Wednesday 18 March 2015

ഭൂമിയില്‍ തൊടാതെ നടക്കുന്ന പരിഷ്കൃത സമൂഹം

                                                                             



പ്രിയ ബന്ധുവിന് നമസ്കാരം,

                    കാലങ്ങള്‍ കടന്നുപോയപ്പോള്‍ അനുകരണങ്ങളും വൃത്തിയും വെടിപ്പുമൊക്കെ കൂടിയപ്പോള്‍ നമ്മില്‍ നിന്നും അകന്നു പോയ കുറേ കാര്യങ്ങളുണ്ട്. അതില്‍ പലതും അന്നത്തെ ജീവിതത്തിന്റെ ഭാഗമായി നമ്മള്‍ അറിയാതെ ചെയ്തു പോയതായിരുന്നു. അന്നൊന്നും അതിന്റെ പ്രയോജനത്തെപ്പറ്റി സാധാരണ ജനം ചിന്തിച്ചിരുന്നില്ല. ഇന്ന് നമ്മുടെ സാങ്കേതിക വിദ്യകള്‍ പലതും അവസരങ്ങളും നഷ്ടപ്പെടുത്തി. എന്നാലും മനസ്സുവച്ചാല്‍ ഇന്ന് പലതും നമുക്ക് ചെയ്യാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുപോലും ചെയ്യാത്തവയുമാണ്‌.

                  ആരോ പറഞ്ഞ ഒരു കഥ കേള്‍ക്കുകയുണ്ടായി. കിണറ്റിലേക്ക് ഇറങ്ങിയ ഒരാള്‍ക്ക് ശ്വാസതടസം ഉണ്ടായപ്പോള്‍ ഒരു വഴിപോക്കന്റെ നേതൃത്വത്തില്‍ ഒരു കുട തൊട്ടിക്കു പകരം കെട്ടി, കിണറ്റിലിറക്കി ആട്ടിയത്രേ. അയാള്‍ക്ക് ആശ്വാസമായി.

                  നമ്മള്‍ ഉപയോഗിച്ചിരുന്ന കയറും കപ്പിയും തൊട്ടിയുമടങ്ങുന്ന ഒരു വ്യവസ്ഥയിലൂടെ ചലനമില്ലാതെ കിടക്കുന്ന വെള്ളത്തിന്‌ ചലനവും ഒപ്പം വായുസഞ്ചാരവും നല്‍കുന്നതായിരുന്നു അത്. സൂര്യപ്രകാശം എത്താത്ത കിണറുകളും വായുസഞ്ചരമില്ലാത്ത കിണറിലെ വെള്ളത്തിന്റെയും ദൂഷ്യങ്ങള്‍ നമ്മളെ ചെറിയ തോതിലെ ബാധിരുന്നുവെങ്കിലും തുടര്‍ന്നുള്ള സാങ്കേതിക വിദ്യകള്‍ ബാധിച്ചത് അതിലും വിചിത്രമായാണ്.

                  അവധിക്കു പോയപ്പോള്‍ കുറെ വീടുകള്‍ സന്ദര്‍ശിച്ചു. പല സ്ഥലങ്ങളിലും ചെരുപ്പ് ഇടാതെ നടക്കാനുള്ള അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം അത് നന്നായി വിനിയോഗിച്ചു. അപ്പോള്‍ കാണുന്ന പലരും ചോദിച്ചു ''ഇത് എന്താ ഇങ്ങനെ എന്ന്?'' തുടര്‍ന്ന് അവര്‍ അവരുടെ കാര്യം ചിന്തിച്ചപ്പോള്‍ പറയുന്നത് എനിക്കുതന്നെ വിശ്വസിക്കാനായില്ല .5 - 10 -15 -20 വര്‍ഷമായി അത്രേ ചെരിപ്പില്ലാതെ നടന്നിട്ട്. അന്ന്വേഷണം കുറച്ചു കൂടി പോയപ്പോള്‍ പലരുടെയും അനുഭവം ശരിയാണ്. അതില്‍ റേഷന്‍ കട മുതലാളി മുതല്‍ റബ്ബര്‍ വെട്ടുകാരനും വരെയുണ്ട്. ഇന്നത്തെ അവസ്ഥ അവര്‍ക്ക് ചെരുപ്പ് ഇല്ലാതെ കാലെടുത്ത് വയ്ക്കാന്‍ പറ്റുന്നില്ലല്ലോ . എന്നുള്ളതാണ്.

