Saturday 6 December 2014

5. നിസഹായതയുടെ വാര്‍ദ്ധക്യം

പ്രിയ ബന്ധുജനങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നമസ്കാരം.

                 കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലണ്ടനിലെ ഒരു വൃദ്ധ കേന്ദ്രം സന്ദര്‍ശിക്കുവാനുള്ള അവസരം കിട്ടുകയുണ്ടായി. പല ദിവസങ്ങള്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിക്കാനുള്ള പ്രേരണയായി അത് മാറുകയുണ്ടായി. അവിടെ കണ്ട കഴ്ച്ചകളോടൊപ്പം കുറച്ചു കാര്യങ്ങള്‍ കൂടി പങ്കുവയ്ക്കാം എന്ന് കരുതി.

                                 ദൈനദിനം കാര്യങ്ങള്‍ക്കു പരസഹായം വേണ്ടിവരുന്ന അന്‍പതോളം ആളുകള്‍ക്ക് കഴിയാന്‍ പറ്റിയ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ് ആ സ്ഥാപനം.

                  വളരെ നല്ല താത്പര്യതോട് കൂടി ജോലിചെയ്യുന്ന ശുശ്രുഷകരും മറ്റു ജീവനക്കാരും എല്ലാം ശരിക്കും അവിടുത്തെ അന്തേവാസികളുടെ കഷ്ടതകളില്‍ നിന്നും ജീവിതത്തെ നന്നായി മനസ്സിലാക്കിയ മാതിരിയുള്ള അനുഭവമാണ്‌ നമുക്കവിടെ കാണാന്‍ കഴിയുന്നത്. 

                      വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള അവരുടെ പരിചരണവും അവര്‍ ശരിക്കും ആസ്വദിച്ചു ജോലി ചെയ്യുന്ന ഒരന്തരീക്ഷവുമാണ് അവിടെ കണ്ടത്. പലപ്പോഴും പാട്ടുപാടിയും നൃത്തം ചെയ്തും ഒക്കെയാണ് അവര്‍ക്ക് ആഹാരം കൊടുക്കുന്നു. 


                അന്തേവാസികളില്‍ ഏറെയും വെള്ളക്കാരായ സ്ത്രീകളും കൂടുതലും എഴുപതിയഞ്ചിനു മുകളില്‍ പ്രായമുള്ളവരാണെന്നു തോന്നി. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം അവരെ അതിവിശാലമായ ഹോളിലേക്ക്‌ കൊണ്ടുപോയി ടി വി പരിപാടികള്‍ കാണാനും പലതരം ചെറിയ ചെറിയ ഇരുന്നുകൊണ്ട് കളിക്കാവുന്ന കളികളില്‍ ഏര്‍പ്പെടാനുമൊക്കെ അവർ സഹായിക്കുന്നു.   നല്ല വെയിലുള്ള അവസരങ്ങളില്‍ പൂന്തോട്ടത്തിലേക്കുപോകാനും , മറ്റുള്ളവരുമായി സംസാരിക്കാനുമൊക്കെ അവർ നിറഞ്ഞ മനസ്സോടെ അവരെ സഹായിക്കുന്നു.

