Wednesday 18 March 2015

ഭൂമിയില്‍ തൊടാതെ നടക്കുന്ന പരിഷ്കൃത സമൂഹം

                                                                             



പ്രിയ ബന്ധുവിന് നമസ്കാരം,

                    കാലങ്ങള്‍ കടന്നുപോയപ്പോള്‍ അനുകരണങ്ങളും വൃത്തിയും വെടിപ്പുമൊക്കെ കൂടിയപ്പോള്‍ നമ്മില്‍ നിന്നും അകന്നു പോയ കുറേ കാര്യങ്ങളുണ്ട്. അതില്‍ പലതും അന്നത്തെ ജീവിതത്തിന്റെ ഭാഗമായി നമ്മള്‍ അറിയാതെ ചെയ്തു പോയതായിരുന്നു. അന്നൊന്നും അതിന്റെ പ്രയോജനത്തെപ്പറ്റി സാധാരണ ജനം ചിന്തിച്ചിരുന്നില്ല. ഇന്ന് നമ്മുടെ സാങ്കേതിക വിദ്യകള്‍ പലതും അവസരങ്ങളും നഷ്ടപ്പെടുത്തി. എന്നാലും മനസ്സുവച്ചാല്‍ ഇന്ന് പലതും നമുക്ക് ചെയ്യാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുപോലും ചെയ്യാത്തവയുമാണ്‌.

                  ആരോ പറഞ്ഞ ഒരു കഥ കേള്‍ക്കുകയുണ്ടായി. കിണറ്റിലേക്ക് ഇറങ്ങിയ ഒരാള്‍ക്ക് ശ്വാസതടസം ഉണ്ടായപ്പോള്‍ ഒരു വഴിപോക്കന്റെ നേതൃത്വത്തില്‍ ഒരു കുട തൊട്ടിക്കു പകരം കെട്ടി, കിണറ്റിലിറക്കി ആട്ടിയത്രേ. അയാള്‍ക്ക് ആശ്വാസമായി.

                  നമ്മള്‍ ഉപയോഗിച്ചിരുന്ന കയറും കപ്പിയും തൊട്ടിയുമടങ്ങുന്ന ഒരു വ്യവസ്ഥയിലൂടെ ചലനമില്ലാതെ കിടക്കുന്ന വെള്ളത്തിന്‌ ചലനവും ഒപ്പം വായുസഞ്ചാരവും നല്‍കുന്നതായിരുന്നു അത്. സൂര്യപ്രകാശം എത്താത്ത കിണറുകളും വായുസഞ്ചരമില്ലാത്ത കിണറിലെ വെള്ളത്തിന്റെയും ദൂഷ്യങ്ങള്‍ നമ്മളെ ചെറിയ തോതിലെ ബാധിരുന്നുവെങ്കിലും തുടര്‍ന്നുള്ള സാങ്കേതിക വിദ്യകള്‍ ബാധിച്ചത് അതിലും വിചിത്രമായാണ്.

                  അവധിക്കു പോയപ്പോള്‍ കുറെ വീടുകള്‍ സന്ദര്‍ശിച്ചു. പല സ്ഥലങ്ങളിലും ചെരുപ്പ് ഇടാതെ നടക്കാനുള്ള അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം അത് നന്നായി വിനിയോഗിച്ചു. അപ്പോള്‍ കാണുന്ന പലരും ചോദിച്ചു ''ഇത് എന്താ ഇങ്ങനെ എന്ന്?'' തുടര്‍ന്ന് അവര്‍ അവരുടെ കാര്യം ചിന്തിച്ചപ്പോള്‍ പറയുന്നത് എനിക്കുതന്നെ വിശ്വസിക്കാനായില്ല .5 - 10 -15 -20 വര്‍ഷമായി അത്രേ ചെരിപ്പില്ലാതെ നടന്നിട്ട്. അന്ന്വേഷണം കുറച്ചു കൂടി പോയപ്പോള്‍ പലരുടെയും അനുഭവം ശരിയാണ്. അതില്‍ റേഷന്‍ കട മുതലാളി മുതല്‍ റബ്ബര്‍ വെട്ടുകാരനും വരെയുണ്ട്. ഇന്നത്തെ അവസ്ഥ അവര്‍ക്ക് ചെരുപ്പ് ഇല്ലാതെ കാലെടുത്ത് വയ്ക്കാന്‍ പറ്റുന്നില്ലല്ലോ . എന്നുള്ളതാണ്.

                    കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള വീടുകളില്‍ വേര്‍റ്റിഫൈട് ടൈല്‍സ് കളും, അതിലും ചെരിപ്പിടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. കൂടാതെ വീട്ടിന്റെ മുന്‍പില്‍ ഒരു ചെരുപ്പ് അത് മുറ്റത്ത്‌ നടക്കാന്‍, വെളിയില്‍ പോകാന്‍ വേറെയുണ്ട്.

                   കുറച്ചു കൂടി സാമ്പത്തികശേഷിയിലേക്ക് പോയി നോക്കാം. അവിടയും മുകളില്‍ പറഞ്ഞത് കൂടാതെ വീടിനു പിറകില്‍ ഇറങ്ങി നടക്കാന്‍ ഒരു ചെരുപ്പ് കൂടിയുണ്ടാകും. വീടിനു മുറ്റം അലങ്കരിച്ചിരിക്കുന്നത് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ കൊണ്ടാണ്. അതിലും ചെരിപ്പിടാതെ നടക്കാന്‍ വയ്യ കേട്ടോ, അതില്‍ ചെരിപ്പില്ലാതെ നടന്നിട്ട് വലിയ പ്രയോജനവുമില്ല. മുറ്റത്ത്‌ നിന്നും വരുന്ന ചൂട് സഹിക്കാനും കഴിയുന്നില്ല. പിന്നെ മുറ്റം തൂക്കാന്‍ നടുവളയ്ക്കേണ്ട, അതും പ്രയോജനമായിട്ടാണ് സമൂഹം കണക്കാക്കുന്നതും. എന്തരോ എന്തോ???