                    കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള വീടുകളില്‍ വേര്‍റ്റിഫൈട് ടൈല്‍സ് കളും, അതിലും ചെരിപ്പിടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. കൂടാതെ വീട്ടിന്റെ മുന്‍പില്‍ ഒരു ചെരുപ്പ് അത് മുറ്റത്ത്‌ നടക്കാന്‍, വെളിയില്‍ പോകാന്‍ വേറെയുണ്ട്.

                   കുറച്ചു കൂടി സാമ്പത്തികശേഷിയിലേക്ക് പോയി നോക്കാം. അവിടയും മുകളില്‍ പറഞ്ഞത് കൂടാതെ വീടിനു പിറകില്‍ ഇറങ്ങി നടക്കാന്‍ ഒരു ചെരുപ്പ് കൂടിയുണ്ടാകും. വീടിനു മുറ്റം അലങ്കരിച്ചിരിക്കുന്നത് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ കൊണ്ടാണ്. അതിലും ചെരിപ്പിടാതെ നടക്കാന്‍ വയ്യ കേട്ടോ, അതില്‍ ചെരിപ്പില്ലാതെ നടന്നിട്ട് വലിയ പ്രയോജനവുമില്ല. മുറ്റത്ത്‌ നിന്നും വരുന്ന ചൂട് സഹിക്കാനും കഴിയുന്നില്ല. പിന്നെ മുറ്റം തൂക്കാന്‍ നടുവളയ്ക്കേണ്ട, അതും പ്രയോജനമായിട്ടാണ് സമൂഹം കണക്കാക്കുന്നതും. എന്തരോ എന്തോ???

                    നടത്തം താനേ കുറഞ്ഞു. വാഹനങ്ങള്‍ കൂടി. വീട്ടില്‍ നിന്നും ഇറങ്ങി അമ്പലത്തിലോ പള്ളിയിലോ ഒന്ന് പോകാമെന്ന് കരുതി. അവിടയും വന്നൂല്ലോ വികസനം. ചെരിപ്പില്ലാതയാണ് നടക്കുന്നതെങ്കിലും അതും ഈ സിമന്റ്‌ കട്ടകളില്‍ കൂടിയാണ്. വെയിലിന്റെ ചൂട് കൂടുമ്പോള്‍ ''ദേവാലയ പ്രദക്ഷിണം ശ്രദ്ദയോടെ ചെയ്യണം'' എന്ന് പറഞ്ഞതിന്, ''തറയില്‍ തൊടാതെ ഇത്രനാളും നടന്ന പാദങ്ങള്' '' അനുവദിക്കുന്നില്ല. അവിടയും നമ്മള്‍ നേരിട്ട് ഭൂമിയില്‍ തൊടുന്നുമില്ല. വരുമാനം കുറഞ്ഞ ദേവാലയങ്ങളില്‍ പോലും ഇല്ലാത്ത പണം നാട്ടില്‍ നിന്നും പിരിച്ചുകൂട്ടിയാണ് ഈ സേവനങ്ങള്‍ നടത്തി വരുന്നത്.

                   ഇനി വെറുതെ ഒന്നാലോചിച്ചു നോക്കൂ ചെരിപ്പില്ലാതെ നടന്നിട്ട് എത്ര കാലമായി എന്ന്? നടക്കാറുണ്ടങ്കില്‍ എന്നും നടക്കാറുണ്ടോ? എത്ര നേരം?

                   മുകളില്‍ പറഞ്ഞ ഒരു കാര്യങ്ങളിലും സാധാരണ വ്യക്തിക്ക് ഒരു വിട്ടു വീഴ്ചയും ചെയ്യാന്‍ കഴിയില്ല. പകരം ഒന്ന് ചെയ്യാം. സമയം കിട്ടുമ്പോള്‍ സൗകര്യവും സുരക്ഷിതവുമായ സ്ഥലത്ത് ഭൂമിയെ തൊട്ട് കല്ലിലും മണ്ണിലും ചവിട്ടി കുറച്ചു സമയം നടക്കാം. അതിന്റെ പ്രയോജനങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. നമുക്കിന്നന്യമായ ഈ നഗ്നപാദ നടത്തയും ശുദ്ധവായൂസേവനവും കൊണ്ടാകാം പണ്ട് പറഞ്ഞത് ''നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം'' എന്ന്.

