Friday 6 March 2015

കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും കണക്കിലെടുത്ത് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കുമായും സമര്‍പ്പിക്കുന്നു.



നമസ്തെ ബന്ധുജനങ്ങളെ

കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും കണക്കിലെടുത്ത് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കുമായും സമര്‍പ്പിക്കുന്നു. smile emoticon

പണ്ട് ലാന്‍ഡ്‌ ഫോണ്‍ ഉള്ളത് ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വീട്ടില്‍ മാത്രമായിരുന്നു. അത് ആ പരിസരത്തെ നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലും ആയിരുന്നു. അന്നാരങ്കിലും ഗള്‍ഫില്‍ നിന്നൊന്നു വിളിച്ചാല്‍ ആ വലിയ വീട്ടിലെ അമ്മ അടുത്തവീട്ടില്‍ പറഞ്ഞു അവര്‍ അടുത്ത ആളിന് കൈമാറി ആ വാര്‍ത്ത‍ എത്തേണ്ടിടത് എത്തുമായിരുന്നു. അല്ലങ്കില്‍ ആ അമ്മ അങ്ങേയറ്റം വരെ പോയി പറയുമായിരുന്നു. ഇതിനിടയില്‍ ഒരു കാറ്റോ മഴയോ വന്നാല്‍ അടുത്ത വിളിക്ക് കാത്തു നിന്നതും വെറുതെയായി. ചുരുക്കത്തില്‍ സുഗുണന്‍ ഒന്ന് വിളിച്ചാല്‍ നാട് മുഴുവന്‍ ആ വിളി കേള്‍ക്കുമായിരുന്നു.
             പിന്നീടു ലാന്‍ഡ്‌ ഫോണുകള്‍ സജീവമായി. അടുത്ത വീട്ടില്‍ പോയിരുന്നു കാത്തു മുഷിയേണ്ട, സൌകര്യമായി രഹസ്യങ്ങളും കൈമാറാം എന്നായി. ഒരു വീട്ടില്‍ ഒന്ന് വിളിച്ചാല്‍ ആ വീട്ടിലെ എല്ലാ ആളുകളെങ്കിലും അറിയും എന്ന നേട്ടവും ഉണ്ടായിരുന്നു.
                അധികകാലം കഴിയാതെ അത് മൊബൈല്‍ ഫോണുകള്‍ക്ക് വഴിമാറി. തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. രാത്രിയില്‍ അത്താഴം ഉണ്ണുന്ന നേരത്തെങ്കിലും എല്ലാവരോടുമായി പറയുമായിരുന്നു ആരെങ്കിലും വിളിച്ച് എന്തെങ്കിലും വിശേഷം പറഞ്ഞതൊക്കെ. മൊബൈല്‍ ഫോണുകള്‍ മറ്റു പല സൌകര്യങ്ങള്‍ക്കും വഴിമാറി.

