  സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി തൈകള്‍ വാങ്ങി നടുകയും, അതിനു ശേഷം  സന്മാനസുള്ളവരുടെ കാരുണ്യത്തിന്റെ ഭാഗമായി തൈകള്‍ വാങ്ങി നട്ട് കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ''ഗ്രീന്‍ വയിന്‍ ''   എന്ന സംഖടന ഇവര്‍ക്ക് സൌജന്യമായി തൈകള്‍ എത്തിച്ചു കൊടുക്കുന്നു.  ഇപ്പോള്‍  രണ്ടായിരത്തില്‍പരം വൃക്ഷ തൈകള്‍ നാടിന്‍റെ വിവിധ ഭാഗങ്ങളിലായി നാട്ടുകഴിഞ്ഞ ഇവര്‍ക്ക് നിരവധി അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.
                      അങ്ങിനെ മധു ചേട്ടന്റെ നിര്‍ദേശപ്രകാരം ബസുകള്‍ കയറി അവരുടെ ഗ്രാമത്തില്‍ എത്തിയപ്പോള്‍ എന്നെ കൂട്ടിക്കൊണ്ടു പോകാനായി ബൈക്കുമായി ആളെത്തി.  വീട്ടിലെത്തിയപ്പോള്‍ ഞായറാഴ്ചയായതിനാല്‍  കുട്ടി കൂട്ടം  തയ്യാറാണ്.
                    ഇവരെ കണ്ടറിഞ്ഞതുമുതല്‍ ഫോണില്‍ സംസാരിച്ചു ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. അപ്പോള്‍ തീരുമാനിച്ചതാണ് ഒരവസരം കിട്ടുമെങ്കില്‍ ഞാന്‍ വന്നു കാണാം എന്ന്.  ഭൂരിഭാഗം കുട്ടികളെയും കാണാന്‍ കഴിഞ്ഞു. . കുട്ടികളോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുള്ള ഒരവസരവും ഉണ്ടായിരുന്നു.  ഇവരെ കാണാനെത്തുന്ന  ചുരുക്കം ചിലരില്‍ ഒരാളായി ഞാനും മാറിയപ്പോള്‍ വളരെ സന്തോഷം തോന്നി. അങ്ങിനെ പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുറച്ചു പേരെക്കൂടി കാണാന്‍ കഴിഞ്ഞു. മധു ചേട്ടനുമായുള്ള ചെറിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു മറ്റു കാര്യങ്ങള്‍.
https://www.facebook.com/photo.php?fbid=1490847784531087&set=pcb.1490856781196854&type=3&theater                   

                   അതിനു ശേഷമായിരുന്നു മര്‍മ്മപ്രധാനമായ മറ്റൊരു കാര്യം,   അവരെ കാണാനെത്തിയ ഞാന്‍ ഒരു മരം അവിടെ നടണമത്രേ. സമ്മതിച്ചു,   കുട്ടി കൂട്ടവും മധു ചേട്ടനും കൂടി കുഴിയെടുത്തു ,   ഒരു പ്ലാവ് മരത്തിന്‍റെ  തൈ  അവരുടെ വീട്ടിനു മുന്നിലായി നിരത്തില്‍ നട്ടൂ. സംരക്ഷണ വലയവും തീര്‍ത്തു, വെള്ളവുമൊഴിച്ചു.

      ശേഷം  പ്രകൃതിജീവനത്തിന്റെ ഭാഗമായുള്ള ഊണും വളരെ ഇഷ്ടമായി.
                      അല്‍പസമയത്തെ വിശ്രമത്തിന് ശേഷം അവിടെ നിന്നും യാത്രപറഞ്ഞിറങ്ങി. ബസ് സ്റ്റോപ്പ്‌ വരെ മധു ചേട്ടന്‍ കൊണ്ട് വിട്ടു.    ഞാന്‍ എറണാകുളതേക്കും കുട്ടികളും മധുചേട്ടനും തൈകള്‍ നടാന്‍ അടുത്ത ഗ്രാമത്തിലേക്കും.       വളരെയധികം സന്തോഷം തോന്നിയിരുന്നു.എങ്കിലും ഉള്ളില്‍ നിന്നും ഒരു ചോദ്യം അങ്ങിനെ നിഴലിച്ചു. തൃശൂര്‍ വന്നു തൈകള്‍ നടുന്നതിനെ കുറിച്ചറിഞ്ഞു. ഒരു തൈ നട്ടുകൊണ്ട്  അതിന്‍റെ ഭാഗമാകാനും കഴിഞ്ഞു.  നാട്ടില്‍ ചെന്നിട്ടു വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ടു എന്തെങ്കിലും ചെയ്യണം എന്ന തോന്നല്‍ ഉണ്ടായിക്കൊണ്ടിരുന്നു.