               
പാദങ്ങള്‍ മണ്ണില്‍ നേരിട്ട് തൊട്ടു നടക്കുന്നതുമൂലമുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. പണ്ട് കാലത്ത് നമ്മള്‍ അറിയാതെ ചെയ്തിരുന്നതിന്റെ പ്രയോജനവും, ഇന്നത് ചെയ്യാത്തതിലുള്ള കുറവുകളും നമ്മുടെ സമൂഹത്തിലേക്കു നോക്കിയാല്‍ തന്നെ മനസിലാകും. നമ്മുടെ ചിന്താശേഷി കുറഞ്ഞതിനും, പ്രതികരണ ശേഷി വളരെ വേഗത്തിലായതും, എന്നാല്‍ വേണ്ടിടത്താണോ പ്രതികരിച്ചത് എന്നറിയാത്തതും, ഒക്കെ ഇതിന്റെ കൂടി ഭാഗമാണ്. മുഴുവന്‍ ശരീര ഭാഗങ്ങളെയും നന്നായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ നമ്മുടെ കാല്‍ പാദങ്ങളില്‍ ഉള്ളതായി ചിത്രത്തില്‍ നിന്നും വളരെ വേഗം മനസിലാക്കാം .രണ്ടു പാദങ്ങളും വ്യത്യസ്തമായ ധര്‍മ്മങ്ങളിലാണ്‌ ഉള്ളതെന്നും മനസിലാക്കാം. വിരലുകള്‍ മാത്രം കണക്കിലെടുക്കുമ്പോഴും ഊര്‍ജ്ജവും ഹൃദയ മിടുപ്പും തുലനം ചെയ്യുന്നതും, പഞ്ചസാരയുടെ അളവ് തുലനം ചെയ്യുന്നതും, പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതും, ആകാംഷയും, സന്ധി വേദനകളും കുറയ്ക്കുകയും, ശരീരത്തിലെ അമ്ലഗുണവും ക്ഷാര ഗുണവും വേണ്ട അനുപാതത്തില്‍ നിലനിര്‍ത്തുന്നതിനും ഇത് വളരെയധികം പ്രയോജനം ചെയ്യുന്നു. അതുപോലെ നമ്മുടെ ഉറക്കത്തെ പോലും നഗ്ന പാദ നടത്തം സ്വാധീനിക്കുന്നു എന്ന് വന്നാല്‍ നമ്മള്‍ക്കു തികച്ചും സൗജന്യമായി ലഭിക്കുന്ന ആ സേവനത്തില്‍ നിന്നും എത്രയോ അകലെയാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കല്ലും മണലും ഇടകലര്‍ന്ന പ്രദേശത്ത്കൂടി നടക്കുമ്പോഴാണ് കൂടുതല്‍ സംവേദനം സാധ്യമാകുന്നത്. ആ ഒരു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പരുക്കനായ ചെറിയ മുകുളങ്ങള്‍ ഉള്ള പാദരക്ഷകള്‍ നിലവില്‍ വന്നതും. കാര്യങ്ങള്‍ ഈവന്നകാലത്ത് ആര്‍ക്കും വിരല്‍തുമ്പില്‍ (ഗൂഗിളായ നമഹ, പക്ഷെ ഇത്തിരി ചിന്തിക്കുക കൂടി വേണേ... ) അന്വേഷിക്കവുന്നതല്ലേ ഉള്ളൂ.....പക്ഷെ ''എന്തിനോ വേണ്ടി ഓടുന്ന മനുഷ്യന്‍'' എന്നും ''എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'' എന്ന് പറഞ്ഞ പോലെ തിളച്ചു തല ചൂടായിക്കൊണ്ടേയിരിക്കും. മനസമാധാനമായി ഇത്തിരി ആഹാരം കഴിക്കാന്‍പോലും ടി വി യും ഫോണുകളും അനുവദിക്കുന്നില്ല എന്നതാണ് മറ്റൊരവസ്ഥ. ആര്‍ക്കു നഷ്ടം?....
 


