Saturday 6 December 2014

ഈ കുത്തിക്കുറിപ്പുകളെ കുറിച്ച് ചെറിയ ഒരു പരിചയപ്പെടുത്തല്‍ ....

സ്നേഹം നിറഞ്ഞ ബന്ധുവിന് ഹൃദയം നിറഞ്ഞ നമസ്കാരം ,

ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.

              ഇവിടെ ഞാന്‍ എന്‍റെ അനുഭവത്തിലും പരിചയത്തിലുമുള്ള ചില കാഴ്ചപാടുകളും അഭിപ്രായങ്ങളുമാണ് എഴുതുന്നത്. ചിലത് നിങ്ങളെ നല്ലതിലേക്കു നയിക്കാന്‍ നിങ്ങളെ കൊണ്ട് തന്നെ ചിന്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചിലത് നടന്നുകൊണ്ടിരിക്കുന്നതോ കഴിഞ്ഞു പോയതോ ആയ കാര്യങ്ങളിലുള്ള കമന്റ്സ് ആണ്. വായിക്കുവാനും മനസിലാക്കുവാനും ജീവിതത്തെ നല്ല രീതിയില്‍ കാണാനുമുള്ള കഴിവുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
           സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്തകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി , അത്രമാത്രം.

          നമുക്കു ഈ ഭൂമിയില്‍ ജീവിക്കാന്‍ കിട്ടിയ സുവര്‍ണ അവസരം, നമുക്കതിനെ ദുഃഖ ത്തിന്‍റെ പാതയില്‍ കരഞ്ഞു തീര്‍ക്കാം, സന്തോഷത്തിന്‍റെ പാതയില്‍ ആനന്ദകരമാക്കി തീര്‍ക്കാം. ഇവിടെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കോരോരുതര്‍ക്കുമാണന്നറിയുക. അതുകൊണ്ട് നമ്മള്‍ തന്നെ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കെണ്ടതാണ്.
          നമ്മുടെ ചുറ്റുപാടുകള്‍ക്കും സമൂഹത്തിനും തകര്‍ക്കുവാനുള്ളതാകരുത് നമ്മുടെ മനസമാധാനം. മനസു വിഷമിപ്പിച്ചു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും നമുക്ക് വലിയ നഷ്ടങ്ങള്‍ മാത്രമാണ്, അത് മുന്നോട്ടുള്ള യാത്രയ്ക്ക് തടസവുമാണ്.

                അവനവനെ അടുത്തറിയുകയും, നന്മയെ പുറത്തു കൊണ്ടുവരികയും, നമുക്കുള്ളതില്‍ പൂര്‍ണമായി സന്തോഷം കണ്ടെത്തുകയും, നമ്മുടെ കുറവുകള്‍ മനസിലാക്കി പരിഹരിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായി തീരും സമാധാനപരമായി തീരും. ക്ഷമ അത്യാവശ്യമായ ഘടകവുമാണ്. ഇതിനായി മത, ജ്യാതി, വര്‍ഗ്ഗ , രാഷ്ട്രീയ ഭേദമെന്ന്യേ കഴിയുന്ന സഹായം വാക്കുകളില്‍ കൂടി പറഞ്ഞു കൊടുക്കുക, കൂടുതല്‍ പഠിക്കുക, സുഖത്തിലും ദുഃഖത്തിലും മനസിനെ ഒരേ നിലയില്‍ തന്നെ കൊണ്ടുപോവുക, എന്നുള്ളതാണ് എന്‍റെ ലക്‌ഷ്യം.