         എന്തായാലും സ്വന്തം കാലുകളില്‍ നില്ക്കാന്‍ കാലുകളുടെ സ്വാധീന കുറവും സഹകരണ കുറവും കാരണം അവരെ കിടക്കയില്‍ നിന്നും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വീല്‍ ചെയറിലേക്ക്‌ മാറ്റുവാനും അവിടെ നിന്നും കസേരകളിലേക്ക്‌ മാറ്റുന്നതിനും ഉപയോഗിക്കുന്ന ക്രയിന്‍ മാതിരിയുള്ള ഉപകരണത്തിന്‍റെ പേരാണ് ''ഹോയിസ്റ്റ് '' ( search on google ''Hoist'' ). നെഞ്ചിന്‍റെ ഭാഗത്തുകൂടി വലയം ചെയ്യപ്പെട്ട ഏതാണ്ടു ഒരടിയോളം വീതിയുള്ള ഒരു ബെല്‍റ്റ്‌, അതില്‍ നിന്നും ഇരു വശങ്ങളിലുമായി രണ്ടു ബെല്ടുകള്‍ ഹോയിസ്ടിന്റെ രണ്ടു കൈകളിലേക്ക് ഘടിപ്പിക്കും ,അതോടൊപ്പം ഹോയിസിന്റെ കൈകളില്‍ രണ്ടു കൈകളാലും പിടിക്കുകയുമാകാം. കാലുകള്‍ ഹോയിസ്ടില്‍ ഉറപ്പിച്ച ശേഷം പതിയെ ഉയര്‍ത്തും ശേഷം ഹോയിസ്റ്റ് നീക്കി അടുത്ത സീറ്റിലേക്ക് കൊണ്ടുപോയി പതിയെ താഴ്ത്തിയിറക്കും, കാലുകള്‍ ഉറപ്പിക്കുന്നതിലും കൈകളില്‍ ബലം പ്രയോഗിക്കനുമുള്ള കഴിവിനെ അനുസരിച്ചിരിക്കും നെഞ്ചില്‍ മുറുകുന്ന ബെല്‍റ്റിന്റെ അസ്വസ്ഥത. ശരിക്കും വലിയ ശരീര പ്രകൃതക്കാരില്‍ അത് വേദന ഉണ്ടാക്കുന്നതായിട്ടു തോന്നി. തിരിച്ചു രാത്രിയിലും കുട്ടികളെ കിടക്കയിലേക്ക് കൊണ്ടുപോയി കിടത്തുന്ന അനുഭവമാണ്‌ ഓരോരുതരെയയിട്ടു ഇതേ പ്രക്രിയയിലൂടെ വീല്‍ ചെയറിലേക്ക്‌ മാറ്റുമ്പോഴും ഉണ്ടാവുക.

                    ഒരു പക്ഷെ നല്ല വരുമാനമുള്ള ഉദ്യോഗത്തില്‍ ഇരുന്നവരും നല്ലരീതിയില്‍ ജീവിച്ചിരുന്നവരും ആയിരിക്കും എല്ലാവരും, പക്ഷെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് മറ്റൊരാളുടെ സൗകര്യം ഉണ്ടെങ്കിലും, അവര്‍ സഹായിച്ചാലും സ്വന്തം കാലുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥ ശരിക്കും ചിന്തകള്‍ക്ക് അതീതം തന്നെയാണ്. പഞ്ചാബുകാരനായ വളരെ പ്രായമുള്ള ഒരു മനുഷ്യന്‍ ജ്യൂസ്‌ കുടിക്കാനായി ആ പ്രത്യേക തരത്തിലുള്ള കപ്പ്‌ ചുണ്ടുകളിലേക്ക്‌ കൊണ്ടുപോകുന്ന കാഴ്ച കുറച്ചു നേരം നോക്കി നില്‍ക്കെണ്ടതായിരുന്നു . സാധാരണയായി നമ്മള്‍ കൈയ്യുടെ ഉള്‍വശം കൊണ്ട് സാധനങ്ങള്‍ എടുക്കുമ്പോള്‍ അദ്ദേഹം തന്‍റെ രണ്ടു കൈകളുടെയും പുറം ഭാഗം ഉപയോഗിച്ച് മേശപ്പുറത്തു വച്ച് കപ്പിനെ ബന്ധിച്ച ശേഷം മുന്നോട്ടാഞ്ഞു പതിയെ ചുണ്ടുകള്‍ അതിലേക്കു കൊണ്ടുവന്നു, കപ്പിന്റെ നോസില്‍ ഭാഗത്തെ പല്ലുകളില്‍ കൂടി ഭദ്രമാക്കി , കൈകളില്‍ താങ്ങി നിര്‍ത്തി , അതുമായി വീണ്ടും പിന്നോട്ട് ആഞ്ഞുപോയി കുടിക്കാന്‍ തുടങ്ങി. വളരെയധികം സമയമെടുത്തു ഇത്രയും ചെയ്യാന്‍ പക്ഷെ കഴിയുന്നിടത്തോളം സ്വയം പര്യാപ്തമാകാന്‍ ക്ഷമയോടെ കാത്തുനില്‍ക്കയാണ് മറ്റുള്ളവര്‍.

                  ഒരാള്‍ കൈ കൊട്ടി പാടിക്കൊണ്ടിരിക്കുന്നു , ഒരാള്‍ ഒരു ചെയറില്‍ നിന്നും വളരെ പണിപ്പെട്ട് അടുത്ത ചെയറിലേക്ക്‌ മാറാന്‍ ശ്രമിക്കുന്നു. ചിലര്‍ എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്നു.