                    50 രൂപ വിലയുള്ള ഐസ്ക്രീമുകള്‍ എത്രയെണ്ണം വാങ്ങാനും കീശയില്‍ കാശുണ്ടായാലും അതില്‍ ഒരെണ്ണമെങ്കിലും ആസ്വദിച്ചു കഴിക്കാന്‍ 10 മിനുട്ട് ചെലവാക്കാനില്ലങ്കില്‍ പിന്നെ എന്തുകാര്യം????

          ഒരു മുന്‍കൂര്‍ ജാമ്യം കൂടി എടുത്തോട്ടെ......

                          ഇങ്ങനെ നടക്കാന്‍ സൌകര്യമില്ലാത്തവര്‍ എന്ത് ചെയ്യണം ? എന്നും , ഇങ്ങനെ ചെയ്യാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റില്ല്യെ ? എന്നും, പിന്നെ നമ്മളെക്കാള്‍ ഉപരി നമ്മുടെ സഹോദരന്റെ ഭാഗം പറയാന്‍ വെമ്പുന്ന ഹൃദയങ്ങളുണ്ട്, ഇത്തരം കാര്യങ്ങളില്‍, അവരുടെ സംശയം രണ്ടു പാദങ്ങളും ഇല്ലാത്തവര്‍ക്ക് ഇതെങ്ങിനെ സാധിക്കും എന്നൊക്കയാണ്. അതിനാല്‍ ദയവു ചെയ്ത് ഇത് മനസിലാക്കാന്‍ ശ്രമിക്കുക. അനുകൂലമാക്കാവുന്ന പരിമിതികളെ കണക്കിലെടുത്ത് നടപ്പിലാക്കുക.

                          വിദേശത്തുള്ളവരുടെ പരിമിതികള്‍ മനസിലാകുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇതിനുള്ള അവസരം വളരെ കുറവാണു ആയതിന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത്യാവശ്യം ശരീരത്തിലുള്ള ഊര്‍ജ്ജം മുകളിലേക്ക് ഒഴുകി ഭൂമിയില്‍ പോകാന്‍ ഞാന്‍ തൊടുന്നത് ഗ്യാസ് റേഡിയേറ്ററിന്റെ ചെമ്പ് കുഴലുകളിലാണ്. വേനല്‍ക്കാലത്ത് കുറച്ചു ചെരിപ്പില്ലാതെ നടക്കാന്‍ കഴിയും. എന്തായാലും നമ്മുടെ നാട്ടില്‍ ചെരിപ്പില്ലാതെ നടന്നപ്പോഴും ശബരിമലയില്‍ ചെരിപ്പില്ലാതെ നടന്നു പോയപ്പോഴും ഒരു അസൌകര്യവും തോന്നിയിരുന്നില്ല. ഒരു പക്ഷെ കുറവുകളെ മനസുകൊണ്ട് ഉള്‍ക്കൊണ്ടതാണോ, എന്നും അറിയില്ല.

                    ചെരുപ്പ് ഉപയോഗിക്കരുത് എന്നല്ല പറയുന്നത്. പക്ഷെ സമയം കിട്ടുമ്പോള്‍ കുറച്ചു നേരം നല്ല തറയില്‍ നടക്കുക. അത്രമാത്രം ... നന്ദി നമസ്കാരം നന്മകള്‍ ഉണ്ടാകട്ടെ...
Picture courtesy, Our hearty thanks to Sudarshanam, The Green Home, The joy of wellness and Google.

3 comments:

  1. നമസ്തെ, ഇവിടെ നിങ്ങള്‍ കുറിക്കാനുദ്ദേശിക്കുന്ന അഭിപ്രായത്തെക്കാള്‍ വലുത് നിങ്ങള്‍, നിങ്ങളെ വിലയിരുതുന്നതാണ്. നന്ദി.

    ReplyDelete
  2. ദിവസത്തിൽ കുറച്ച് നേരെമെങ്കിലും ചെരിപ്പ് ഇടാത്തേ
    നടക്കണെമെന്ന് അഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ
    ചെയ്യാറുമുണ്ട്.

    ReplyDelete
    Replies
    1. വളരെ സന്തോഷം, വളരെ നല്ലത്, നന്ദി..

      Delete