                    നടത്തം താനേ കുറഞ്ഞു. വാഹനങ്ങള്‍ കൂടി. വീട്ടില്‍ നിന്നും ഇറങ്ങി അമ്പലത്തിലോ പള്ളിയിലോ ഒന്ന് പോകാമെന്ന് കരുതി. അവിടയും വന്നൂല്ലോ വികസനം. ചെരിപ്പില്ലാതയാണ് നടക്കുന്നതെങ്കിലും അതും ഈ സിമന്റ്‌ കട്ടകളില്‍ കൂടിയാണ്. വെയിലിന്റെ ചൂട് കൂടുമ്പോള്‍ ''ദേവാലയ പ്രദക്ഷിണം ശ്രദ്ദയോടെ ചെയ്യണം'' എന്ന് പറഞ്ഞതിന്, ''തറയില്‍ തൊടാതെ ഇത്രനാളും നടന്ന പാദങ്ങള്' '' അനുവദിക്കുന്നില്ല. അവിടയും നമ്മള്‍ നേരിട്ട് ഭൂമിയില്‍ തൊടുന്നുമില്ല. വരുമാനം കുറഞ്ഞ ദേവാലയങ്ങളില്‍ പോലും ഇല്ലാത്ത പണം നാട്ടില്‍ നിന്നും പിരിച്ചുകൂട്ടിയാണ് ഈ സേവനങ്ങള്‍ നടത്തി വരുന്നത്.

                   ഇനി വെറുതെ ഒന്നാലോചിച്ചു നോക്കൂ ചെരിപ്പില്ലാതെ നടന്നിട്ട് എത്ര കാലമായി എന്ന്? നടക്കാറുണ്ടങ്കില്‍ എന്നും നടക്കാറുണ്ടോ? എത്ര നേരം?

                   മുകളില്‍ പറഞ്ഞ ഒരു കാര്യങ്ങളിലും സാധാരണ വ്യക്തിക്ക് ഒരു വിട്ടു വീഴ്ചയും ചെയ്യാന്‍ കഴിയില്ല. പകരം ഒന്ന് ചെയ്യാം. സമയം കിട്ടുമ്പോള്‍ സൗകര്യവും സുരക്ഷിതവുമായ സ്ഥലത്ത് ഭൂമിയെ തൊട്ട് കല്ലിലും മണ്ണിലും ചവിട്ടി കുറച്ചു സമയം നടക്കാം. അതിന്റെ പ്രയോജനങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. നമുക്കിന്നന്യമായ ഈ നഗ്നപാദ നടത്തയും ശുദ്ധവായൂസേവനവും കൊണ്ടാകാം പണ്ട് പറഞ്ഞത് ''നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം'' എന്ന്.

               
പാദങ്ങള്‍ മണ്ണില്‍ നേരിട്ട് തൊട്ടു നടക്കുന്നതുമൂലമുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. പണ്ട് കാലത്ത് നമ്മള്‍ അറിയാതെ ചെയ്തിരുന്നതിന്റെ പ്രയോജനവും, ഇന്നത് ചെയ്യാത്തതിലുള്ള കുറവുകളും നമ്മുടെ സമൂഹത്തിലേക്കു നോക്കിയാല്‍ തന്നെ മനസിലാകും. നമ്മുടെ ചിന്താശേഷി കുറഞ്ഞതിനും, പ്രതികരണ ശേഷി വളരെ വേഗത്തിലായതും, എന്നാല്‍ വേണ്ടിടത്താണോ പ്രതികരിച്ചത് എന്നറിയാത്തതും, ഒക്കെ ഇതിന്റെ കൂടി ഭാഗമാണ്. മുഴുവന്‍ ശരീര ഭാഗങ്ങളെയും നന്നായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ നമ്മുടെ കാല്‍ പാദങ്ങളില്‍ ഉള്ളതായി ചിത്രത്തില്‍ നിന്നും വളരെ വേഗം മനസിലാക്കാം .രണ്ടു പാദങ്ങളും വ്യത്യസ്തമായ ധര്‍മ്മങ്ങളിലാണ്‌ ഉള്ളതെന്നും മനസിലാക്കാം. വിരലുകള്‍ മാത്രം കണക്കിലെടുക്കുമ്പോഴും ഊര്‍ജ്ജവും ഹൃദയ മിടുപ്പും തുലനം ചെയ്യുന്നതും, പഞ്ചസാരയുടെ അളവ് തുലനം ചെയ്യുന്നതും, പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതും, ആകാംഷയും, സന്ധി വേദനകളും കുറയ്ക്കുകയും, ശരീരത്തിലെ അമ്ലഗുണവും ക്ഷാര ഗുണവും വേണ്ട അനുപാതത്തില്‍ നിലനിര്‍ത്തുന്നതിനും ഇത് വളരെയധികം പ്രയോജനം ചെയ്യുന്നു. അതുപോലെ നമ്മുടെ ഉറക്കത്തെ പോലും നഗ്ന പാദ നടത്തം സ്വാധീനിക്കുന്നു എന്ന് വന്നാല്‍ നമ്മള്‍ക്കു തികച്ചും സൗജന്യമായി ലഭിക്കുന്ന ആ സേവനത്തില്‍ നിന്നും എത്രയോ അകലെയാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കല്ലും മണലും ഇടകലര്‍ന്ന പ്രദേശത്ത്കൂടി നടക്കുമ്പോഴാണ് കൂടുതല്‍ സംവേദനം സാധ്യമാകുന്നത്. ആ ഒരു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പരുക്കനായ ചെറിയ മുകുളങ്ങള്‍ ഉള്ള പാദരക്ഷകള്‍ നിലവില്‍ വന്നതും. കാര്യങ്ങള്‍ ഈവന്നകാലത്ത് ആര്‍ക്കും വിരല്‍തുമ്പില്‍ (ഗൂഗിളായ നമഹ, പക്ഷെ ഇത്തിരി ചിന്തിക്കുക കൂടി വേണേ... ) അന്വേഷിക്കവുന്നതല്ലേ ഉള്ളൂ.....പക്ഷെ ''എന്തിനോ വേണ്ടി ഓടുന്ന മനുഷ്യന്‍'' എന്നും ''എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'' എന്ന് പറഞ്ഞ പോലെ തിളച്ചു തല ചൂടായിക്കൊണ്ടേയിരിക്കും. മനസമാധാനമായി ഇത്തിരി ആഹാരം കഴിക്കാന്‍പോലും ടി വി യും ഫോണുകളും അനുവദിക്കുന്നില്ല എന്നതാണ് മറ്റൊരവസ്ഥ. ആര്‍ക്കു നഷ്ടം?....
 