അതില്‍ ഒരമ്മൂമ്മയോടു അവിടുത്തെ കെയറര്‍ ചോക്ലേറ്റ് വേണമോന്നു ചോദിച്ചപ്പോള്‍ കൊച്ചുകുട്ടികളെ പ്പോലെ ഇടത്തേക്കും വലത്തേയ്ക്കും ''വേണ്ട'' എന്നര്‍ത്ഥത്തില്‍ തലതിരിച്ചു  വിടുന്നതിലെ നിഷ്കളങ്കത ശ്രദ്ദേയമായിരുന്നു.

ഇടത്തേക്കും വലത്തേക്കും തല തിരിച്ചാൽ  ''വേണ്ട ''  എന്നർത്ഥം. തല മുകളിലേക്കും താഴേക്കും ചലിപ്പിച്ചാൽ  ''വേണം'' എന്നർത്ഥം. ഇവിടെ വെള്ളക്കാർക്ക് വലിയ തമാശയാണ്, നമ്മുടെ ഇന്ത്യൻ തലയാട്ടം.. 
വെടീ വച്ചിട്ടു  ''ഠോ'' എന്നു പറയും പോലെ തല ആട്ടിയിട്ട് പറയുകകൂടി വേണം നമ്മൾ,   അല്ലങ്കിൽ കാണുന്ന ആൾക്ക് മനസിലാകില്ല എന്താണ്  കവി  ഉദ്ദേശിച്ചത് എന്നു... 

                    ശരീരത്തില്‍ നന്നായി രക്തയോട്ടമുള്ളപ്പോള്‍ നാം ചെയ്തു കൂട്ടുന്ന ഓരോ പ്രവര്‍ത്തിയും , ആരെയും എന്തും പറയാം എന്നുള്ള തോന്നലും , ഞാന്‍ എന്നും എന്റെതെന്നുള്ള  ഭാവവും എനിക്കെന്തും ആകുമെന്നും, ആകാമെന്നുമുള്ള വിചാരവുമൊക്കെ അടങ്ങി , സ്വന്തം കൈ ഒന്നെടുത്തു മാറ്റി വയ്ക്കാന്‍ , ഒന്ന് തിരിഞ്ഞു കിടക്കാന്‍ , മുതുക് ഒന്നുചോറിയാന്‍ കൈ അവിടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് നാമെത്തിപ്പെടുമെന്നുള്ള ചിന്താവബോധം ഉണ്ടാകുമെങ്കില്‍ ഒരു പക്ഷെ നമുക്ക് നമ്മുടെ ജീവിതത്തെ സമാധാനമായി നോക്കിക്കാണാനും സന്തോഷമായി കൊണ്ടുപോകാനും കഴിയുമെന്ന് തോനുന്നു.


''തിലകം ചാര്‍ത്തി ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ പുണ്ണ്യ ശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയതൊരു തലയോടായി''

                       ഈ വരികളായിരുന്നു ഓര്‍മ്മവന്നത്. ആയകാലത്ത് പരമാവധി ഒരുക്കി സൗന്ദര്യ വാര്‍ധക വസ്തുക്കളാല്‍ മൂടി അഴകാര്‍ന്നു നടന്നവരാണ്. ഒരുപക്ഷെ നിസ്സഹായതകളുടെ ആകെ തുകയായിരിക്കണം വാര്‍ദ്ധക്യം, ചെയ്യുന്നതും പറയുന്നതും കാണുന്നതും കേള്‍ക്കുന്നതും എല്ലാം കുറ്റമായി മാത്രം മാറുന്ന അവസ്ഥ. മനസ് ചലിക്കുന്ന വേഗതയില്‍ കയ്യും കാലും ചലിക്കാതിരിക്കയും , മനസിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാത്ത ശരീരത്തിന്റെ അവസ്ഥ. എന്ത് പറയണമെന്നും എപ്പോള്‍ പറയണമെന്നും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ. അവിടെ നമ്മള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയണമെങ്കില്‍ നല്ല പ്രായത്തില്‍ മനസിനെ നല്ലവഴിയ്ക്ക് പോസിറ്റീവ് ആയി ചിന്തിച്ചാല്‍ വയസ്സാകുമ്പോൾ   മറ്റുള്ളവരുടെ ശാസനകള്‍ കേള്‍ക്കേണ്ടി വരില്ല.  