                     പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രശ്നവും ഇവിടെ ഇല്ല എന്നു വിശ്വസിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ നിയതികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വിശ്വസിക്കുന്നു. കര്‍മ ഫലമാണ്‌ മനുഷ്യ ജീവിതം , നാളത്തെ ജീവിതം സന്തോഷകരമാക്കാന്‍ വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ഇന്നുമുതല്‍ നമ്മുടെ ചിന്താധാരകളേയും, വാക്കുകളെയും, പ്രവര്‍ത്തികളെകളെയും നല്ല വഴിക്ക് നയിക്കാം, അപ്പോൾ നമ്മുടെ പെരുമാറ്റവും നന്മ നിറഞ്ഞതാകും. നമ്മളും നന്മ നിറഞ്ഞവരാകും. കൂടാതെ മറ്റുള്ളവരിലെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാവര്ക്കും നന്മ വരണമെന്നാഗ്രഹിക്കുക നാമും നന്മയിലേക്ക് പോകും , മനസു വിശാലമാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതാകും, ഇങ്ങനെ ചിന്തിച്ചു ശിഷ്ട കാലം സന്തോഷകരമാക്കുക.
                     ഒരു പ്രധാന കാര്യം കൂടി അറിയിക്കാനുള്ളത്, ഇവിടെ എഴുതുന്ന വിഷയങ്ങള്‍ ഞാന്‍ കണ്ടെത്തിയത് മാത്രമല്ല, നമ്മള്‍ ശ്രദ്ടിക്കപ്പെടാതെ പോയ, അല്ലങ്കില്‍ അറിഞ്ഞിട്ടും, ''കണ്ടില്ല '' ''കേട്ടില്ല'' എന്ന് നടിച്ച കാര്യങ്ങളാകാം. പല ബുക്കുകളില്‍ വയിച്ചതാകാം, പല ഭാഷകളിലുള്ള പ്രഭാഷങ്ങളില്‍ നിന്നും കേട്ടപ്പോള്‍ എന്നെ സ്വധീനിച്ചതാകാം, അനുഭവങ്ങളാകാം, കൌണ്‍സിലിന്റെ ഭാഗമായി മറ്റുള്ളവരുടെ അനുഭവങ്ങൾ എന്നോട് പങ്കുവച്ചപ്പോൾ കിട്ടിയതാകാം, പക്ഷേ അത്തരം വിഷയങ്ങളില്‍ കൂടി അത്രമാത്രം ഞാന്‍ കടന്നു പോയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.   അതുകൊണ്ട് ഇതിന്റെയൊന്നും സൃഷ്ടി കർത്താവെന്ന് അവകാശപ്പെടാൻ ഞാൻ യോഗ്യനല്ല. പകരം എനിക്ക് പിന്നീടു എപ്പോഴെങ്കിലും നോക്കിവായിക്കാനും, അത് കൂടാതെ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്ന ബന്ധുജനങ്ങൾക്കു വേണ്ടിയും സദയം സമർപ്പിക്കുന്നു.  ഈ പ്രപഞ്ച സൃഷ്ടാവിന്റെ കയ്യിലെ വെറുമൊരു ആയുധമായി ഞാൻ വർത്തിക്കുന്നു. അത്രമാത്രം.

                     അതുകൊണ്ട് നിങ്ങൾ വായിച്ചു മനസിലാക്കിയ സംഗതി നന്മയിലേക്ക് നയിക്കുന്നതാണെങ്കിൽ അത് നന്നായി നിങ്ങളുടെ ചിന്തയിലും പ്രവർത്തിയിലും ആക്കി തീർക്കുക എന്നുള്ളത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

അങ്ങിനെ നന്മ നിറഞ്ഞ വ്യക്തിയാവുക. 
വ്യക്തികൾ നന്നാകുമ്പോൾ കുടുംബവും
കുടുംബങ്ങൾ നന്നാകുമ്പോൾ സമൂഹവും
സമൂഹങ്ങൾ നന്നാകുമ്പോൾ രാജ്യവും നന്നാകും .

                  ഒരിക്കലും നശിക്കാത്തത് എന്നർത്ഥത്തിൽ നമ്മുടെ പൂർവികർ പേരിട്ട ''സനാതന ധർമ്മത്തെ'' ഭാരതത്തിന്റെ മക്കളായ നമുക്ക് മുറുകെപ്പിടിക്കാം, നെഞ്ചിലേറ്റാം, ലോകത്തിനു മുഴുവൻ വെളിച്ചം വീശാം. ഇതിനു കക്ഷി രാഷ്ട്രീയത്തെയും ജ്യാതി, മത ,വർഗ ചിന്തകളെയും കൂട്ടുപിടിക്കാതെ സ്വതന്ത്രമായി ചിന്തിക്കുക.

            ഇവിടെ പറയുന്ന കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നല്‍കുക. ആരു പറയുന്നു എന്നത് കണക്കിലെടുക്കാതിരിക്കുക. നന്നായി മനസിലാക്കുക.
നന്മ നിറഞ്ഞ ഒരു ജീവിതം നേരുന്നു, ദയവായി ഒന്നു കൂടി വായിക്കുക, നന്ദി,നമസ്കാരം .

No comments:

Post a Comment