                    50 രൂപ വിലയുള്ള ഐസ്ക്രീമുകള്‍ എത്രയെണ്ണം വാങ്ങാനും കീശയില്‍ കാശുണ്ടായാലും അതില്‍ ഒരെണ്ണമെങ്കിലും ആസ്വദിച്ചു കഴിക്കാന്‍ 10 മിനുട്ട് ചെലവാക്കാനില്ലങ്കില്‍ പിന്നെ എന്തുകാര്യം????

          ഒരു മുന്‍കൂര്‍ ജാമ്യം കൂടി എടുത്തോട്ടെ......

                          ഇങ്ങനെ നടക്കാന്‍ സൌകര്യമില്ലാത്തവര്‍ എന്ത് ചെയ്യണം ? എന്നും , ഇങ്ങനെ ചെയ്യാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റില്ല്യെ ? എന്നും, പിന്നെ നമ്മളെക്കാള്‍ ഉപരി നമ്മുടെ സഹോദരന്റെ ഭാഗം പറയാന്‍ വെമ്പുന്ന ഹൃദയങ്ങളുണ്ട്, ഇത്തരം കാര്യങ്ങളില്‍, അവരുടെ സംശയം രണ്ടു പാദങ്ങളും ഇല്ലാത്തവര്‍ക്ക് ഇതെങ്ങിനെ സാധിക്കും എന്നൊക്കയാണ്. അതിനാല്‍ ദയവു ചെയ്ത് ഇത് മനസിലാക്കാന്‍ ശ്രമിക്കുക. അനുകൂലമാക്കാവുന്ന പരിമിതികളെ കണക്കിലെടുത്ത് നടപ്പിലാക്കുക.

                          വിദേശത്തുള്ളവരുടെ പരിമിതികള്‍ മനസിലാകുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇതിനുള്ള അവസരം വളരെ കുറവാണു ആയതിന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത്യാവശ്യം ശരീരത്തിലുള്ള ഊര്‍ജ്ജം മുകളിലേക്ക് ഒഴുകി ഭൂമിയില്‍ പോകാന്‍ ഞാന്‍ തൊടുന്നത് ഗ്യാസ് റേഡിയേറ്ററിന്റെ ചെമ്പ് കുഴലുകളിലാണ്. വേനല്‍ക്കാലത്ത് കുറച്ചു ചെരിപ്പില്ലാതെ നടക്കാന്‍ കഴിയും. എന്തായാലും നമ്മുടെ നാട്ടില്‍ ചെരിപ്പില്ലാതെ നടന്നപ്പോഴും ശബരിമലയില്‍ ചെരിപ്പില്ലാതെ നടന്നു പോയപ്പോഴും ഒരു അസൌകര്യവും തോന്നിയിരുന്നില്ല. ഒരു പക്ഷെ കുറവുകളെ മനസുകൊണ്ട് ഉള്‍ക്കൊണ്ടതാണോ, എന്നും അറിയില്ല.

                    ചെരുപ്പ് ഉപയോഗിക്കരുത് എന്നല്ല പറയുന്നത്. പക്ഷെ സമയം കിട്ടുമ്പോള്‍ കുറച്ചു നേരം നല്ല തറയില്‍ നടക്കുക. അത്രമാത്രം ... നന്ദി നമസ്കാരം നന്മകള്‍ ഉണ്ടാകട്ടെ...
Picture courtesy, Our hearty thanks to Sudarshanam, The Green Home, The joy of wellness and Google.

Monday 16 March 2015

ആഘോഷങ്ങളും ആര്‍ഭാടങ്ങളും, ഇവിടെ ആര്‍ക്കാണ് നഷ്ടം?


നമസ്തെ പ്രിയ ബന്ധുക്കളെ,
                 നാട്ടില്‍ പോയസമയത്ത് കുറച്ചു വിവാഹങ്ങളില്‍ സംബന്ധിക്കയുണ്ടായി. പൊതുവില്‍ മനസിലാക്കിയ കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കാം എന്ന് കരുതി. ഒരു വിവാഹത്തിന് ബട്ജെറ്റ് തുക കണക്കാക്കി അതില്‍ കുറച്ചു തുകക്കൂടി അധികം ചേര്‍ത്ത് ( ഒന്നിനും ഒരു കുറവും ഉണ്ടാകാതിരിക്കാന്‍) അങ്ങ് മാറ്റിവയ്ക്കുകയാണ് വധു വീട്ടുകാരും വരന്‍ വീട്ടുകാരും. ''എത്ര കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് '' എന്ന് ഇന്ത്യന്‍ ഭരണകൂടം പറയുന്നപോലെ എത്ര തന്നെ സാധനങ്ങള്‍ അധികം വന്നാലും, ആര്‍ക്കും ഒരു കുറവും ഉണ്ടാകരുത്, എന്നുള്ളതാണ്. കൂടുതലും അധികം വരിക ഭക്ഷണ സാധനങ്ങള്‍ ആകും.
പലസ്ഥലങ്ങളിലും കുഴിച്ചുമൂടിയ നിരവധി കണക്കുകള്‍ എല്ലാവര്‍ക്കും പറയാനുണ്ടാകും.

