Friday, 18 October 2024

തിരോന്തോരത്തോട്ടൊന്നു വിളിച്ചാലോ???

 തിരോന്തോരത്തോട്ടൊന്നു വിളിച്ചാലോ???



നെന്മാറ വേല കാണണം എന്നൊരു ആഗ്രഹം തുടങ്ങിയിട്ട് കാലം കുറയായി, ഉത്രാളിക്കാവും മറ്റു വേലകളും മനസ്സിൽ ഇല്ലാഞ്ഞിട്ടല്ല, പക്ഷെ നേരവും കാലവും കൂടി ഒത്തു വരേണ്ടേ? അതാണ് വൈകിയത്.




അങ്ങിനെ വേല കൂടണമെന്ന ആഗ്രഹത്തിനു പരിസമാപ്തി കുറിച്ച്കൊണ്ട് യാത്രയങ്ങു തുടങ്ങി. സമയത്തു തീരുമാനിച്ചത് കൊണ്ട് ഇനി ട്രെയിനിൽ കയറി റിസ്ക് എടുത്തു പോകാൻ എന്തോ ഒരു മടി. എന്നാൽ നമ്മുടെ ജനകീയ വാഹനമായ KSRTC യിലാകട്ടെ യാത്ര എന്ന് കരുതി ഒരു സ്വിഫ്റ്റ് ബസിൽ തന്നെ സീറ്റ്‌ ഒക്കെ തരപ്പെടുത്തി യാത്ര ഉറപ്പാക്കി.


അഞ്ചു - പത്തു മിനുട്ട് വൈകിയായാലും ബസ് എത്തി, യാത്ര തുടർന്നു, സമയം രത്രി 11 മണി കഴിഞ്ഞിരിക്കുന്നു.

സ്വിഫ്റ്റ് ബസുകളിൽ ഒരു വലിയ ടീവീ യുണ്ട് പിന്നെ മ്യൂസിക് സിസ്റ്റവും ഉണ്ട്.

ഞാൻ കയറിയപ്പോൾ തന്നെ ടീവീ ഓൺ ആയിരുന്നു.... ആദ്യം കയറിക്കൂടിയ തത്രപാടിൽ ഒന്നും ആലോചിച്ചില്ല, യാത്ര തുടർന്നു, 

12 മണി ആയപ്പോഴേക്കും ടീവീ ഓഫ്‌ ചെയ്തു, പക്ഷെ മ്യൂസിക് പിന്നെയും തുടരുന്നു. 

എനിക്കു വല്ലാത്ത അസ്വസ്ഥതയും തുടങ്ങിയിരിക്കുന്നു, കണ്ണുകൾ മയങ്ങി വരുന്നുണ്ട്, പക്ഷെ ഉറങ്ങാൻ അനുവദിക്കുന്നില്ല.


എനിക്കു ഈ മ്യൂസിക് നിർത്താനായി അത് ഇവരെ അറിയിക്കണം, പക്ഷെ നേരിട്ട് ചെന്നു പറഞ്ഞിട്ട് അതിന്റെ മറുപടി ഈ വന്ന കാലത്ത് എന്തായിരിക്കും എന്ന കാര്യത്തിൽ നിരന്തരമുള്ള വാർത്തകളിൽ നിന്നും അത്യാവശ്യം ധാരണയുമുണ്ട്. ഞങ്ങളുടെ സംസാരം കേൾക്കുന്ന ആർക്കെങ്കിലും മ്യൂസിക് കേട്ടു ഉറങ്ങണം എന്ന വാദം വന്നാലോ.. പിന്നെ അതും ഒരു പ്രശ്നമാകും.


ബസ് കാത്തുനിന്നപ്പോൾ വൈകിയത് അറിയിക്കാൻ കണ്ടക്ടർ വിളിച്ച നമ്പർ അറിയാം, രണ്ടും കല്പിച്ച് അതിലേക്കു വിളിച്ചു. ഒരു റിങ് ചെയ്തു ഒപ്പം ബസിലെ പാട്ടും നിന്നു, മറുവശത്തു ഫോൺ കട്ട്‌ ചെയ്യുകയും ചെയ്തു. വീണ്ടും മ്യൂസിക് തുടർന്നു.


തിരോന്തൊരത്തേക്ക് ഒന്ന് വിളിക്കാം എന്നാൽ.... ആ...

 അല്ലങ്കിൽ നാളെയാകട്ടെ...