https://www.facebook.com/permalink.php?story_fbid=1595244374091427&id=100008176386463
               
തൃശൂര്‍ നിന്നും രാത്രിയായി തിരിച്ചപ്പോള്‍ ട്രെയിനില്‍ എറണാകുളത്തേക്ക്. ജനറല്‍ കംപാര്‍ട്ട്മെന്റില്‍  തിരക്കിനിടയില്‍ എങ്ങിനെയെങ്കിലും ഒന്നു കയറിപ്പറ്റി.  യാത്ര തുടരുന്നു. ചര്‍ച്ചകള്‍ തുടരുന്നു....ട്രെയിന്‍ സൌത്തില്‍ നിര്‍ത്തുമോ? നോര്‍ത്തില്‍ പോകുമോ?  വളരെ കാലത്തിനു ശേഷം യാത്ര ചെയ്യുന്ന എനിക്ക് യാതൊരു അഭിപ്രായവുമില്ല.   വണ്ടി സ്ടീഷനുകള്‍ പിന്നിടുന്നു.  എന്നോട് കുശല അന്വേഷണം നടത്തിയ ഒരു മനുഷ്യന്‍. അദ്ദേഹം എറണാകുളത്ത്  ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു.  എന്നോട് അദ്ദേഹം എന്താണ് ജോലി എന്ന് ചോദിച്ചു , ഉത്തരം പറഞ്ഞു . ഇടവേളകള്‍ക്ക് ശേഷം ചോദിക്കുന്നു  ഏത്  സ്ഥലത്താണ് എന്ന്.  ഞാന്‍ സത്യം പറഞ്ഞപ്പോള്‍ ഒരു വല്ലാത്ത നോട്ടമോക്കെ നോക്കി അങ്ങിനെ നിന്നിട്ട് ചോദിക്കുന്നു,  ലണ്ടനിലാനങ്കില്‍ നിങ്ങള്‍ എന്തിനാണ് ഈ തിരക്കിനിടയില്‍ യാത്ര ചെയ്യുന്നത്? അതും ഇത്രയും സിമ്പിളായ വേഷവുമായി?  ട്രാന്‍സ്പോര്‍ട്ട് വോള്‍വോ ബസുകള്‍ ഉണ്ടായിരുന്നല്ലോ?  എന്നൊക്കെ പറയുന്നു.   ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ഞാന്‍ അങ്ങിനെ വോല്‍വോയിലും മറ്റും കയറി പോയാല്‍ എനിക്ക് ഈ ജെനറല്‍ കാമ്പര്‍ത്മെന്റിലെ ആളുകളുടെ യാത്രയിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസിലാക്കാന്‍ കഴിയുമോ? സാധാരണക്കാരന്റെ ജീവിതം മനസിലാക്കാന്‍ കഴിയുമോ?   ഇതൊക്കെ മനസിലാക്കാനും കണ്ടു പഠിക്കാനുമുള്ള  എളുപ്പ മാര്‍ഗമാണ് ഈ സിമ്പിളായ വേഷവും ഇതിലുള്ള യാത്രയും. ( പിന്നെയും നോക്കുന്നു )   അടുത്ത ചോദ്യം?    എഴുതുകരനാണോ? ഞാന്‍ പറഞ്ഞു:   അല്ല,   പക്ഷേ അത്യാവശ്യം എഴുത്തും.             ആ ആള്‍ :   എന്താണ് ?   ഞാന്‍ പറഞ്ഞു: ലേഖനങ്ങള്‍, ആ ആള്‍ :  എന്താണ് വിഷയം ?  ഞാന്‍ പറഞ്ഞു :  ജീവിതം. പിന്നെ അതിനെക്കുറിച്ചായി ചര്‍ച്ചകള്‍.  രണ്ടു പെണ്‍കുട്ടികളുടെ അച്ഛനും ഇപ്പോള്‍ ഒരു കുഞ്ഞപ്പൂപ്പനുമായ അദ്ദേഹത്തിനും പറയാനുണ്ടായിരുന്നു ഏറെ  കാര്യങ്ങള്‍.                                  
                     ഫാഷന്റെ പിറകെ പോകുന്ന വസ്ത്രധാരണ രീതിയെക്കുറിച്ചായി പിന്നീടു സംസാരം. ഒപ്പം മുണ്ടുടുക്കുന്നതിലെ ബുദ്ധിമുട്ടുകളും.  ചുരുക്കി പറഞ്ഞാല്‍ ഫാഷന്‍ എന്നുള്ളത് വസ്ത്രധാരണത്തിന്റെ അവസാന വാക്കായി മാറി.     പ്രത്യേകിച്ചും  ചെറിയ കുട്ടികള്‍ക്ക്  തുണിയെടുക്കാന്‍ പോകുമ്പോള്‍ അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ അവസരം കൊടുക്കുന്നതോടൊപ്പം  അവര്‍ തിരഞ്ഞെടുക്കുന്നതിലുള്ള കുറവുകള്‍ കൂടി  പറഞ്ഞു കൊടുത്തു മന്സിലാക്കിച്ചാല്‍  അവര്‍ക്ക് അതിന്‍റെ പോരായ്മകള്‍ മനസിലാകും.  ആകാരവടിവ് പുറത്തു കാണിക്കുന്നതാകരുത് വസ്ത്രങ്ങള്‍  ആണിനായാലും  പെണ്ണിനായാലും.  ഇറുകിയ വസ്ത്രങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും നന്നല്ല എന്നറിയാമെങ്കില്‍ കൂടി  '' എന്നെ ശ്രദ്ടിക്കപ്പെടാന്‍ ഏതു  വിധേനയും അവസരമൊരുക്കുക''  എന്നുള്ള തീരുമാനത്തില്‍ എത്തിനില്‍ക്കുന്നവരോടു നമുക്കൊന്നും പറയാനില്ല. അവര്‍ക്ക് വ്യക്തമായ മറുപടിയുണ്ട്.  ''  ഇതാണ് ഇപ്പോഴത്തെ ഫാഷന്‍''.  ഒരു കാര്യം കൂടി സൂചിപ്പിക്കാം,   മറ്റുള്ളവരില്‍ കഴിയുന്നതും അസൂയ ജനിപ്പിക്കാന്‍ കഴിയുന്നതാകരുത് നമ്മുടെ ഓരോ പ്രവൃത്തികളും. എന്നാല്‍ നമുക്കും മാന്യമായി സമൂഹത്തില്‍ ജീവിക്കാനും കഴിയണം.  വളരെ സന്തോഷത്തോടുകൂടി എറണാകുളം ജംഗ്ഷന്‍ ല്‍ നിന്നും യാത്രപറഞ്ഞ്‌പിരിയുമ്പോള്‍  സന്തോഷവാന്മാരയിരുന്നു  ഞങ്ങള്‍.