                   അങ്ങിനെ ഒരു വിവാഹത്തിന് കഴിക്കാന്‍ ഇരുന്നിട്ട് അതിന്റെ അവസാനം കാണാം എന്ന് കരുതി. എല്ലാവരുമൊക്കെ എഴുനേറ്റപ്പോള്‍ വിളമ്പുകാര്‍ വന്നു മേശകളില്‍ അധികമുള്ള ഭഷണങ്ങള്‍ എടുത്തുകൊണ്ടു പോകുന്നു. അതില്‍ ഒരാളോട് ഞാന്‍ ചോദിച്ചു ഈ ബാക്കി വന്നത് നിങ്ങള്‍ ഇനി വിളമ്പുമോ? ഉത്തരം ''ഇല്ല'' പിന്നെ എന്ത് ചെയ്യും? ഉത്തരം : അത് വിളമ്പുകാര്‍ കഴിക്കും. ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല. പക്ഷെ എത്ര വിളമ്പുകാര്‍ കഴിച്ചാലും അത് വളരെയധികം അധികം ഉണ്ടാകും എന്നെനിക്കറിയാം.

                 ഇവിടെ ആര്‍ക്കാണ് നഷ്ടം എന്ന് നമ്മള്‍ ആരങ്കിലും ചിന്തിച്ചോ??തുടക്കത്തില്‍ പറഞ്ഞ തുക മുഴുവനായും വിവാഹ ആവശ്യത്തിനായി മാറ്റിവച്ച കുടുംബം. അവര്‍ക്ക് നഷട്മില്ല, കാരണം അവര്‍ തലയ്ക്കുഴിഞ്ഞു മാറ്റി വച്ചതാണ്. പറഞ്ഞുറപ്പിച്ചതനുസരിച്ചു ഭക്ഷണം തയ്യാറാക്കി കൊണ്ട് വന്ന കരാറു കാരന്‍, അയാള്‍ക്കുള്ള മുതലും ലാഭവും എല്ലാം അടങ്ങി കിട്ടി.അയാള്‍ക്കുമില്ല നഷ്ടം.

                 ഇപ്പോഴും മനസിലാകുന്നില്ല ആര്‍ക്കാണ് നഷ്ടം എന്ന്. ഒരു പടി കൂടി കടന്നു ചിന്തിച്ചാല്‍ മനസിലാകും നഷ്ടം ആര്‍ക്കാണ് എന്ന്. ഈ നഷ്ടപ്പെടുത്തുന്ന വിഭവങ്ങള്‍ ഇനി ഈ ഭൂമിയില്‍ ഉണ്ടായി വരാന്‍ എത്ര നാള്‍ വേണ്ടിവരും? ഇതൊക്കെ കൃഷി ചെയ്തു കൊണ്ടുവരാന്‍ ഇന്ന് കര്‍ഷകര്‍ ഉണ്ടോ? കയ്യില്‍ ഇരിക്കുന്ന നോട്ടും പറമ്പില്‍ കുന്നു കൂടി നില്‍ക്കുന്ന റബ്ബര്‍ മരവുമാല്ലതെ എന്താണ് നമ്മുടെ സമ്പത്ത്? വയലുകള്‍ പോലും നികത്തി റബ്ബര്‍ വച്ചില്ലേ? കീടനാശിനികളുടെ അമിത പ്രയോഗമില്ലാത്ത എന്ത് പച്ചക്കറിയാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ നമുക്ക് തരുന്നത്? മൃഗങ്ങള്‍ ആണങ്കില്‍ എത്രനാള്‍ വേണ്ടിവരും പാകമാകാന്‍? അത് പാകം ചെയ്യാന്‍ നഷ്ടപ്പെടുത്തിയ ഊര്‍ജ്ജം, മരമായാലും ഗ്യാസ് ആയാലും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജോലിക്കാര്‍, ഇതൊക്കെ ആര്‍ക്കാണ് നഷ്ടം???

                   ആകെ ഒരാശ്വാസം കിട്ടുക കോഴിയിലാണ്. 37- 45 ദിവസം കൊണ്ട് കോഴി, കോഴിയായി മാറും, അത് മനുഷ്യന്റെ ആയുസ്സും ആരോഗ്യവും എത്ര കുറയ്ക്കുന്നു എന്നത് വേറെ കാര്യം. പക്ഷെ മറ്റു വിഭവങ്ങള്‍ക്ക് നമ്മള്‍ എങ്ങിനെ സമാധാനം കണ്ടെത്തും? അധികം വന്ന ഭക്ഷണം എവിടെയെങ്കിലും കൊടുത്തു ഉപയോഗയോഗ്യമാക്കാം പക്ഷെ അതല്ല ഇതിനു പോം വഴി. അര്‍ത്ഥമില്ലാത്ത അഭിമാനം എന്ന പുറം ചട്ട വലിച്ചൂരി ആര്‍ഭാടം കുറയ്ക്കുക. ആര്‍ക്കാണ്‌ ഇതിനൊക്കെ കഴിയുക എന്നുള്ളതാണ് വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. കാര്യം മനസിലായിയെങ്കില്‍ നിങ്ങളുടെ അനുഭവത്തില്‍ വരുമ്പോള്‍ ഇത്രയും ഓര്‍മയിലിരിക്കട്ടെ. നന്ദി.
NB : ഈ ലേഖനം ഫേസ് ബുക്കില്‍ നിന്നും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുവാന്‍ ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/groups/entekuthikurippukal/?fref=ts

ഫോട്ടോ ഷോപ്പ് ലയെര്‍ കളിലൂടെ മനുഷ്യനെ ഒന്ന് മനസിലാക്കാം....