                   കാലം പിന്നെയും പോയി അത്യാവശ്യം നിത്യവൃത്തിക്ക് വകയുള്ള എന്റെ അച്ഛന്‍ ഒരു നൂതന മൊബൈല്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി എനിക്ക് വാങ്ങിത്തന്നു. അതില്‍ വരുന്ന വിളികള്‍ എനിക്ക് മാത്രമായി പരിമിതപ്പെട്ടു. അതിലൂടെ ഞാന്‍ ലോകം കാണാന്‍ തുടങ്ങി. ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും അകന്നു. ഇഷ്ട വിനോദം ചാറ്റിങ്ങായി . ഗൂഗിളും ഫേസ് ബുക്കും വാട്ട്‌സ് അപ്പുമൊക്കെ എന്റെ ഉറ്റ ചെങ്ങാതിമാരായി. വിദൂരങ്ങളില്‍ ഉള്ളവര്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവരും. അവരില്‍ നല്ലതും മോശവും തിരിച്ചറിയാതയുമായി. എന്റെ മനോനിലയും സന്തോഷവുമെല്ലാം നിശ്ചയിക്കുന്നത് അവരായി മാറി. എന്റെ അടുത്തുള്ളവര്‍ ഞാനറിയാത്തവരുമായി. ''അകലത്തിലുള്ള മിത്രത്തെക്കാള്‍ ഉപകരിക്കുക അടുത്തുള്ള ശത്രുവാണന്നുള്ള'' പ്രമാണവും ഞാന്‍ മറന്നു. എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച അച്ഛനുമമ്മയും വന്നു നോക്കി ഞാനുറങ്ങിയോ? എന്ന്. അച്ഛന്‍ വാങ്ങി തന്ന കമ്പിളി പുതപ്പിനടിയില്‍ അപ്പോഴും വിദൂരങ്ങളിലുള്ള എന്റെ ആത്മാര്‍ത്ഥ സുഹൃതുക്കളെന്നു ഞാന്‍ തെറ്റിധരിച്ചവരുമായി തിരക്കിലായിരുന്നു. എന്റെ ഉറക്കം മിനക്കെടുതിയിട്ടു വേണമോ ഈ സംഭാഷണം, എന്ന് ഞാനോര്‍ത്തില്ല. മോബൈല്‍ സ്ക്രീനിലേക്ക് അരണ്ട വെട്ടത്തില്‍ തുറിച്ചു നോക്കിയ എന്റെ കുഞ്ഞു കണ്ണുകള്‍ ഇമ വെട്ടാതെ അടുത്ത മറുപടിക്കായി കാത്തിരുന്നു. സമയങ്ങള്‍ പോകുന്നു... 11, 12, 1 ....എന്റെ മൊബൈലിന്റെ അതിഭീകരമായ രേഡിയേഷന്‍ നെറ്റ് വര്‍ക്ക്‌ ഓണ്‍ , ഇന്റര്‍ നെറ്റ് ഓണ്‍, എന്നെ ഓഫാക്കി. എപ്പോഴോ ഞാന്‍ സ്നേഹിക്കാത്ത എന്റെ ശരീരം തളര്‍ന്നു ഞാനുറങ്ങി. കൈകള്‍ വിട്ട മൊബൈല്‍ ഞാനറിയാതെ എന്റെ നെഞ്ചോട്‌ ചേര്‍ന്നുകിടന്നു. ഉറക്കത്തിലും ഞാന്‍ ഞെട്ടിയുണര്‍ന്നു നോടിഫിക്കേഷന്‍ കേട്ടായിരുന്നു അത്. വീണ്ടും ഞാന്‍ ലൈക്കും കമന്റും എണ്ണിതിട്ടപ്പെടുത്തി. ശരിക്കുറങ്ങാനും പറ്റുന്നില്ല. രാവിലെ സമയത്ത് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. പഠിക്കാന്‍ പോയാലും ഒരുന്മേഷമില്ല പലപ്പോഴും എന്തുപറയണം എന്നുകൂടി അറിയുന്നില്ല, ഒന്നിനും ഒരു ഏകാഗ്രതയും കിട്ടുന്നില്ല. ഓര്‍മ്മക്കുറവും ഉണ്ട്. ഒന്നും മനസിലാകുന്നില്ല. അറിയാവുന്ന പ്രായം മുതലേ ഞാന്‍ ഇങ്ങനെ ശീലിച്ചതിനാല്‍ എന്നിലെ അറിവിന്റെ പരിമിതി അതില്‍ കൂടുതല്‍ അറിയുവാന്‍ അനുവദിച്ചില്ല.

