ആകാശയാത്രയിലെ കാൽത്തള കിലുക്കം
മലേഷ്യയിലെ ക്വലലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുന്ന എയർ ഏഷ്യയുടെ വിമാനം രാത്രി പത്ത് മുപ്പത്തിന് തിരിച്ചു കഴിഞ്ഞിരിക്കുന്നു.
എന്റെ അടുത്ത സീറ്റിലെ സഹയാത്രികൻ വല്ലാതെ ആസ്വസ്ഥനാണ്, ആദ്യം മുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഓക്കേയാണോ എന്നൊക്കെ ആളിനോട് ചോദിച്ചു, പക്ഷെ എന്നിട്ടും ആള് അസ്വസ്ഥനാണ്.
ഓരോ വശങ്ങളിലും 3 പേര് വീതം ഒരു വരിയിൽ 6 സീറ്റ്‌കൾ ഉണ്ട്.
അപ്പോഴാണ് കാര്യം മനസ്സിലായത്,
എതിർ വശത്തെ സീറ്റ് ലെ സ്ത്രീയെ വിളിച്ചിട്ട് അദ്ദേഹം പറയുകയാണ്, "അക്ക കൊഴന്തയെ കൊഞ്ചം അടക്കി വച്ചിടുങ്കെ, തൂങ്കമുടിയാത് "
ഫ്ലൈറ്റിൽ കയറിയത് മുതൽ കുട്ടി വളരെ സന്തോഷത്തിലാണ്. വല്ലാതെ ചിരിക്കുന്നു കൈ കാലുകൾ ഇട്ടടിയ്ക്കുന്നു, ആകെ ബഹളം, പക്ഷെ ഇതെല്ലാം സഹിക്കാം, കുട്ടിയുടെ കാലിൽ ഒരു കാൽത്തളയുണ്ട്, അതിന്റെ കിലുക്കം ആദ്യമൊക്കെ ഒരു രസമായിതോന്നി, പക്ഷെ ഓർക്കണം രാത്രി 10:30 ന് തുടങ്ങിയ യാത്രയാണ്, ഉറക്കത്തിലേക്ക് വഴുതി വീഴാൻ മാത്രം തയ്യാറായിരിക്കുന്ന യാത്രികർ, കൂടാതെ ക്വലലമ്പൂരിലെ ഉറക്കമില്ലാത്ത ഒരാഴചയിലെ നൈറ്റ് ലൈഫ് ആഘോഷങ്ങളും കഴിഞ്ഞു കൊടിയിറങ്ങി നാട്ടിലേക്കുള്ള യാത്രയാണ്.
ആദ്യമൊക്കെ ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും ആരും തന്നെ അവരെ അറിയിക്കാൻ ശ്രമിക്കുന്നില്ല, കൂടാതെ മറ്റുള്ളവർക്ക് തന്റെ കുട്ടിയുടെ കാൽത്തളയുടെ കിലുക്കം ശല്യമാകുന്നുവെന്ന ഒരു ബോധവും അവർക്കുമില്ല.
ഇത് വായിക്കുന്ന പ്രിയ സുഹൃത്തേ താങ്കൾ ചെറിയ കുട്ടിയുമായി ഇത്തരം ഒരു സാഹചര്യത്തിൽ യാത്ര ചെയ്യുന്ന ആള് ആണങ്കിൽ, പ്രത്യേകിച്ചും രാത്രി സമയയാത്രയാണെങ്കിൽ അത് ബസ് ആയാലും ട്രെയിൻ ആയാലും ഫ്ലൈറ്റ് ആയാലും കാൽത്തളകൾ ഒഴിവാക്കുന്നത് നന്നായിരിക്കും എന്നുള്ള ഒരു തിരിച്ചറിവ് നൽകാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.
അതിനു ശേഷം വലിയ പ്രശ്നങ്ങൾ ഇല്ലാതെ കഴിഞ്ഞു പോയെങ്കിലും ഓരോ നിമിഷവും കുട്ടിയുടെ കാലുകൾ അനങ്ങുന്നത് അറിയാമായിരുന്നു.
അങ്ങിനെ പതിനൊന്ന് അമ്പതോടു കൂടി ഫ്ലൈറ്റ് ലാൻഡ് ചെയ്തു.
ലോകത്തിന്റെ പല ഭാഗങ്ങളിൽ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ തലസ്ഥാനത്തെ ഇമ്മീഗ്രേഷൻ എല്ലാ പ്രാവശ്യവും വളരെയധികം താമസം നേരിടുന്ന ഒരു കടമ്പ തന്നെയാണ്. ഇപ്പോഴും ആ ആചാരത്തിനു യാതൊരു മാറ്റവുമില്ല.
അങ്ങിനെ അതും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഏതാണ്ട് ഒരുമണിയോളമായിരിക്കുന്നു, ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒരു ഓട്ടോ റിക്ഷ നേരത്തെ തന്നെ തരപ്പെടുത്തിയിട്ടുണ്ട്, അങ്ങിനെ ഓട്ടോ റിക്ഷയിൽ കയറി യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഇരുട്ടിന്റെ മറവിൽ ബാഗും തൂകി ദേ ഒരാൾ പോണൂ, ആദ്യം ഒന്ന് വിളിച്ചു, "ഏയ് ഞാൻ വരണില്ല, പോയിടുങ്കെ " മറുപടി വന്നു. വീണ്ടും വിളിച്ചു അങ്ങിനെ അടുത്തെത്തി, "ഞാൻ താൻഡ്ര തമ്പി, എങ്കെ പോറേൻ...?"
തമ്പാനൂർ പോകണമെ....
എപ്പടി പോകും?
നടന്നിട്ടു പോകുമാ?
മെയിൻ റോഡിൽ എത്തിപ്പെട്ടാൽ വണ്ടി കിടയ്ക്കുമെ....
ഈ പാതിരാത്രിയിൽ വണ്ടിയൊന്നും കിടയ്ക്കമാട്ടേ, ഏറിട്... തമ്പാനൂർ വിട്ടിടാം...
ഇനി മധുരയിൽ എത്തിയ ശേഷം അടുത്ത ദിവസം യു കെ യിലേക്ക് വീണ്ടും യാത്ര ചെയ്യാനുള്ള പയ്യനാണ്.... ഇതിനിടയിൽ ഇനി ഉറങ്ങാനൊന്നുമുള്ള സമയമില്ല, ഉറക്കമൊഴിഞ്ഞ ക്ഷീണം മാറിയിട്ടുമില്ല, ഇതെല്ലാം ചേർന്നുള്ള അസ്വസ്ഥതകളായിരുന്നു തുടക്കം മുതൽ കണ്ടത്...
അങ്ങിനെ നമ്മ പയ്യനെ തമ്പാനൂർ വിട്ടു നമ്മ പിരിഞ്ഞു....
ഓരോ യാത്രയും എത്രയോ അനുഭവങ്ങളുമായാണ് കാത്തിരിക്കുന്നത്....