                       തിരിച്ചു ഫ്ലാറ്റില്‍ എത്തി.   വീണ്ടും ജോമോനുമായുള്ള  ചര്‍ച്ചകള്‍ തുടരുന്നു.  അന്നത്തെ ദിവസവും കഴിയുന്നു. അടുത്ത ദിവസം രാവിലെയുള്ള കൂടി കാഴ്ച ശ്രീമാന്‍ ഉദയ് പൈ ജീയു മായാണ്.
                       രാവിലെ തന്നെ പുറപ്പെട്ടു. അവിടെ നിന്നും നടന്നു പാകാനുള്ള ദൂരം മാത്രമാണ് പക്ഷേ വഴി തെറ്റി. പിന്നെ ഓട്ടോ വേണ്ടി വന്നു.  എന്നെയും കാത്തു അവിടെ നില്‍പ്പുണ്ട് ആളു.   ഒരു ജേര്‍ണലിസ്റ്റ് ആയ അദ്ദേഹം  ഒരു വിദേശ പത്രമാധ്യമത്തിനു വേണ്ടി എഴുതുന്നു. വളരെയധികം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം, ഒരു സമ്മര്‍ദ്ദ രഹിത ജീവിതം നയിക്കുന്നതില്‍ ഉപദേഷ്ടാവായും വര്‍ത്തിക്കുന്നു.  അതിനോടൊപ്പം നമ്മുടെ പൂര്‍വികര്‍ നമുക്കായി നീണ്ടനാളത്തെ അധ്വാനത്തിന് ശേഷം കണ്ടെത്തിയ  ജീവിത വിജയത്തിനായും അവനവനെ നന്നായി അടുത്തറിയാനുമുള്ള  അന്നേകം കാര്യങ്ങള്‍ നമുക്ക് ലേഖനങ്ങളായി നല്‍കുന്നതും അദ്ദേഹത്തിന്‍റെ സംഭാവനയാണ്.    മനസിന്റെ തരംഗ ദൈര്‍ഖ്യങ്ങള്‍ തമ്മിലുള്ള അടുപ്പം കാരണം  പല കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ചകള്‍ ചെയ്തിട്ടുണ്ട്. അങ്ങിനെ നാട്ടിലേക്ക് വരുമ്പോള്‍ കാണാം എന്ന് തീരുമാനിച്ചിരുന്നതായിരുന്നു.
                         കുറച്ചു സമയത്തെ ചര്‍ച്ചകള്‍ക്ക്  ശേഷം ഞങ്ങള്‍ തത്ക്കാലം അവസാനിപ്പിച്ചു.  അദ്ദേഹത്തിന് ബാങ്കില്‍ വരെ പോകേണ്ടത് കൊണ്ട് ഞങ്ങള്‍ ഒരുമിച്ചു ബാങ്കില്‍ പോയി തിരിച്ചു വന്നപ്പോഴേക്കും  ഊണിനും സമയമായി.  തികച്ചും സസ്യേതരമായ ആഹാരം എനിക്ക് വളരെ ഇഷ്ടമായി. കറികള്‍ എന്താന്നോര്‍മയില്ല  ഒരു കല്ലുകൊണ്ടുനിര്‍മിതമായ  പാത്രത്തില്‍ തയ്യാറാക്കിയ ഒഴിച്ചു കഴിക്കാനുള്ള കറി വളരെ ശ്രദ്ദേയമായി. വ്യത്യസ്ത മായ ആഹാര രീതികളില്‍ കുറച്ചെങ്കിലും ബുദ്ധിമുട്ട് തോന്നിയത് ചൈനീസ് ആഹരങ്ങളോട് മാത്രമാണ്. ഇപ്പോള്‍ അതും പരിഹരിച്ചു വരുന്നു. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. യാത്ര പറഞ്ഞു അവിടുന്നും ഇറങ്ങി.
                         ജോമോന്‍ ഓഫീസില്‍ പോയി. ഞാന്‍  മറൈന്‍ ഡ്രൈവില്‍ യാത്ര ബോട്ടുകളില്‍ കയറി കുറച്ചു സമയം കായല്‍ ഭംഗിയും ആസ്വദിച്ചു. വൈകുന്നേരം ജോമോനൊപ്പം ഫ്ലാറ്റില്‍ തിരിച്ചെത്തി. നാട്ടില്‍ വന്നശേഷം ഒരു വര്‍ക്കല സന്ദര്‍ശനം കൂടി ജോമോനോടൊപ്പം  നടത്തിയിരുന്നു.  ഇന്നിപ്പോള്‍ ജോമോനോട് യാത്ര പറയുകയാണ്. ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.