        കാരണം വന്നും പോയും നില്‍ക്കുന്ന ഓര്‍മ്മകളില്‍ കൂടുതലും പ്രവര്‍ത്തിക്കുക നമ്മുടെ ഉപബോധ മനസ് തന്നെയായിരിക്കണം. അപ്പോള്‍ നല്ല ചിന്തകളില്‍ കൂടി കടന്നു പോയ ജീവിതവും മനസും ശരീരവുമാകുംപോള്‍ അന്നുള്ള ചിന്തകളും നല്ലത് തന്നെയാകും , കഷ്ടപ്പാടുകളെയും വിഷമാവസ്ഥയെയും ഉള്‍ക്കൊണ്ടുകൊണ്ട് കാലം കഴിക്കാന്‍ കഴിയുമ്പോള്‍ അന്നും നമ്മള്‍ സന്തോഷമുള്ളവര്‍ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ആഗമനോദ്ദേശ്യം പൂര്‍ത്തിയായി പോകാന്‍ സമയമാകുമ്പോള്‍ പൂന്താനം നമ്പൂതിരി പറയുന്നപോലെ

''വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്
കൊതിച്ചീടുന്ന ബ്രഹ്മത്തെ കണ്ടിട്ട്
കുതിച്ചീടുന്നു ജീവനുമപ്പോഴേ''

                    ഇപ്പോള്‍ നന്നായി ചിന്തിയ്ക്കണം നല്ലകാര്യങ്ങള്‍ അടുത്ത തലമുറയ്ക്കു പകരാനായി അവരവരെ കൊണ്ട് കഴിയുന്നതുപോലെ ചെയ്യണം. രണ്ടു തലമുറ മുന്‍പുവരെ ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതചര്യയുടെ ഭാഗമായി മറ്റുള്ളവര്‍ പഠിപ്പിക്കാതെ തന്നെ അടുത്ത തലമുറ പഠിക്കുമായിരുന്നു. ഇനി അത് നടപ്പുള്ളതല്ല, ശീലമാക്കുകയും ശീലമാക്കിക്കുകയും തന്നെ വേണം. മാറുന്ന സാങ്കേതിക വിദ്യകളിൽ  പലതും  ഇല്ലാതെയാകുന്നതിന്  കാരണം, അന്നത്തെ അറിവിൽ ഓരോ കാര്യവും  ജനങ്ങളിലേക്ക് എത്തിക്കാന് അന്നത്തെ  സമൂഹം  സ്വീകരിച്ച  വഴികളാണ്. പക്ഷേ ഇന്ന് അതിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അത് പ്രാകൃത വഴികളാണ്.  

കഴിഞ്ഞ തലമുറക്കാര്‍ക്ക് ഈ വിഷയത്തിലുള്ള ആത്മവിശ്വാസത്തിന്റെ  നിലവാരതിനനുസരിച് അവര്‍ വിചാരിച്ച നിലയില്‍ സാമ്പത്തികമായി അവരുടെ കുട്ടികള്‍ എത്തിയെങ്കിലുംമാനസികമായും മനുഷ്യത്വപരമായും എത്താന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് ഇന്നുള്ള പത്രവാര്‍ത്തകളില്‍ നിന്നുതന്നെ നമുക്ക് മനസിലാകുന്നത്.
 
വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ച്,  പത്രധര്‍മ്മത്തെ മനപൂര്‍വ്വം അവഗണിച്ചുകൊണ്ട് വരിക്കാരെ കൂട്ടാന്‍ മത്സരിച്ചിറങ്ങിയ പത്രങ്ങള്‍ പ്രഭാതങ്ങളില്‍ തന്നെ മുഖ്യ പേജില്‍ കൂടിയും മലയാളിയുടെ ചൂട് ചായയോടൊപ്പം ചൂടു ചോരയും വിളമ്പാന്‍ തുടങ്ങിയപ്പോള്‍ ഒരുദിവസത്തിന്റെ തുടക്കമായ രാവിലെ തന്നെ കടുത്ത നെഗറ്റീവുകളിലേക്ക് നമ്മള്‍ സഞ്ചരിച്ചു തുടങ്ങി. തുടര്‍ന്ന് പത്രങ്ങളിലെ എണ്ണങ്ങള്‍ കൂടിയ മരണത്തിന്റെ കഥപറഞ്ഞു, അതി ക്രൂരമായ പ്രവര്‍ത്തികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കു വെച്ച് തര്‍ക്കിക്കാനും ജയിക്കാനും വലിയ ആളാകാനും മത്സരിച്ച നമ്മള്‍ മറന്നു പോയി നമ്മുടെ  ലക്ഷ്യവും ബോധവുമൊക്കെ.  