എന്ന് വിചാരിച്ചിരിക്കുമ്പോൾ ദേ വോളിയം വല്ലാതെ കൂട്ടുകയും ചെയ്തിരിക്കുന്നു. ഇനിയും സഹിക്കാതെ വയ്യാ....

ഗൂഗിൾൽ തപ്പി സ്വിഫ്റ്റ് കസ്റ്റമർ കെയർ തിരുവനന്തപുരം നമ്പർ എടുത്തു, വിളിച്ചു.... ആരും ഫോൺ എടുക്കുന്നില്ല.


ഇത്രയുമായപ്പോൾ വല്ലാതെ ആസ്വസ്ഥനായിരിക്കുന്നു ഞാൻ, പക്ഷെ എതിർപ്പുകൾ ഉണ്ടായിട്ടോ ഇല്ലാതിരുന്നിട്ടോ ആ ബസിലെ ഒരു മനുഷ്യർക്കും യാതൊരു പ്രതികരണവുമില്ല. ഇപ്പോൾ ഇതാണ് ഫാഷൻ, എന്തും സഹിച്ചും ക്ഷമിച്ചും അങ്ങുപോവുക, 

ഓരോ വെടിയുണ്ടയും എനിക്കു നേരെ വരുന്നത് വരെ ഞാൻ പ്രതികക്കേണ്ടതില്ല എന്ന മനോഭാവം...


ഒരുപാടു ചിന്തകൾക്കിടയിലൂടെ കടന്നുപോയി ആൾകൂട്ടത്തിൽ ഒറ്റപ്പെടുത്തലുകൾ മാത്രം കാണുന്ന ഒരു കാലമാണ്. ബുദ്ധിപൂർവ്വം, യുക്തിപൂർവ്വം നീങ്ങണം.


മണി രണ്ടര ആയിരിക്കുന്നു, മ്യൂസിക് തുടരുന്നു, അപ്പോൾ ഇത്‌ നിർത്താനും ബസിലെ യാത്രക്കാർക്ക് ഉറങ്ങാൻ അനുവദിക്കാനുമുള്ള സാമാന്യബോധം തീരെ ഇല്ലാത്ത ജീവനക്കാരാണ് ഇതിൽ ഉള്ളതെന്നു ബോധ്യമായി. 


ബസ് ചാലക്കുടി സ്റ്റേഷൻ വിട്ടിരിക്കുന്നു, അടുത്തത് തൃശ്ശൂർ സ്റ്റേഷൻ ആയിരിക്കും, 

ഗഡി കളുടെ സ്റ്റേഷൻ, ഗെഡികളുടെ സംസാരശൈലിയും പെരുമാറ്റവുക്കേ ഒത്തിരി ഇഷ്ടമാണ്.  കുറച്ചു മര്യാദയൊക്കെ പ്രതീക്ഷിച്ചുകൊണ്ട് വിളിച്ചു, 


എന്തായാലും ഫോൺ എടുത്തു.

പകുതി ഉറക്കപ്പിച്ചിൽ ഒരു ഹലോ കേട്ടു, കാര്യത്തിന്റെ ആദ്യ ഭാഗം അറിയിച്ചെങ്കിലും ആ തലച്ചോറ് അങ്ങോട്ട്‌ ഗ്രഹണ സ്ഥിതിയിലേക്ക് ഉണർന്നിട്ടില്ല,

വീണ്ടും ആവർത്തിച്ചു.


ഞാൻ തിരുവനന്തപുരം പാലക്കാട് സ്വിഫ്റ്റ് ബസിൽ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു യാത്രക്കാരനാണ്. 


?ഈ സ്വിഫ്റ്റ് ബസുകളിൽ മ്യൂസിക് പ്ലേ ചെയ്യുന്നത് KSRTC യുടെ അനുവാദത്തോട് കൂടിയാണോ?

: അനുവാദമുണ്ട്. എന്തേ?


?ഈ രാത്രി സമയത്ത് 12 മണി കഴിഞ്ഞും അത് പ്ലേ ചെയ്യാൻ KSRTC അനുദിക്കുന്നുണ്ടോ?