                         നേരെ ബേസിലിന്‍റെ അടുത്തേക്ക്.  അതെ ''ബേസില്‍'', വര്‍ഷങ്ങള്‍ക്കുമുന്‍പ്  സോമതീരം ബീച്ച് റിസോര്‍ട്ട് ചൊവ്വര, കോവളം, അവിടെ ഞാന്‍ ജോലി നോക്കുന്ന സമയത്തുള്ള പരിചയമാണ്. ഇപ്പോള്‍ അദ്ദേഹം  ഈസ്ടേന്‍ ( EASTERN )  കമ്പനിയില്‍ ജോലി നോക്കുന്നു. വൈകുന്നേരം ജോലി കഴിഞ്ഞു ആളെത്തി. കണ്ടു, നേരെ റൂമിലേക്ക്‌.   അവിടെ വളരെയധികം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.  ജോലിചെയ്യുന്നവരും, ജോലി തേടി വന്നവരും, പഠിക്കുന്നവരും, പരീക്ഷകള്‍ക്ക് വന്നവരും,   ആകെ ഒരു മേളം പിന്നെ   കഥകളും പാട്ടും ഒക്കെയായി അന്നത്തെ ദിവസവും കഴിഞ്ഞു.
                       പിറ്റേ ദിവസം രാവിലെ  ബേസിലിനോട് യാത്രയും പറഞ്ഞിറങ്ങി നേരെ  കോലഞ്ചേരിയിലേക്ക്.  അവിടെ നമ്മുടെ ഒരു ജ്യേഷ്ഠത്തിയുടെ  മകള്‍,  ജിനിതപ്രമോദ് നെ കാണണം.  വര്‍ഷങ്ങളേറെയായി    ഞാന്‍ കണ്ടിട്ട്.  ആ കുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവന്നത് ഇവിടയാണ്.  അങ്ങിനെ അത് കൂടി ഈ യാത്രയോടൊപ്പം കൂട്ടി ചേര്‍ക്കപ്പെട്ടു, അല്ലങ്കില്‍ ഒരു പക്ഷേ ആ കൂടി കാഴ്ച നടക്കുമായിരുന്നില്ല.  വളരെ മനോഹരമായ സ്ഥലം. കൃഷി മുഖ്യ ആദയമാക്കിയതാണ് മിക്ക കുടുംബങ്ങളും എന്ന് തോനുന്നു.  വീട്ടില്‍ എത്തി സംസാരം തുടര്‍ന്നപ്പോഴാണ്  നേരത്തെ തന്നെ വരേണ്ടിയിരുന്നതും  കുറച്ചധികം സമയം ചിലവഴിക്കേണ്ടതുമായ ഒരു സ്ഥലമായിരുന്നു അത് എന്ന് ബോധ്യപ്പെട്ടത്. കരണം അവിടെ പ്രായം കൊണ്ടും അറിവുകൊണ്ടും ഒരു വലിയ മനുഷ്യന്‍ ഉണ്ടായിരുന്നു. ശ്രീമാന്‍ പ്രമോദിന്റെ അച്ഛന്‍ . ചെറിയ പ്രായത്തില്‍ ആശാന്‍ പള്ളിക്കൂടത്തില്‍ പഠിപ്പിച്ച  നീതിസരവാക്യങ്ങളും  അതിന്‍റെ വ്യക്തമായ മലയാള വ്യാഖ്യാനവും  ചേര്‍ത്ത്   അവതരിപ്പിക്കുമ്പോള്‍  ഓര്‍മശക്തിയും  അവതരണ ശൈലിയും അതിലെ വ്യക്തതയും അറിവും തികച്ചും വര്‍ണനാതീതം  തന്നെ.  പക്ഷേ കൂടുതല്‍ ചിലവിടാന്‍ സമയക്കുറവ് അനുവദിച്ചില്ല എന്ന് മാത്രം. അത്യാവശ്യം കുശലാന്വേഷണത്തിന്  ശേഷം യാത്രപരഞ്ഞിറങ്ങുംപോള്‍  നിര്‍ദേശം വൈറ്റില വഴി തിരിച്ചു പോകാന്‍.  പക്ഷേ കാടും മലയും പുഴയുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ തിരഞ്ഞെടുത്തത് മൂവാറ്റുപുഴ വഴിയുള്ള യാത്ര.  അത് മറ്റുചില വഴിതിരിവുകള്‍ക്കും കാരണമായി.