നമസ്തെ പ്രിയ ബന്ധുക്കളെ,
                ഫോട്ടോ ഷോപ്പിനെ ചെറുതായി ഒന്ന് പരിചയപ്പെട്ടപ്പോള്‍ ശ്രദ്ദിച്ചു തുടങ്ങിയതാണ് ''LAYERS '' നെ ''പൊള്ളയായ ഞാനുമായി'' ഒന്ന് ബന്ധിപ്പിക്കാന്‍. ഫോട്ടോഷോപ്പ് പരിചയമുള്ളവര്‍ക്ക്‌ കുറച്ചുകൂടി എളുപ്പമായിരിക്കും മനസിലാക്കാന്‍.
ചിത്രത്തില്‍ ഏഴ് ലയെറുകള്‍ ഈ ആവശ്യത്തിലേക്കായി ഉപയോഗിച്ചിരിക്കുന്നു. ലയെര്‍ 1- മനുഷ്യന്‍, ലയെര്‍ 2- മതം, ലയെര്‍ 3 - ജ്യാതി, ലയെര്‍ 4 - രാഷ്ട്രീയം , ലയെര്‍ 5 - നാട്, ലയെര്‍ 6- കുടുംബ മഹിമ, ലയെര്‍ 7 - ഞാന്‍.
           
                              ഇതൊക്കെ എന്‍റെ ചിന്താഗതികള്‍ മാത്രമാണ്, കേട്ടോ....
                 അതായത് ഞാന്‍ എന്ന വ്യക്തിയില്‍ നിന്നും, ഞാന്‍ അടിസ്ഥാനപരമായി നിലനില്കേണ്ട ''മനുഷ്യത്വമുള്ള മനുഷ്യന്‍'' എന്ന നിലയിലേക്ക് എത്തുവാന്‍ എന്നില്‍ തടസമായി നില്‍ക്കുന്ന അഞ്ചു ഘടകങ്ങള്‍ ആണ് അതിനിടയിലുള്ളവ. എന്നാല്‍ ഇതെല്ലാം തന്നെ വ്യക്തി ജീവിതത്തില്‍ വരേണ്ടതുമാണ്. പക്ഷെ ഇവിടെ അടിസ്ഥാന പാളിയായ ''മനുഷ്യത്വമുള്ള മനുഷ്യനെന്ന'' എനിക്ക് മുകളില്‍ വരേണ്ടുന്ന മത, രാഷ്ട്രീയ പാളികളില്‍ ചവിട്ടി ഞാന്‍ നില്‍ക്കുമ്പോള്‍ എനിക്കൊരിക്കലും മനുഷ്യനാകാന്‍ കഴിയില്ല, പകരം ഞാന്‍ ആവുക ഒരു പ്രത്യേക മതക്കാരന്‍ എന്നറിയപ്പെടാനോ, ഒരു പ്രത്യേക രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെടാനോ ഒക്കെ ആയിരിക്കും. അതു കഴിഞ്ഞാല്‍ പിന്നെ നാടിന്‍റെ പേര് പറഞ്ഞും , പിന്നെ കുല മഹിമ പറഞ്ഞും ഞാന്‍ പൊള്ളയായി അഭിമാനിക്കും. ചുരുക്കത്തില്‍ എന്നിലെ മനുഷ്യത്വം നശിക്കും. പകരം ആരൊക്കയോ ഊതി വീര്‍പ്പിച്ചു വലുതാക്കിയ ''ഞാന്‍'' അങ്ങിനെ വാഴും. ഇതിന്റെ പരിണത ഫലമാണ്‌ ഇന്ന് ഓരോ മേഖലയിലും നാം നിരന്തരം കണ്ടു കൊണ്ടിരിക്കുന്നത്. ''ഞാന്‍'' ആരൊക്കയോ ആണന്നുള്ള പൊള്ളയായ അഹം ഭാവവും, കൂടാതെ തികച്ചും മനുഷ്യത്വരഹിതപരമായ പ്രവര്‍ത്തനങ്ങളും.
                                   ആദ്യം എന്നില്‍ വരേണ്ട ബോധം ഞാനൊരു മനുഷ്യനാണ് എന്നുള്ളതാണ്. അത്തില്‍ കുറഞ്ഞ അളവില്‍ ആയിരിക്കണം അതിനു മീതെയുള്ള എന്തും. അത് മറക്കുമ്പോള്‍ പലതും സംഭവിക്കുന്നു.
                       അരികില്‍ നില്‍ക്കുന്ന സഹോദരനെ കൈപിടിച്ചുയര്‍ത്തുവാന്‍ കഴിയുന്നതാകണം നമ്മളോരോരുത്തരും, ചവിട്ടി താഴ്ത്താന്‍ എല്ലാവര്ക്കും കഴിയും. ഇങ്ങേയറ്റം ഒരു വാക്കുകൊണ്ടായാലും, ഇവിടെ ഒരു കമന്റ്‌ കൊണ്ടായാലും, നിങ്ങളുടേതായ ഒരു രചന കൊണ്ടായാലും നിങ്ങള്ക്ക് ഒരാളിനെയെങ്കിലും ഉയര്‍ത്താനും നന്മയിലേക്ക് നയിക്കാനും കഴിയണം, മറ്റൊരാളിനെ കൂടി മോശമായി ചിന്തിപ്പിക്കാനുള്ള വസ്തുതയാണങ്കില്‍ അത് പൊതുജനത്തിനായി തുറന്നു വിടരുത്. നിങ്ങള്‍ക്കാവുന്ന ചെറിയ ചെറിയ നന്മകള്‍ ചെയ്യുക ആരും പൂര്‍ണ്ണരല്ല, കുറ്റവും കുറവുകളും എല്ലാവരിലും ഉണ്ട് , പക്ഷെ മറ്റൊരാളിലേക്ക് പകര്ന്നുകൊടുക്കുന്നത് അവര്‍ക്ക് കൂടി നല്ലതു വരുന്നതും നന്മകള്‍ ഉള്ളതുമാകണം. . ഇങ്ങേയറ്റം തമാശയ്ക്ക് ആണങ്കില്‍ പോലും.
              