 തലയ്ക്കു വെളിവില്ലാതാകണം ഒന്നുറങ്ങണമെങ്കില്‍,   എന്ന അവസ്ഥയിലെക്കുയര്‍ന്നപ്പോള്‍ ബിവറെജ് കോര്പരെഷനില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ പല മടങ്ങുകള്‍ ആരോഗ്യ മേഖലയ്ക്കും ഇത് മൂലമുണ്ടാകുന്ന ക്രമസമാധനപരിപാലന രംഗത്തും മുടക്കേണ്ടി വന്നിരിക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്. കാലം മാറുന്നതനുസരിച്ച് നമ്മുടെ  നിയമ വ്യവസ്ഥകളിവേണ്ട മാറ്റങ്ങൾ കൊണ്ടുവരാനും നടപ്പാക്കുവാനും നമുക്ക്  കഴിഞ്ഞില്ല.  കുറച്ചു കൈവിട്ടു പോയിയെങ്കിലും ഞാന്‍ പറഞ്ഞു വന്നത് നമ്മള്‍ നെഗറ്റീവുകളിലേക്ക് എങ്ങിനെ ആഴത്തില്‍ നാമറിയാതെ പോകുന്നു , നമുക്ക് എവിടയാണ് സമയകുറവും ചിന്താബോധവും നഷടപ്പെട്ടതെന്നു കാണിക്കുകയായിരുന്നു.

                     കുട്ടികളിലേക്ക് ജീവിതചര്യകളും മനുഷ്യത്വ മനോഭാവവും എത്തിക്കാനുള്ളവഴി ''നമ്മള്‍മാതൃകയാവുക '' എന്നുള്ളതാണ്, കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നും ജീവിതത്തെ  പറ്റി പഠിപ്പിക്കുന്നില്ല , പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കുക മാര്‍ക്കുവാങ്ങുക. എന്നുള്ളതായി. പഴയകാലത്തെ അധ്യാപകര്‍ വളരെയധികം അനുഭവ പരിചയം ഉള്ളവരായിരുന്നു, അവരുടെ അനുഭവ കഥകള്‍ കുട്ടികളിലേക്ക് പകരാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു .

                     കാലം പോയപ്പോള്‍ എല്ലാ മനുഷ്യനും ഒരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ,   അത്, '' ഞാന്‍ കഷ്ടപ്പെട്ട മാതിരി എന്റെ മക്കള്‍ കഷ്ടപ്പെടാന്‍ പാടില്ല. '' എന്നുള്ളതായിരുന്നു അത് കാരണം രൂപയുടെ മൂല്യവും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ട ആവശ്യകതയും കുറഞ്ഞു വന്നു. മറ്റുള്ളവരുടെ മുന്‍പില്‍ അവനവന്‍റെ നേട്ടങ്ങള്‍ കാണിക്കാനുള്ള മത്സരത്തില്‍ സംസ്കാരവും ഇല്ലാതായി. ഇനിയും നമുക്ക് വേണമെങ്കില്‍ നല്ല വ്യക്തികളെയും അതുവഴി നല്ല കുടുംബ ബന്ധങ്ങളെയും അങ്ങിനെ സമാധാനപരമായ ഗ്രാമങ്ങളും അതുവഴി രാജ്യത്തിന്‍റെ സമാധാനവും നിലനിര്‍ത്താം. അപ്പോള്‍ നമ്മള്‍ ഓരോ വ്യക്തികളു മാണ് രാജ്യത്തിന്‍റെ സമ്പത്ത് എന്ന് മനസിലാക്കുക.
       