                         നേരെ മൂവാറ്റുപുഴ അവിടെ നിന്നും കോട്ടയം  കോട്ടയത്ത് നിന്നും ഒരു ഡീലക്സ്  ബസ് കിട്ടി. അടുത്തിരുന്നത് ഒരു ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ള പയ്യന്‍. യാത്രാവേളകള്‍ ആനന്തകരമാക്കന്‍  സംസാരിക്കാന്‍ ആരെയെങ്കിലും തേടിയിരിക്കയായിരുന്നു  ആ ആള്‍. ഈശ്വരാ !!!!  നന്നായി.  ഇപ്പോള്‍ ബാനഗ്ലൂരില്‍  എയര്‍ടെല്‍ കസ്റ്റമര്‍ കെയറില്‍ ജോലി നോക്കുന്നു.  ആദ്യമാദ്യമുള്ള തമാശകള്‍ക്ക് ശേഷം,   കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന ആളാണ്‌ അടുത്തിരിക്കുന്നതെന്നറിഞ്ഞപ്പോള്‍  മനസ് തുറന്നു തുടങ്ങി.  രക്തം നന്നായി ഓടിക്കൊണ്ടിരിന്ന  സമയത്ത്  വരും വരാഴികള്‍  ചിന്തിക്കാതെ എടുത്തു ചാടി ഒരു വധശ്രമത്തിനു കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ച രാഷ്ട്രീയം. ഇപ്പോള്‍ ജാമ്യത്തിലാനെങ്കിലും  ജോലിക്ക് പോയാലും ഒരു മനസമാധനവുമില്ല. കൂട്ടുനിന്നവരില്‍ ചിലര്‍  വിദേശങ്ങളിലേക്ക് യാത്രയായിപ്പോയി.  എത്ര കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കരുത് എന്നുള്ള ഭാരത നിയമം അവര്‍ നന്നായി പ്രയോജനപ്പെടുത്തി.     ഇപ്പോള്‍ ഇദ്ദേഹം  ജോലിസ്ഥലത്ത് നിന്നും അവധി ശരിയാക്കി കേസിന് വരുമ്പോള്‍ കേസ് മാറ്റി വയ്ക്കും. ചുരുക്കി പറഞ്ഞാല്‍ വില്ലേജു ഓഫീസിലെ   ''പോക്ക് വരവ് ''   എന്നാ പരിപാടി പോലെ   ''പോക്കും വരവും'' തകൃതിയായി നടക്കുന്നു.  ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലും.  ഞാന്‍ ഇതുമാത്രം പറഞ്ഞു :  കൂടുതല്‍ ഒന്നും പറയാനില്ല, ഒന്നുമാത്രം,  ''ജീവിക്കുന്നത്  ''ആദ്യം''  അവനവനു വേണ്ടി തന്നെയാകണം''. കാരണം നിങ്ങള്‍ മറ്റാര്ക്കെങ്ങിലും വേണ്ടി ജീവിച്ചാല്‍ നിങ്ങളുടെ സുഖവും സന്തോഷവും അവരെ ആശ്രയിച്ചായിരിക്കും.  നിങ്ങളുടെ നിയന്ത്രണം നിങ്ങളറിയാതെ അവരിലും, അത് മതമായാലും രാഷ്ട്രീയമായാലും,   ചെറിയ ബുദ്ധിയില്‍ ചിന്തിക്കുമ്പോള്‍  ''സ്വാര്‍ത്ഥത''  യാണ് എന്ന് തോന്നുമെങ്കിലും.  കുറച്ചു കൂടി വിശാലമായി ചിന്തിക്കാനുള്ള കഴിവുണ്ടെങ്കില്‍ അതാണ് സത്യമെന്ന് മനസിലാകും.    ചെങ്ങനാശ്ശേരിയില്‍ ഇറങ്ങി അദ്ദേഹം യാത്രയായി.
                      ചെങ്ങനാശ്ശേരിയില്‍  നിന്നും കയറിയ  മറ്റൊരു മനുഷ്യന്‍ അടുത്തുവന്നിരുന്നു. ഒരു 48 നും 55 നുമിടയില്‍ പ്രായം മതിക്കുന്ന വ്യക്തി. യാത്ര തുടര്‍ന്നു . പെട്ടെന്നുതന്നെ അടുത്തിരുന്ന ഇദ്ദേഹം ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെയും മുഖ്യ മന്ത്രിയെയുമൊക്കെ  കൈ വിരല്‍ ചൂണ്ടി ക്കൊണ്ട്  ശക്തമായി ആക്ഷേപിച്ചുകൊണ്ട് പ്രഭാഷണം തുടങ്ങി,  വളരെ മോശമായ ഭാഷയില്‍.  എന്‍റെ ഉള്ളിലെ സദാചാര പോലീസ് ഉണര്‍ന്നു എങ്കിലും എന്‍റെ ഉള്ളം കയ്യോളം വലിപ്പമുള്ള അദ്ദേഹത്തിന്‍റെ ചൂണ്ടുവിരലിന്റെ കനവും  ശക്തിമുഴുവനുമെടുത്തു ചൂണ്ടുന്ന പ്രകൃതവും കണ്ടപ്പോള്‍  ഞാന്‍ ഒന്നു സാഹചര്യം പഠിക്കാമെന്ന് വിചാരിച്ചു. ആ വിരല്‍ വച്ചൊരു കുത്തെങ്ങാനും കിട്ടിയാല്‍ ഇപ്പോള്‍ തന്നെ ഒരു ഉഴുച്ചിലും പിഴിച്ചിലും കഴിഞ്ഞിരിക്കുന്ന എന്‍റെ അവസ്ഥ ആലോചിക്കാന്‍ വയ്യ തന്നെ.  ചുറ്റും  നോക്കി പലരും ചെവിയില്‍ സ്റെതസ്കൊപ്പും  വച്ചിരുന്നു മൊബൈലിനെ പരിശോധിക്കയാണ്. ഒന്നും അറിയുന്നും ഇല്ല.  ഭാഗ്യത്തിന് പിന്നിലിരുന്ന ആള്‍ എന്നോട് പറഞ്ഞ തനുസരിച്  മുന്നിലെ സീറ്റില്‍ ഇരിക്കുന്ന കണ്ടക്ടറെ വിളിച്ചറിയിച്ചപ്പോള്‍, അദ്ദേഹം കുറച്ചു കാര്യങ്ങള്‍ പറഞ്ഞു.  സംഭവം നിശബ്ദം.  പുലി പോലെ വന്നത് എലി പോലെ പോയി.  സത്യത്തില്‍ കണ്ടക്ടര്‍ നേരത്തെ തന്നെ ഈ സംഭവം അറിഞ്ഞിരുന്നു. പക്ഷേ തികച്ചും പരിചയ സമ്പന്നനായ അദ്ദേഹം ആരെങ്കിലും ഒന്നു പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. കാരണം കണ്ടക്ടര്‍ നേരിട്ടിടപെട്ടാല്‍ ഒരു പക്ഷേ പ്രതി എങ്ങിനെ പ്രതികരിക്കും എന്നറിയില്ല. പക്ഷേ യാത്രക്കാരില്‍ ഒരാള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന് ധൈര്യമായി ഇടപെടാം എന്നായി.