                   അങ്ങിനെയെങ്കില്‍ നമ്മള്‍ WHATS UP ലൂടെയും ഫേസ് ബുക്കിലൂടയും ഷെയര്‍ ചെയ്യുന്ന നിരവധി പടങ്ങള്‍ മറ്റൊരാളിലേക്ക് എത്തി അവരുടെ രക്തം കൂടി തിളയ്ക്കാന്‍ നമ്മള്‍ കാരണമാകാതെ അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യേണ്ടതും നമ്മുടെ ഉത്തരവാദിത്വമാകുന്നു. ഇന്ന് നമ്മുടെ മൊബൈലുകള്‍ മറ്റാരെങ്കിലും ഒന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ എത്രമാത്രം മടിയാണ്. കാരണം അതില്‍ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങളും ഇതുവരെയുള്ള സമ്പാദ്യത്തിന്റെ കണക്കൊന്നും സൂക്ഷിക്കുന്നതുകൊണ്ടല്ല എന്നറിയാമല്ലോ.....മനസിലാക്കുക അതത്രയും നമ്മുടെ നന്മയ്കായി ഉള്ള സംഗതികളല്ല. ഇന്നത്തെക്കാലത്ത് ഇതൊക്കെ സാധാരണമല്ലേ, പിന്നെ ഞാന്‍ മാത്രം എന്തിനാ ഇങ്ങനെ എന്ന് സമാധാനിച്ചു ഭൂരിപക്ഷമാകുന്ന നെഗടിവുകളുടെ കൂടെ കൂടാനാണങ്കില്‍ അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, അത് നല്ലതിനല്ല എന്നും മനസിലാക്കുക. നിങ്ങളിലേക്ക് വരുന്നത് തടയുവാന്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് കഴിയില്ലന്നു വരാം. പക്ഷെ നിങ്ങള്‍ സംരക്ഷിക്കയോ നിങ്ങളില്‍ നിന്നും മറ്റു കൈകളിലേക് പോകാതെയും നിങ്ങള്ക്ക് ചെയ്യാം . ഇങ്ങനെ നമ്മളിലേക്ക് ചെറിയ ചെറിയ നിരീക്ഷണങ്ങളിലൂടെ മനുഷ്യത്വമുള്ള മനുഷ്യനെ കണ്ടെത്താം. നിലനിര്‍ത്താം. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാം. നന്ദി.

NB: ഈ  ലേഖനം  ഫേസ് ബുക്കില്‍  നിന്നും  മറ്റുള്ളവരുമായി   ഷെയര്‍  ചെയ്യുവാന്‍  ദയവായി  ഈ  ലിങ്കില്‍ ക്ലിക്ക്  ചെയ്യുക.  https://www.facebook.com/groups/entekuthikurippukal/permalink/863324150392447/

Friday 6 March 2015

കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും കണക്കിലെടുത്ത് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കുമായും സമര്‍പ്പിക്കുന്നു.



നമസ്തെ ബന്ധുജനങ്ങളെ

കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും കണക്കിലെടുത്ത് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കുമായും സമര്‍പ്പിക്കുന്നു. smile emoticon

പണ്ട് ലാന്‍ഡ്‌ ഫോണ്‍ ഉള്ളത് ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വീട്ടില്‍ മാത്രമായിരുന്നു. അത് ആ പരിസരത്തെ നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലും ആയിരുന്നു. അന്നാരങ്കിലും ഗള്‍ഫില്‍ നിന്നൊന്നു വിളിച്ചാല്‍ ആ വലിയ വീട്ടിലെ അമ്മ അടുത്തവീട്ടില്‍ പറഞ്ഞു അവര്‍ അടുത്ത ആളിന് കൈമാറി ആ വാര്‍ത്ത‍ എത്തേണ്ടിടത് എത്തുമായിരുന്നു. അല്ലങ്കില്‍ ആ അമ്മ അങ്ങേയറ്റം വരെ പോയി പറയുമായിരുന്നു. ഇതിനിടയില്‍ ഒരു കാറ്റോ മഴയോ വന്നാല്‍ അടുത്ത വിളിക്ക് കാത്തു നിന്നതും വെറുതെയായി. ചുരുക്കത്തില്‍ സുഗുണന്‍ ഒന്ന് വിളിച്ചാല്‍ നാട് മുഴുവന്‍ ആ വിളി കേള്‍ക്കുമായിരുന്നു.
             പിന്നീടു ലാന്‍ഡ്‌ ഫോണുകള്‍ സജീവമായി. അടുത്ത വീട്ടില്‍ പോയിരുന്നു കാത്തു മുഷിയേണ്ട, സൌകര്യമായി രഹസ്യങ്ങളും കൈമാറാം എന്നായി. ഒരു വീട്ടില്‍ ഒന്ന് വിളിച്ചാല്‍ ആ വീട്ടിലെ എല്ലാ ആളുകളെങ്കിലും അറിയും എന്ന നേട്ടവും ഉണ്ടായിരുന്നു.
                അധികകാലം കഴിയാതെ അത് മൊബൈല്‍ ഫോണുകള്‍ക്ക് വഴിമാറി. തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. രാത്രിയില്‍ അത്താഴം ഉണ്ണുന്ന നേരത്തെങ്കിലും എല്ലാവരോടുമായി പറയുമായിരുന്നു ആരെങ്കിലും വിളിച്ച് എന്തെങ്കിലും വിശേഷം പറഞ്ഞതൊക്കെ. മൊബൈല്‍ ഫോണുകള്‍ മറ്റു പല സൌകര്യങ്ങള്‍ക്കും വഴിമാറി.

