Monday 16 March 2015

ആഘോഷങ്ങളും ആര്‍ഭാടങ്ങളും, ഇവിടെ ആര്‍ക്കാണ് നഷ്ടം?


നമസ്തെ പ്രിയ ബന്ധുക്കളെ,
                 നാട്ടില്‍ പോയസമയത്ത് കുറച്ചു വിവാഹങ്ങളില്‍ സംബന്ധിക്കയുണ്ടായി. പൊതുവില്‍ മനസിലാക്കിയ കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കാം എന്ന് കരുതി. ഒരു വിവാഹത്തിന് ബട്ജെറ്റ് തുക കണക്കാക്കി അതില്‍ കുറച്ചു തുകക്കൂടി അധികം ചേര്‍ത്ത് ( ഒന്നിനും ഒരു കുറവും ഉണ്ടാകാതിരിക്കാന്‍) അങ്ങ് മാറ്റിവയ്ക്കുകയാണ് വധു വീട്ടുകാരും വരന്‍ വീട്ടുകാരും. ''എത്ര കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് '' എന്ന് ഇന്ത്യന്‍ ഭരണകൂടം പറയുന്നപോലെ എത്ര തന്നെ സാധനങ്ങള്‍ അധികം വന്നാലും, ആര്‍ക്കും ഒരു കുറവും ഉണ്ടാകരുത്, എന്നുള്ളതാണ്. കൂടുതലും അധികം വരിക ഭക്ഷണ സാധനങ്ങള്‍ ആകും.
പലസ്ഥലങ്ങളിലും കുഴിച്ചുമൂടിയ നിരവധി കണക്കുകള്‍ എല്ലാവര്‍ക്കും പറയാനുണ്ടാകും.

                   അങ്ങിനെ ഒരു വിവാഹത്തിന് കഴിക്കാന്‍ ഇരുന്നിട്ട് അതിന്റെ അവസാനം കാണാം എന്ന് കരുതി. എല്ലാവരുമൊക്കെ എഴുനേറ്റപ്പോള്‍ വിളമ്പുകാര്‍ വന്നു മേശകളില്‍ അധികമുള്ള ഭഷണങ്ങള്‍ എടുത്തുകൊണ്ടു പോകുന്നു. അതില്‍ ഒരാളോട് ഞാന്‍ ചോദിച്ചു ഈ ബാക്കി വന്നത് നിങ്ങള്‍ ഇനി വിളമ്പുമോ? ഉത്തരം ''ഇല്ല'' പിന്നെ എന്ത് ചെയ്യും? ഉത്തരം : അത് വിളമ്പുകാര്‍ കഴിക്കും. ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല. പക്ഷെ എത്ര വിളമ്പുകാര്‍ കഴിച്ചാലും അത് വളരെയധികം അധികം ഉണ്ടാകും എന്നെനിക്കറിയാം.

                 ഇവിടെ ആര്‍ക്കാണ് നഷ്ടം എന്ന് നമ്മള്‍ ആരങ്കിലും ചിന്തിച്ചോ??തുടക്കത്തില്‍ പറഞ്ഞ തുക മുഴുവനായും വിവാഹ ആവശ്യത്തിനായി മാറ്റിവച്ച കുടുംബം. അവര്‍ക്ക് നഷട്മില്ല, കാരണം അവര്‍ തലയ്ക്കുഴിഞ്ഞു മാറ്റി വച്ചതാണ്. പറഞ്ഞുറപ്പിച്ചതനുസരിച്ചു ഭക്ഷണം തയ്യാറാക്കി കൊണ്ട് വന്ന കരാറു കാരന്‍, അയാള്‍ക്കുള്ള മുതലും ലാഭവും എല്ലാം അടങ്ങി കിട്ടി.അയാള്‍ക്കുമില്ല നഷ്ടം.

                 ഇപ്പോഴും മനസിലാകുന്നില്ല ആര്‍ക്കാണ് നഷ്ടം എന്ന്. ഒരു പടി കൂടി കടന്നു ചിന്തിച്ചാല്‍ മനസിലാകും നഷ്ടം ആര്‍ക്കാണ് എന്ന്. ഈ നഷ്ടപ്പെടുത്തുന്ന വിഭവങ്ങള്‍ ഇനി ഈ ഭൂമിയില്‍ ഉണ്ടായി വരാന്‍ എത്ര നാള്‍ വേണ്ടിവരും? ഇതൊക്കെ കൃഷി ചെയ്തു കൊണ്ടുവരാന്‍ ഇന്ന് കര്‍ഷകര്‍ ഉണ്ടോ? കയ്യില്‍ ഇരിക്കുന്ന നോട്ടും പറമ്പില്‍ കുന്നു കൂടി നില്‍ക്കുന്ന റബ്ബര്‍ മരവുമാല്ലതെ എന്താണ് നമ്മുടെ സമ്പത്ത്? വയലുകള്‍ പോലും നികത്തി റബ്ബര്‍ വച്ചില്ലേ? കീടനാശിനികളുടെ അമിത പ്രയോഗമില്ലാത്ത എന്ത് പച്ചക്കറിയാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ നമുക്ക് തരുന്നത്? മൃഗങ്ങള്‍ ആണങ്കില്‍ എത്രനാള്‍ വേണ്ടിവരും പാകമാകാന്‍? അത് പാകം ചെയ്യാന്‍ നഷ്ടപ്പെടുത്തിയ ഊര്‍ജ്ജം, മരമായാലും ഗ്യാസ് ആയാലും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജോലിക്കാര്‍, ഇതൊക്കെ ആര്‍ക്കാണ് നഷ്ടം???

                   ആകെ ഒരാശ്വാസം കിട്ടുക കോഴിയിലാണ്. 37- 45 ദിവസം കൊണ്ട് കോഴി, കോഴിയായി മാറും, അത് മനുഷ്യന്റെ ആയുസ്സും ആരോഗ്യവും എത്ര കുറയ്ക്കുന്നു എന്നത് വേറെ കാര്യം. പക്ഷെ മറ്റു വിഭവങ്ങള്‍ക്ക് നമ്മള്‍ എങ്ങിനെ സമാധാനം കണ്ടെത്തും? അധികം വന്ന ഭക്ഷണം എവിടെയെങ്കിലും കൊടുത്തു ഉപയോഗയോഗ്യമാക്കാം പക്ഷെ അതല്ല ഇതിനു പോം വഴി. അര്‍ത്ഥമില്ലാത്ത അഭിമാനം എന്ന പുറം ചട്ട വലിച്ചൂരി ആര്‍ഭാടം കുറയ്ക്കുക. ആര്‍ക്കാണ്‌ ഇതിനൊക്കെ കഴിയുക എന്നുള്ളതാണ് വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. കാര്യം മനസിലായിയെങ്കില്‍ നിങ്ങളുടെ അനുഭവത്തില്‍ വരുമ്പോള്‍ ഇത്രയും ഓര്‍മയിലിരിക്കട്ടെ. നന്ദി.
NB : ഈ ലേഖനം ഫേസ് ബുക്കില്‍ നിന്നും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുവാന്‍ ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/groups/entekuthikurippukal/?fref=ts

No comments:

Post a Comment