                         അടൂര്‍ ആയപോള്‍ അദ്ദേഹവും ഇറങ്ങി. കണ്ടക്ടരോടൊപ്പം ഇരുന്ന ജോസഫ്‌ മാഷ്  എന്‍റെ അടുത്തേക്ക് വന്നു. അപ്പോഴാണ് അറിയുന്നത്  ഇതെല്ലാം തന്‍റെ റിയര്‍ വ്യു മിററിലൂടെ ( rear view mirror ) കാണുകയായിരുന്നു അദ്ദേഹം എന്ന്.  അതെ ജോസഫ്‌ മാഷ്.   മൂവാറ്റുപുഴ സ്വദേശിയായ അദ്ദേഹം ഹെഡ് മാസ്റര്‍ ആയി പെന്‍ഷന്‍ പറ്റി ഇപ്പോള്‍ ഓള്‍ കേരള പെന്‍ഷന്‍ കാരുടെ ഒരു കൂടിച്ചേരലില്‍ പങ്കെടുക്കുവാന്‍ തലസ്ഥാനത്തേക്ക് പോകുന്ന വഴിയാണ്. വിശ്രമകാലം ചിലവഴിക്കുന്ന മാഷ് തന്‍റെ കഥകളും പറഞ്ഞു തുടങ്ങി. വിശ്രമ  കാലം  ചിലവഴിയ്ക്കുന്നതിനോടൊപ്പം  ജോസഫ്‌  മാഷ്   ചില  കരകൌശല  വസ്തുക്കളുടെ  നിര്‍മ്മാണവും  നടത്തും. അങ്ങിനെ  നിര്‍മ്മിച്ച  ഒരു  മണി പേര്‍സിന്റെ  ഉള്ളിലുള്ള  കണ്ണാടിയാണ്  പിറകിലുള്ള  വിശേഷങ്ങള്‍  കാണുവാനായി  ജോസഫ്‌  മാഷ്  ഉപയോഗിച്ചു   എന്ന്  മുകളില്‍  പറഞ്ഞത്.
                 മൂന്നു  പെണ്‍കുട്ടികള്‍ ഒന്നു UK യില്‍ ഒന്നു US ല്‍ ഒന്നു ഡല്‍ഹിയില്‍.  അദ്ദേഹവും   ഭാര്യയും ലോകം ചുറ്റിയും  കേരളത്തിലുമായി കഴിയുന്നു. സംസാരത്തിലെ മനുഷ്യത്വം തിരിച്ചറിഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന ലേഖനങ്ങളുടെ പ്രിന്‍റ്കള്‍  മാഷിനു കൈമാറി. ഒപ്പം പുതിയ കുറെ അറിവുകളും പകര്‍ന്നു കിട്ടി. ബസിന്‍റെ മുന്‍പില്‍ സൈഡ് തരാതെ പോകുന്ന മാരുതികാറിനെ  കണ്ടപ്പോഴുള്ള മാഷിന്റെ അഭിപ്രായം എനിക്കും ചില സ്ഥലങ്ങളില്‍ പ്രയോഗിക്കാന്‍ പറ്റി.
                      നമ്മള്‍ വാഹനം  ഓടിക്കുമ്പോള്‍  അത്യാവശ്യമില്ലാത്ത കര്യത്തിനാണെങ്കില്‍ പോലും  മറ്റുള്ള വാഹനങ്ങള്‍ക്ക്  ഇടം കൊടുക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്നത് നല്ലതല്ല.  ''എനിക്ക് മുന്നിട്ടു പോകണമെന്ന'' വാശിയില്‍ റോഡിന്‍റെ നടുക്ക് സമയം പാഴക്കി അവരേ  ബുദ്ധിമുട്ടിക്കയാണ്.  അത് ബസ് പോലുള്ള വലിയ വാഹനങ്ങളെ ആകുമ്പോള്‍ എത്ര ആളുകളയാണ് ഒരു കാരണവുമില്ലാതെ നമ്മള്‍ താമസിപ്പിക്കുന്നത് എന്നാലോചിച്ചു നോക്കൂ.  ഒന്നുകില്‍  പിറകില്‍  വരുന്ന  വാഹനങ്ങള്‍ക്ക്  ബുധിമുട്ടുണ്ടാക്കാതെ  വേഗതയില്‍  പോവുക  അല്ലങ്കില്‍  അവരെ  പോകാന്‍  അനുവദിക്കുക.