                           ഓരോ മനുഷ്യ ജന്മതിന്റെയും ലക്‌ഷ്യം ആത്മ സാക്ഷാത്ക്കാരം നേടുക എന്നുള്ളതാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ നല്ലത് ചിന്തിച്ചും നല്ലത് പ്രവര്‍ത്തിച്ചും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സന്തോഷകരമായി നമ്മുടെ അവസ്ഥ എന്താണോ അതിനെ ഉള്‍ക്കൊണ്ട് പരിമിതികളില്‍നിന്നു കൊണ്ട് ജീവിക്കുകയും കഴിയും വിധം മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതുമാണ് . ഭാരതീയരായ സ്ഥിതിക്ക് നമുക്ക് മിക്കവാറും നമ്മുടെ ജീവിതചര്യകളെ കുറിച്ച് അറിവുള്ളതും , അറിവില്ലാത്തത്‌ അറിയാനുള്ള അവസരമുള്ളതുമാണെങ്കിലും നമ്മളെ സംബന്ധിച്ച് മലയാളികളായ സ്ഥിതിക്ക് പിന്നെ ഉന്നത കുലജാതരുകൂടിയാണങ്കില്‍ , സംസാരത്തിലും ഭാഷയിലും വേഷത്തിലുമൊക്കെ എന്ത് സംസ്കാരം എന്ന് ചോദിക്കുന്നവരാണ്‌. ഇതില്‍ നിന്നും ഭിന്നമായി നല്ലരീതിയില്‍ ജീവിതചര്യകളെ ആചരിച്ചും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കി നല്ലരീതിയില്‍ പോകുന്ന കുടുംബങ്ങളുമുണ്ട് . ഇന്ന് അവനവന്‍റെ ഉത്തരവാദിത്വം നിറവേറ്റിയാല്‍ നാളെ വിഷമിക്കേണ്ടി വരില്ല. അത്തരത്തില്‍ ജീവിക്കുന്നവര്‍ക്ക് അതിന്‍റെതായ നന്മകളും ഉള്ളതായി കാണാന്‍ കഴിയുന്നു. ഇങ്ങനെയൊക്കെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും സമയ സമയങ്ങളില്‍ നിറവേറ്റിയാല്‍ നാളെ ഇതുപോലെ ഒരവസ്ഥ വരാനാണ് നമ്മുടെ യോഗമെങ്കിലും അന്ന് നെടുവീര്‍പ്പുകളും പൂമാലയാക്കാം , ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനകളാക്കാം (ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍) . അതിനുള്ള കഴിവും അതിനെയും നന്നായി കാണാനുള്ള കരുത്തും നമുക്കിന്നു നേടിയെടുക്കാം ഇന്നുള്ള ദൈനംദിന ജീവിതത്തില്‍ നിന്നും.

                 പരിമിതമായ അറിവിലും പരിചയതിലുമു ള്ളകാഴ്ചപ്പാടുകളാണ്, സാമാന്യ ബുദ്ധിക്കു ചിന്തിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് വിശ്വാസം. തെറ്റാണെന്ന് തോനുന്ന കാര്യങ്ങള്‍ സദയം ക്ഷമിക്കാനും മെസ്സേജ് വഴി അറിയിക്കാനും മനസുകാണിക്കണമെന്നു അപേക്ഷിക്കുന്നു.

                       മൂല്യമുള്ളതാണെന്ന് തോനുന്നുവെങ്കില്‍, നിങ്ങള്‍ സ്നേഹിക്കുന്നവരില്‍ കുറച്ചു പേര്‍ക്ക് അവര്‍ക്കറിയവുന്നതും മറന്നുപോയതുമായ കുറച്ചുകാര്യങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവരാനുള്ള അവസരമാണ് ഇതെന്ന് തോനുന്നുവെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റു വായനക്കാര്‍ക്കായി പങ്കുവയ്ക്കാന്‍ കൂടി അപേക്ഷിക്കുന്നു. നന്ദി.

                 നമ്മെ ഒന്നാക്കിയ ഈ ''മുഖ പുസ്തക '' ത്തിനും നന്ദി.


മറ്റു ലേഖനങ്ങള്‍ക്ക്:https://www.facebook.com/groups/entekuthikurippukal/
RE posting with less pictures, more pictures on this link :https://www.facebook.com/groups/entekuthikurippukal/permalink/731504833574380/

No comments:

Post a Comment