                    എന്റെ ശീലങ്ങള്‍ മാറ്റി..... 7.30 - 8 മണിയ്ക്ക് അത്താഴം കഴിയ്ക്കും. ദഹനത്തിന് 2 മണിക്കൂര്‍. അങ്ങേയറ്റം പോയാല്‍ പത്തുമണിക്ക് കിടക്കും. കിടക്കുമ്പോള്‍ തല വടക്ക് ദിശയില്‍ അല്ല എന്ന് ഉറപ്പു വരുത്തും. കഴിയുന്നതും കിഴക്ക് തല വയ്ക്കാന്‍ നോക്കും. മൊബൈല്‍ ഇന്റര്‍നെറ്റ് ഓഫ്‌, കയ്യെത്താത്ത ദൂരത്തു വയ്ച്ചു. രാത്രിയില്‍ ഞെട്ടി ഉണര്‍ന്നാലും മൊബൈല്‍ നോക്കുന്ന പ്രശ്നമില്ല. രാവിലെ ഉണരാന്‍ അലാറം നല്ല ഭക്തിഗാനം. കിടക്കയില്‍ ഒന്നിരിക്കും എന്റെ കൈകളില്‍ ജന്മം തന്ന അമ്മയെയും കാരണമായ അച്ഛനെയും കാണും അനുഗ്രഹം വാങ്ങിക്കും. എന്റെ ദിവസം നന്നാകാന്‍ എനിക്ക് ജഗദീശ്വരന്റെ അനുഗ്രഹം വേണം. എന്റെ വിശ്വാസത്തിലുള്ള ഈശ്വരന്മാരെ ഞാന്‍ പ്രവൃത്തിയെടുക്കുന്ന എന്റെ കൈകളില്‍ കാണും. എന്നെ ഇവിടെ നിലനിര്‍ത്തുന്ന ഭൂമിദേവിയെ വലതു കൈ കൊണ്ട് തൊട്ടു വണങ്ങും. എന്നിട്ട് രണ്ടു വരി പറയും. ചുരുക്കത്തില്‍ ഏതാണ്ട് 8 മണിക്കൂറോളം നിശ്ചലമായ ശരീരത്തില്‍ ഉണ്ടായിരുന്ന സ്ഥിതികോര്‍ജ്ജം ചലനത്തെ തുടര്‍ന്ന് ഗതികോര്‍ജ്ജമായി മാറുമ്പോള്‍ എന്റെ കാലുകള്‍ തറയില്‍ തൊട്ടാല്‍ ഊര്‍ജ്ജത്തിന്റെ ഒഴുക്ക് താഴോട്ടും എന്റെ ശരീരബലം കുറയുകയും ചെയ്യും. അതിനാല്‍ ഊര്‍ജ്ജത്തെ മുകളിലേക്ക് ഒഴുക്കി ശരീര ബലം കൂട്ടാന്‍ ഞാന്‍ കൈ തൊടും. 
                             പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളെ വന്ദിക്കാന്‍ ഞാന്‍ മറക്കില്ല. രണ്ട് ഗ്ലാസ്‌ വെള്ളം കുടിച്ച് എന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിനു ഒരാക്കം കൂട്ടിയ ശേഷം ഞാന്‍ നഗ്നപാദനായി വീട്ടുമുറ്റത്തെ കല്ലിലും മണ്ണിലും ചവിട്ടി നടക്കും. അപ്പോള്‍ എന്റെ തലച്ചോറിലെ നാഡീ ഞരമ്പുകള്‍ക്കും രക്ത പ്രവാഹം കൂടും. പ്രകൃതിയിലെ പച്ചിലകളെ കണ്ണുകള്‍ തുറന്നു ഞാന്‍ കാണും. ചെടികള്‍ക്ക് വെള്ളമൊഴികും, ചിലപ്പോള്‍ അവരോടു കിന്നാരവും പറയും. കുറച്ചു കൂടി കഴിഞ്ഞ്‌ എനിക്ക് പ്രാണായാമവും ഒന്ന് പഠിക്കണം. ഇത്രയും നേരമായിട്ടും ഞാന്‍ മൊബൈല്‍ കയ്യില്‍ എടുത്തിട്ടില്ല. ഇത്രയും ചെയ്തിട്ടും എന്നും ഞാന്‍ എഴുന്നേല്‍ക്കുന്ന നേരമായില്ല.
                 രാവിലെ എഴുന്നേറ്റു ഇതൊക്കെ ചെയ്തപ്പോള്‍ അച്ഛനും അമ്മയ്ക്കും മറ്റുള്ളവര്‍ക്കും എന്നോട് ഒരു മതിപ്പ്. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സമയം വീട്ടുകാരോടും കുറച്ചു സമയം മാത്രം മൊബൈലിലും ചിലവാക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മക്കുറവും ശരീരക്ഷീണവും എല്ലാം പരിഹരിച്ചു. മനസമാധാനമായി ഉറങ്ങാന്‍ കഴിയുന്നു. ഞാന്‍ നടന്നു പോകുമ്പോള്‍ എതിരെ വരുന്ന അടുത്ത വീട്ടുകാരെ കാണുമ്പോള്‍ ചിരിക്കാനും വിശേഷം ചോദിക്കാനും ഞാന്‍ മറക്കുന്നില്ല. എന്റെ മൊബൈല്‍ ചാറ്റ് ഉപയോഗം ഞാന്‍ തീരെ കുറച്ചു. ഇപ്പോള്‍ എനിക്ക് ഒരു പുതു ജീവന്‍ തിരിച്ചു കിട്ടി..എന്റെ അടുത്ത് നില്‍ക്കുന്ന ആളിനെ ഞാന്‍ കാണുന്നു. എല്ലാം അറിയുന്നു. ഇപ്പോള്‍ ഞാന്‍ എനിലേക്കടുത്തത് പോലെ, ഒരു മനുഷ്യനായ പോലെ........ ഒന്ന് മാറി ചിന്തിച്ചു കൂടെ എന്റെ കുഞ്ഞനുജന്മാര്‍ക്കും അനുജത്തി മാര്‍ക്കും ??

1 comment:

  1. നമസ്തെ, ഇവിടെ നിങ്ങള്‍ കുറിക്കാനുദ്ദേശിക്കുന്ന അഭിപ്രായത്തെക്കാള്‍ വലുത് നിങ്ങള്‍, നിങ്ങളെ വിലയിരുതുന്നതാണ്. നന്ദി.

    ReplyDelete