                   കാലം പിന്നെയും പോയി അത്യാവശ്യം നിത്യവൃത്തിക്ക് വകയുള്ള എന്റെ അച്ഛന്‍ ഒരു നൂതന മൊബൈല്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി എനിക്ക് വാങ്ങിത്തന്നു. അതില്‍ വരുന്ന വിളികള്‍ എനിക്ക് മാത്രമായി പരിമിതപ്പെട്ടു. അതിലൂടെ ഞാന്‍ ലോകം കാണാന്‍ തുടങ്ങി. ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും അകന്നു. ഇഷ്ട വിനോദം ചാറ്റിങ്ങായി . ഗൂഗിളും ഫേസ് ബുക്കും വാട്ട്‌സ് അപ്പുമൊക്കെ എന്റെ ഉറ്റ ചെങ്ങാതിമാരായി. വിദൂരങ്ങളില്‍ ഉള്ളവര്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവരും. അവരില്‍ നല്ലതും മോശവും തിരിച്ചറിയാതയുമായി. എന്റെ മനോനിലയും സന്തോഷവുമെല്ലാം നിശ്ചയിക്കുന്നത് അവരായി മാറി. എന്റെ അടുത്തുള്ളവര്‍ ഞാനറിയാത്തവരുമായി. ''അകലത്തിലുള്ള മിത്രത്തെക്കാള്‍ ഉപകരിക്കുക അടുത്തുള്ള ശത്രുവാണന്നുള്ള'' പ്രമാണവും ഞാന്‍ മറന്നു. എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച അച്ഛനുമമ്മയും വന്നു നോക്കി ഞാനുറങ്ങിയോ? എന്ന്. അച്ഛന്‍ വാങ്ങി തന്ന കമ്പിളി പുതപ്പിനടിയില്‍ അപ്പോഴും വിദൂരങ്ങളിലുള്ള എന്റെ ആത്മാര്‍ത്ഥ സുഹൃതുക്കളെന്നു ഞാന്‍ തെറ്റിധരിച്ചവരുമായി തിരക്കിലായിരുന്നു. എന്റെ ഉറക്കം മിനക്കെടുതിയിട്ടു വേണമോ ഈ സംഭാഷണം, എന്ന് ഞാനോര്‍ത്തില്ല. മോബൈല്‍ സ്ക്രീനിലേക്ക് അരണ്ട വെട്ടത്തില്‍ തുറിച്ചു നോക്കിയ എന്റെ കുഞ്ഞു കണ്ണുകള്‍ ഇമ വെട്ടാതെ അടുത്ത മറുപടിക്കായി കാത്തിരുന്നു. സമയങ്ങള്‍ പോകുന്നു... 11, 12, 1 ....എന്റെ മൊബൈലിന്റെ അതിഭീകരമായ രേഡിയേഷന്‍ നെറ്റ് വര്‍ക്ക്‌ ഓണ്‍ , ഇന്റര്‍ നെറ്റ് ഓണ്‍, എന്നെ ഓഫാക്കി. എപ്പോഴോ ഞാന്‍ സ്നേഹിക്കാത്ത എന്റെ ശരീരം തളര്‍ന്നു ഞാനുറങ്ങി. കൈകള്‍ വിട്ട മൊബൈല്‍ ഞാനറിയാതെ എന്റെ നെഞ്ചോട്‌ ചേര്‍ന്നുകിടന്നു. ഉറക്കത്തിലും ഞാന്‍ ഞെട്ടിയുണര്‍ന്നു നോടിഫിക്കേഷന്‍ കേട്ടായിരുന്നു അത്. വീണ്ടും ഞാന്‍ ലൈക്കും കമന്റും എണ്ണിതിട്ടപ്പെടുത്തി. ശരിക്കുറങ്ങാനും പറ്റുന്നില്ല. രാവിലെ സമയത്ത് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. പഠിക്കാന്‍ പോയാലും ഒരുന്മേഷമില്ല പലപ്പോഴും എന്തുപറയണം എന്നുകൂടി അറിയുന്നില്ല, ഒന്നിനും ഒരു ഏകാഗ്രതയും കിട്ടുന്നില്ല. ഓര്‍മ്മക്കുറവും ഉണ്ട്. ഒന്നും മനസിലാകുന്നില്ല. അറിയാവുന്ന പ്രായം മുതലേ ഞാന്‍ ഇങ്ങനെ ശീലിച്ചതിനാല്‍ എന്നിലെ അറിവിന്റെ പരിമിതി അതില്‍ കൂടുതല്‍ അറിയുവാന്‍ അനുവദിച്ചില്ല.