                   തിരുവനന്തപുരത്തെത്തി. ഇനി  ഇന്ന്  തിരിച്ചുള്ള  യാത്ര  കുറച്ചു  ബുദ്ധിമുട്ടാകും. നാളത്തേക്ക്  മാറ്റി  യാത്ര.

                   വീട്ടില്‍  തിരിച്ചത്തിയപ്പോള്‍  തൃശ്ശൂരിലെ  സംഭവം  മനസിനെ  വളരെ  സ്വാധീനിച്ചു. അവിടെ പോയി  ഒരു  മരം  വച്ചു, പക്ഷെ  നമ്മുടെ  നാട്ടില്‍  വച്ചില്ലല്ലോ  എന്നുള്ള  ഒരു  സംഗതി ...നേരെ അച്ഛനെയും കൂട്ടി  വെട്ടിയ്ക്കവലയിലേക്ക്  പോയി.   ശ്രീകുട്ടനും  ഉണ്ടായിരുന്നു  കൂട്ടിന്‌ .  അവിടെ    കൃഷി  വകുപ്പിന്റെ  ഒരു  സ്ഥാപനമുണ്ട്  അവിടെ നിന്നും  കുറെ  വൃക്ഷ തൈകളും, വേപ്പിന്‍  തൈകളും   മറ്റു  ഫല വര്‍ഗങ്ങളുടെ  വിത്തുകളും  വാങ്ങി  ഒഴിവുള്ള  ഇടങ്ങളിലോക്കെ  നട്ടു.
                     കുറച്ചു  കൂടി  പരിപാടി  വിപുലമാകണം  എന്ന്  തോന്നി   അങ്ങിനെ  പഠിച്ച  സ്കൂളില്‍  പോയി  പ്രിന്‍സിപലിനെ കണ്ടു( ഗവര്‍ന്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍  തേവന്നൂര്‍).  ഇങ്ങനെ  ഒരാഗ്രഹം  അവരെ  അറിയിച്ചപ്പോള്‍  രണ്ടു കയ്യും  നീട്ടി  സ്വീകരിക്കാന്‍  തയ്യാറായി .  ലീന ടീച്ചര്‍ക്കും  കൂട്ടര്‍ക്കും  അതിനുള്ള   പ്രത്യേക  നന്ദിയും  ഈ  അവസരത്തില്‍  അറിയിക്കുന്നു. കുറച്ചു  ദിവസങ്ങള്‍ക്കു  ശേഷം  വീണ്ടും  വേപ്പിന്‍  തൈകളുമായി  സ്കൂളിലെത്തി  അവര്‍ക്കത്‌  കൈമാറി.
                    ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കയിരുന്നു   സംരക്ഷണ  ചുമതല. അവര്‍ അതിനെ  കഴിയുന്നിടത്തോളം  നന്നായി  പരിപാലിച്ചു, കുറച്ചുണങ്ങി  പോയെങ്കിലും  ബാക്കിയുള്ളവ  നന്നായി  വളര്‍ന്നു  നില്‍ക്കുന്നു  എന്നറിഞ്ഞു.  കുട്ടികള്‍ക്കുള്ള  പ്രത്യേക നന്ദിയും  അറിയിക്കുന്നു.

                     വളരെ  നാളുകള്‍ക്കു  ശേഷമുള്ള  ഒരു  ഫോണ്‍  സംഭാഷണത്തിലാണ്  അറിയുന്നത്  ഈ  സ്കൂളില്‍  ഒരൊറ്റ  വേപ്പ് മരം പോലും  ഉണ്ടായിരുന്നില്ല  എന്ന വസ്തുത.

                   പ്രൈമറി  ക്ലാസ്സില്‍  പഠിച്ച  സ്കൂളില്‍  ചെന്നപ്പോഴും  അവരും  പൂര്‍ണ്ണ  സഹകരണം   അറിയിച്ചുവെങ്കിലും  ഒരു  കഥകൂടി  പറയുകയുണ്ടായി.  ഇങ്ങനെയാണ്  സംഭവം
                 ഒരു  കുട്ടിയുടെ  രക്ഷകര്‍ത്താക്കള്‍  ഒരു  അത്തി  മരം  സ്കൂളിനു  കൊടുത്തുവത്രേ.   അത്  അവിടെ  നട്ടു  വെള്ളവും  വളവുമൊക്കെ  നല്‍കി  ഒരു വിധം  വളര്‍ന്നപ്പോള്‍  ആരോ  അതിനെ  പിഴുതുകൊണ്ടു പോയി. ഒരു  അദ്ധ്യാപിക  വളരെ  വിഷമത്തോടെ  ഇതവതരിച്ചപ്പോള്‍  വിഷമം  തോന്നി,  പക്ഷെ  അവരോടു  പറഞ്ഞതും, എന്തായാലും  അതിനെ  അവിടെ നിന്നും  നീക്കിയവര്‍  അത്  കൊണ്ടുപോവുക തന്നെ  ചെയ്തു. അത്  നന്നായി, കാരണം  അത്  അവരുടെ  പുരയിടത്തില്‍  വളര്‍ത്തും.  നമ്മളെ  സംബന്ധിച്ച്  ഇത്  ഈ  പള്ളിക്കൂഅങ്കണത്തില്‍  തന്നെ  വളരുകയാണെങ്കില്‍  വളരെ  സന്തോഷം, അതല്ല അതിനനുവദിക്കാതെ  മറ്റെവിടയെങ്കിലും  വളരണം  എന്ന്  മറ്റുള്ളവര്‍  തീരുമാനിച്ചാല്‍  അതും  നല്ലത്.  ഇത്  ഈ  ഭൂമിയില്‍  വളരണം  അതാണ്  നമ്മുടെ  മുഖ്യമായ  ആഗ്രഹം.