:അത്‌ വ്യക്തതയില്ല 



 ഈ  രാത്രികാല ബസ് തിരഞ്ഞെടുക്കുന്ന യാത്രക്കാർ നാളെ അവർക്കു ഓഫീസിൽ പോകേണ്ടവരായിരിക്കും, നാളെ പകൽ ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങളുള്ള സാധാരണക്കാരും ഇതിൽ ഉണ്ടായിരിക്കും, അവനവനു ആവശ്യമുള്ള മ്യൂസിക് പ്ലെ ചെയ്തു മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ കേൾക്കാൻ സൗകര്യങ്ങളുള്ള നൂതന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്.  അതിനാൽ ഈ ബസ് തൃശൂർ എത്തുമ്പോൾ വേണ്ട നിർദേശങ്ങൾ കൊടുക്കണം.


ബസിന്റെ നമ്പർ ഒക്കെ പറഞ്ഞു കൊടുത്തു അപ്പോൾ ഉള്ള ലൊക്കേഷനും പറഞ്ഞു.


:അത്  സാറെ ഞാൻ വേണ്ടത് ചെയ്യാം. അവരോടു വിശദീകരണം ചോദിക്കാം.

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയതിനു ക്ഷമയും ചോദിച്ചു നന്ദിയും പറഞ്ഞു ഫോൺ വച്ചു. 


2-3 മിനുട്ട് കൾക്കുള്ളിൽ മ്യൂസിക് നിന്നു.


ഇതെല്ലാം കണ്ടുകൊണ്ടു കേട്ടുകൊണ്ടും എന്റെ അടുത്തിരുന്ന സഹയാത്രികൻ എന്നെയൊന്നു നോക്കി....പുള്ളിക്കാരനും ഉറങ്ങാൻ കഴിയുന്നില്ല, നാളെ ഡ്യൂട്ടിക്ക് കയറേണ്ടവനാണ്. 

നമ്മുടെ സമൂഹത്തിന്റെ ഒരു നാണക്കേട് എന്നുകൂടി പറയട്ടെ അതൊരു പോലീസ്കാരൻ ആയിരുന്നു.

അതായത് ഒരു പോലീസ്കാരന് പോലും തന്റെ അവകാശങ്ങൾ എന്തെന്ന് അറിഞ്ഞു അനീതിക്കെതിരെ ശബ്ദമുയർത്താൻ കഴിയാത്ത കാലഘട്ടത്തിൽ കൂടിയാണോ നമ്മൾ ഓരോരുത്തരും കടന്നു പോകേണ്ടത് എന്ന് അതിശയിക്കുന്നു.


ഈ ഒരു പ്രശ്നം പരിഹരിക്കാൻ ഞാൻ ഇത്രയും സമയമെടുത്തു


 എനിക്കു എഴുന്നേറ്റു നിന്നു ആദ്യമേതന്നെ ഈ മ്യൂസിക് നിർത്താൻ ആവശ്യപ്പെടമായിരുന്നു, പക്ഷെ അങ്ങിനെ ഞാനൊരാൾ പറയുമ്പോൾ ആരും എന്നെ പിൻതാങ്ങില്ല എന്ന് മാത്രമല്ല ആരോ ഒരാൾക്ക് മ്യൂസിക് വേണം എന്നൊരു ആവശ്യം ഉന്നയിച്ചാൽ

പിന്നെ അതൊരു സംഘർഷത്തിലേക്ക് തന്നെ നയിച്ചേക്കാം.

അതൊഴിവാക്കാനാണ് ഞാൻ ഇത്രയും ക്ഷമിച്ചതും ആരും അറിയാതെ തന്നെ ഈ പ്രശ്നം പരിഹരിച്ചതും.


രാത്രി 10 മണിക്ക് ശേഷം മ്യൂസിക് ടീവീ പ്ലെ ചെയ്യാൻ പാടില്ല എന്ന KSRTC യുടെ നിർദ്ദേശം ഉള്ളപ്പോൾ തന്നെയാണ് ആ ഓർഡർ ലംഘിച്ചു കൊണ്ടുള്ള ജീവനക്കാരുടെ ഈ പോക്ക്.


അങ്ങിനെ വേല കണ്ടു തിരിച്ചു വരുന്ന സ്വിഫ്റ്റ് ബസിലും ഇതേ അനുഭവം, ബുക്കിങ് ഡീറ്റെയിൽസിൽ കണ്ട നമ്പർ ൽ വിളിച്ചു, ഡ്രൈവർ ആണ് ഫോൺ എടുത്തത്. കൂടുതൽ ഒന്നും സംസാരിച്ചില്ല.  " യാത്രക്കാർക്ക് ഉറങ്ങാനുള്ള ഈ സമയത്ത് നിങ്ങൾ ഈ മ്യൂസിക് പ്ലെ ചെയ്യുന്നത് വളരെ മോശമാണ്, അത്‌ നിർത്തിയാൽ നന്നായിരിക്കും " 

: ആ സാറെ അത് ഇവിടെ ഫ്രണ്ട് ൽ മാത്രമല്ലെ കേൾക്കുന്നുള്ളൂ, ആ നിർത്താം... എന്ന് പറഞ്ഞു, ആദ്യം വോളിയം കുറച്ചു, പിന്നെ പതിയെ അതും നിർത്തി....തിരോന്തൊരത്തേക്കുള്ള ഒരു വിളി ഒഴിവായി.. 