                    എന്റെ ശീലങ്ങള്‍ മാറ്റി..... 7.30 - 8 മണിയ്ക്ക് അത്താഴം കഴിയ്ക്കും. ദഹനത്തിന് 2 മണിക്കൂര്‍. അങ്ങേയറ്റം പോയാല്‍ പത്തുമണിക്ക് കിടക്കും. കിടക്കുമ്പോള്‍ തല വടക്ക് ദിശയില്‍ അല്ല എന്ന് ഉറപ്പു വരുത്തും. കഴിയുന്നതും കിഴക്ക് തല വയ്ക്കാന്‍ നോക്കും. മൊബൈല്‍ ഇന്റര്‍നെറ്റ് ഓഫ്‌, കയ്യെത്താത്ത ദൂരത്തു വയ്ച്ചു. രാത്രിയില്‍ ഞെട്ടി ഉണര്‍ന്നാലും മൊബൈല്‍ നോക്കുന്ന പ്രശ്നമില്ല. രാവിലെ ഉണരാന്‍ അലാറം നല്ല ഭക്തിഗാനം. കിടക്കയില്‍ ഒന്നിരിക്കും എന്റെ കൈകളില്‍ ജന്മം തന്ന അമ്മയെയും കാരണമായ അച്ഛനെയും കാണും അനുഗ്രഹം വാങ്ങിക്കും. എന്റെ ദിവസം നന്നാകാന്‍ എനിക്ക് ജഗദീശ്വരന്റെ അനുഗ്രഹം വേണം. എന്റെ വിശ്വാസത്തിലുള്ള ഈശ്വരന്മാരെ ഞാന്‍ പ്രവൃത്തിയെടുക്കുന്ന എന്റെ കൈകളില്‍ കാണും. എന്നെ ഇവിടെ നിലനിര്‍ത്തുന്ന ഭൂമിദേവിയെ വലതു കൈ കൊണ്ട് തൊട്ടു വണങ്ങും. എന്നിട്ട് രണ്ടു വരി പറയും. ചുരുക്കത്തില്‍ ഏതാണ്ട് 8 മണിക്കൂറോളം നിശ്ചലമായ ശരീരത്തില്‍ ഉണ്ടായിരുന്ന സ്ഥിതികോര്‍ജ്ജം ചലനത്തെ തുടര്‍ന്ന് ഗതികോര്‍ജ്ജമായി മാറുമ്പോള്‍ എന്റെ കാലുകള്‍ തറയില്‍ തൊട്ടാല്‍ ഊര്‍ജ്ജത്തിന്റെ ഒഴുക്ക് താഴോട്ടും എന്റെ ശരീരബലം കുറയുകയും ചെയ്യും. അതിനാല്‍ ഊര്‍ജ്ജത്തെ മുകളിലേക്ക് ഒഴുക്കി ശരീര ബലം കൂട്ടാന്‍ ഞാന്‍ കൈ തൊടും. 
                             പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളെ വന്ദിക്കാന്‍ ഞാന്‍ മറക്കില്ല. രണ്ട് ഗ്ലാസ്‌ വെള്ളം കുടിച്ച് എന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിനു ഒരാക്കം കൂട്ടിയ ശേഷം ഞാന്‍ നഗ്നപാദനായി വീട്ടുമുറ്റത്തെ കല്ലിലും മണ്ണിലും ചവിട്ടി നടക്കും. അപ്പോള്‍ എന്റെ തലച്ചോറിലെ നാഡീ ഞരമ്പുകള്‍ക്കും രക്ത പ്രവാഹം കൂടും. പ്രകൃതിയിലെ പച്ചിലകളെ കണ്ണുകള്‍ തുറന്നു ഞാന്‍ കാണും. ചെടികള്‍ക്ക് വെള്ളമൊഴികും, ചിലപ്പോള്‍ അവരോടു കിന്നാരവും പറയും. കുറച്ചു കൂടി കഴിഞ്ഞ്‌ എനിക്ക് പ്രാണായാമവും ഒന്ന് പഠിക്കണം. ഇത്രയും നേരമായിട്ടും ഞാന്‍ മൊബൈല്‍ കയ്യില്‍ എടുത്തിട്ടില്ല. ഇത്രയും ചെയ്തിട്ടും എന്നും ഞാന്‍ എഴുന്നേല്‍ക്കുന്ന നേരമായില്ല.
                 രാവിലെ എഴുന്നേറ്റു ഇതൊക്കെ ചെയ്തപ്പോള്‍ അച്ഛനും അമ്മയ്ക്കും മറ്റുള്ളവര്‍ക്കും എന്നോട് ഒരു മതിപ്പ്. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സമയം വീട്ടുകാരോടും കുറച്ചു സമയം മാത്രം മൊബൈലിലും ചിലവാക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മക്കുറവും ശരീരക്ഷീണവും എല്ലാം പരിഹരിച്ചു. മനസമാധാനമായി ഉറങ്ങാന്‍ കഴിയുന്നു. ഞാന്‍ നടന്നു പോകുമ്പോള്‍ എതിരെ വരുന്ന അടുത്ത വീട്ടുകാരെ കാണുമ്പോള്‍ ചിരിക്കാനും വിശേഷം ചോദിക്കാനും ഞാന്‍ മറക്കുന്നില്ല. എന്റെ മൊബൈല്‍ ചാറ്റ് ഉപയോഗം ഞാന്‍ തീരെ കുറച്ചു. ഇപ്പോള്‍ എനിക്ക് ഒരു പുതു ജീവന്‍ തിരിച്ചു കിട്ടി..എന്റെ അടുത്ത് നില്‍ക്കുന്ന ആളിനെ ഞാന്‍ കാണുന്നു. എല്ലാം അറിയുന്നു. ഇപ്പോള്‍ ഞാന്‍ എനിലേക്കടുത്തത് പോലെ, ഒരു മനുഷ്യനായ പോലെ........ ഒന്ന് മാറി ചിന്തിച്ചു കൂടെ എന്റെ കുഞ്ഞനുജന്മാര്‍ക്കും അനുജത്തി മാര്‍ക്കും ??