                      അടുത്ത  പ്രാവശ്യം  കുറച്ചു കൂടി  ഈ  പരിപാടി  മറ്റു സ്കൂളുകളിലേക്കും  വ്യാപിപ്പിക്കാനും  ഉദ്ദേശിക്കുന്നു.

                        സത്യത്തില്‍  ഈ  ഒരു  സംഭവത്തിന്‌  പ്രേരകമായത്  തൃശ്ശൂരിലെ  മധു ചേട്ടനും  കുട്ടികളുമാണ് എന്നുള്ളതാണ്   വസ്തുത.

                        കഴിഞ്ഞ  ഒരു വര്‍ഷമായി  എഴുതി  തുടങ്ങിയെങ്കിലും  ഇപ്പോഴാണ്  തീര്‍ക്കാന്‍  കഴിഞ്ഞതും, അതിനും  കാരണമായത്‌  മധു ചേട്ടന്‍ തന്നെ.  നമ്മുടെ  പ്ലാവിന്റെ  വളര്‍ച്ചയും  തന്റെ  പുത്രിയുടെ  വളര്‍ച്ചയും  താരതമ്മ്യപ്പെടുത്തികൊണ്ടുള്ള  ഒരു  പോസ്റ്റ്‌  കണ്ടപ്പോഴാണ്  ഇനിയും  ഇത്  പ്രസിദ്ധീകരിക്കാന്‍  വൈകിക്കൂടാ  എന്ന്  തീരുമാനിച്ചത്.
 .
                        ഒരു  കാര്യം കൂടി  ബോധിപ്പിക്കാനുള്ളത്  നിങ്ങളില്‍  പലരും  വിദേശങ്ങളിലും  സ്വദേശങ്ങളിലും  സൈനിക  വിഭാഗത്തി ലുമൊക്കെ ജോലി നോക്കുന്നവര്‍  ഉണ്ടാകും, ഇനി  നിങ്ങള്‍  നാട്ടില്‍  പോകുമ്പോള്‍  നിങ്ങള്‍  പഠിച്ച  സ്കൂലുകളിലോക്കെ  ഒന്ന്  പോവുക, പ്രത്യേകിച്ചും  ഗവര്‍ന്മെന്റ്  സ്കൂളുകള്‍  അവിടുത്തെ  കാര്യങ്ങളൊക്കെ  ഒന്ന്  നിരീക്ഷിക്കുക. മരങ്ങള്‍  വച്ച് പിടിപ്പിക്കുവാനും  മറ്റും  അവസരങ്ങള്‍ ഉണ്ടെങ്കില്‍  അവരുമായി  ഒന്ന്  സംസാരിക്കുക. സ്കൂള്‍ അന്തരീക്ഷത്തില്‍  വളരെ അത്യാവശ്യമായവയാണ്  വേപ്പ്  മരങ്ങള്‍. വായു  ശുധീകരണത്തില്‍  വേപ്പ്  വളരെയധികം  സഹായിക്കുന്നു. പല  സ്കൂളുകളിലും  വേപ്പ്  മരങ്ങള്‍  ഇല്ല  എന്ന്  തോനുന്നു. പത്ത് മൂട്  വേപ്പിന്‍  തൈകള്‍  വാങ്ങി  നല്‍കിയാലും  വളരെ  തുച്ചമായ  ചെലവ് മാത്രമാണ്  വരുന്നത്.  എത്രയോ  പണമാണ്  നമ്മള്‍  വേണ്ടുന്നതിനും  വേണ്ടാത്തതിനും   ചെലവാക്കുന്നത്.

                              ഈ  വിദ്യാലയ സന്ദര്‍ശനത്തിലൂടെ   നിങ്ങളുടെ പഴയ  ഓര്‍മകളിലേക്ക്  പോകാനുള്ള  അവസരവും  അതോടൊപ്പം  പ്രകൃതി  സംരക്ഷണവും,  ഈ  കഥകള്‍  നിങ്ങളുടെ കുട്ടികളോട്  നാളെ  പറയുമ്പോള്‍  അവരിലും ഇത്തരം  ചിന്തകള്‍  ഉണര്‍ത്തുവാനുള്ള  പ്രചോദനവുമായി  മാറുമ്പോള്‍  അഭിമാനത്തോടു കൂടി  പറയാം . ഇന്നലെ  ''എന്റെ  അച്ഛന്‍ കൊണ്ട  വെയിലിന്റെ  ഫലമാണ്  ഇന്ന് ഞാന്‍  അനുഭവിക്കുന്ന  തണല്‍, നാളെ  എന്റെ  അടുത്ത  തലമുറയ്ക്കായി ഇത്രയും  ചെയ്യാന്‍  കഴിയുന്നത്‌ നമ്മുടെ   ഭാഗ്യം നമ്മുടെ  കടമ.'' ഇതാകട്ടെ   ഓരോരുത്തരുടെയും  ചിന്തകള്‍....

                             എല്ലാവര്ക്കും  നന്മകള്‍  നേര്‍ന്നുകൊണ്ട്  നന്ദി  നമസ്കാരം.