പറഞ്ഞു വരുന്നത്,  ഇവിടെ ശബ്ദമുയർത്തുന്നവന് മാത്രം ജീവിക്കാം എന്ന അവസ്ഥയിലേക്ക് നമ്മൾ പോകുന്നു... ചോദ്യം ചെയ്യപ്പെടേണ്ടത് ചോദ്യം ചെയ്യപ്പെടണം...


ഇനി ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തു നിന്നും നോക്കാം... അവർക്കു ഉറങ്ങാതെ രാത്രിയിൽ വണ്ടി ഓടിക്കണം അതിനു അല്പം മ്യൂസിക് ഒക്കെ വച്ചു എൻജോയ് ചെയ്തു അങ്ങിനെ പോകാം, ശരിയാണ്, പക്ഷെ ഇത്‌ പബ്ലിക് ട്രാൻസ്‌പോർട് ആയിപ്പോയി അതുകൊണ്ട് ഇവിടെ പബ്ലിക് നാണ് മുൻഗണന, ദയവായി ക്ഷമിക്കുക.



Sunday, 7 July 2024

ആകാശയാത്രയിലെ കാൽത്തള കിലുക്കം

 ആകാശയാത്രയിലെ കാൽത്തള കിലുക്കം 


മലേഷ്യയിലെ ക്വലലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുന്ന എയർ ഏഷ്യയുടെ വിമാനം രാത്രി പത്ത് മുപ്പത്തിന് തിരിച്ചു കഴിഞ്ഞിരിക്കുന്നു.


എന്റെ അടുത്ത സീറ്റിലെ സഹയാത്രികൻ വല്ലാതെ ആസ്വസ്ഥനാണ്, ആദ്യം മുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഓക്കേയാണോ എന്നൊക്കെ ആളിനോട് ചോദിച്ചു, പക്ഷെ എന്നിട്ടും ആള്  അസ്വസ്ഥനാണ്.


ഓരോ വശങ്ങളിലും 3 പേര് വീതം ഒരു വരിയിൽ 6 സീറ്റ്‌കൾ ഉണ്ട്.

അപ്പോഴാണ് കാര്യം മനസ്സിലായത്,

എതിർ വശത്തെ സീറ്റ്‌ ലെ സ്ത്രീയെ വിളിച്ചിട്ട് അദ്ദേഹം പറയുകയാണ്, "അക്ക കൊഴന്തയെ കൊഞ്ചം അടക്കി വച്ചിടുങ്കെ, തൂങ്കമുടിയാത് "


ഫ്ലൈറ്റിൽ കയറിയത് മുതൽ കുട്ടി വളരെ സന്തോഷത്തിലാണ്. വല്ലാതെ ചിരിക്കുന്നു കൈ കാലുകൾ ഇട്ടടിയ്ക്കുന്നു, ആകെ ബഹളം, പക്ഷെ ഇതെല്ലാം സഹിക്കാം, കുട്ടിയുടെ കാലിൽ ഒരു കാൽത്തളയുണ്ട്, അതിന്റെ കിലുക്കം ആദ്യമൊക്കെ ഒരു രസമായിതോന്നി, പക്ഷെ ഓർക്കണം രാത്രി 10:30 ന് തുടങ്ങിയ യാത്രയാണ്, ഉറക്കത്തിലേക്ക് വഴുതി വീഴാൻ മാത്രം തയ്യാറായിരിക്കുന്ന യാത്രികർ, കൂടാതെ ക്വലലമ്പൂരിലെ ഉറക്കമില്ലാത്ത ഒരാഴചയിലെ നൈറ്റ്‌ ലൈഫ് ആഘോഷങ്ങളും കഴിഞ്ഞു കൊടിയിറങ്ങി നാട്ടിലേക്കുള്ള യാത്രയാണ്.


ആദ്യമൊക്കെ ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും ആരും തന്നെ അവരെ അറിയിക്കാൻ ശ്രമിക്കുന്നില്ല, കൂടാതെ മറ്റുള്ളവർക്ക് തന്റെ കുട്ടിയുടെ കാൽത്തളയുടെ കിലുക്കം ശല്യമാകുന്നുവെന്ന ഒരു ബോധവും അവർക്കുമില്ല.


ഇത്‌ വായിക്കുന്ന പ്രിയ സുഹൃത്തേ താങ്കൾ ചെറിയ കുട്ടിയുമായി ഇത്തരം ഒരു സാഹചര്യത്തിൽ യാത്ര ചെയ്യുന്ന ആള് ആണങ്കിൽ,  പ്രത്യേകിച്ചും രാത്രി സമയയാത്രയാണെങ്കിൽ അത്‌ ബസ് ആയാലും ട്രെയിൻ ആയാലും ഫ്ലൈറ്റ് ആയാലും കാൽത്തളകൾ ഒഴിവാക്കുന്നത് നന്നായിരിക്കും എന്നുള്ള ഒരു തിരിച്ചറിവ് നൽകാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.


അതിനു ശേഷം വലിയ പ്രശ്നങ്ങൾ ഇല്ലാതെ കഴിഞ്ഞു പോയെങ്കിലും ഓരോ നിമിഷവും കുട്ടിയുടെ കാലുകൾ അനങ്ങുന്നത് അറിയാമായിരുന്നു.


അങ്ങിനെ പതിനൊന്ന് അമ്പതോടു കൂടി ഫ്ലൈറ്റ് ലാൻഡ് ചെയ്തു.

ലോകത്തിന്റെ പല ഭാഗങ്ങളിൽ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ തലസ്ഥാനത്തെ ഇമ്മീഗ്രേഷൻ എല്ലാ പ്രാവശ്യവും വളരെയധികം താമസം നേരിടുന്ന ഒരു കടമ്പ തന്നെയാണ്. ഇപ്പോഴും ആ ആചാരത്തിനു യാതൊരു മാറ്റവുമില്ല.


അങ്ങിനെ അതും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഏതാണ്ട് ഒരുമണിയോളമായിരിക്കുന്നു,  ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒരു ഓട്ടോ റിക്ഷ നേരത്തെ തന്നെ തരപ്പെടുത്തിയിട്ടുണ്ട്, അങ്ങിനെ ഓട്ടോ റിക്ഷയിൽ കയറി യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഇരുട്ടിന്റെ മറവിൽ ബാഗും തൂകി ദേ ഒരാൾ പോണൂ, ആദ്യം ഒന്ന് വിളിച്ചു,  "ഏയ് ഞാൻ വരണില്ല, പോയിടുങ്കെ "  മറുപടി വന്നു.  വീണ്ടും വിളിച്ചു അങ്ങിനെ അടുത്തെത്തി, "ഞാൻ താൻഡ്ര തമ്പി, എങ്കെ പോറേൻ...?"

തമ്പാനൂർ പോകണമെ....

എപ്പടി പോകും?

നടന്നിട്ടു പോകുമാ? 

മെയിൻ റോഡിൽ എത്തിപ്പെട്ടാൽ വണ്ടി കിടയ്ക്കുമെ....

ഈ പാതിരാത്രിയിൽ വണ്ടിയൊന്നും കിടയ്ക്കമാട്ടേ, ഏറിട്... തമ്പാനൂർ വിട്ടിടാം...

ഇനി മധുരയിൽ എത്തിയ ശേഷം അടുത്ത ദിവസം യു കെ യിലേക്ക് വീണ്ടും യാത്ര ചെയ്യാനുള്ള പയ്യനാണ്.... ഇതിനിടയിൽ ഇനി ഉറങ്ങാനൊന്നുമുള്ള സമയമില്ല, ഉറക്കമൊഴിഞ്ഞ ക്ഷീണം മാറിയിട്ടുമില്ല, ഇതെല്ലാം ചേർന്നുള്ള അസ്വസ്ഥതകളായിരുന്നു തുടക്കം മുതൽ കണ്ടത്...

അങ്ങിനെ നമ്മ പയ്യനെ തമ്പാനൂർ വിട്ടു നമ്മ പിരിഞ്ഞു....


ഓരോ യാത്രയും എത്രയോ അനുഭവങ്ങളുമായാണ് കാത്തിരിക്കുന്നത്....